ഹാര്‍ലിയില്‍നിന്ന് വീണ്ടും ഇലക്ട്രിക് ബൈക്ക്

ഹാര്‍ലിയില്‍നിന്ന് വീണ്ടും ഇലക്ട്രിക് ബൈക്ക്

രണ്ടാമത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് മിഡ്-പവര്‍ എന്നാണ് നല്‍കിയിരിക്കുന്ന പേര്

മില്‍വൗക്കീ: ലൈവ്‌വയര്‍ മോഡലിനുപിറകേ ഹാര്‍ലി ഡേവിഡ്‌സന്റെ രണ്ടാമത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വരുന്നു. മിഡ്-പവര്‍ എന്നാണ് നല്‍കിയിരിക്കുന്ന പേര്. ഈ പേര് കോഡ് നാമമാണോ എന്ന് വ്യക്തമല്ല. മിഡ്-പവര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ രേഖാചിത്രം യുഎസ് കമ്പനി പുറത്തുവിട്ടു.

ലക്ഷണമൊത്ത, പൂര്‍ണ വളര്‍ച്ചയുള്ള, അതിവേഗ റോഡ്‌സ്റ്ററാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വയര്‍. സ്‌പെസിഫിക്കേഷനുകള്‍ ആ വിധമാണ്. എന്നാല്‍ ലൈവ്‌വയര്‍ മോട്ടോര്‍സൈക്കിളിനേക്കാള്‍ ചെറുതായിരിക്കും പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനമെന്ന് രേഖാചിത്രത്തില്‍നിന്ന് മനസിലാക്കാം. ഫഌറ്റ് ട്രാക്ക് റേസിംഗ് ട്രാക്കുകളിലെ ഹാര്‍ലിയുടെ അനുഭവങ്ങളില്‍നിന്നാണ് പുതിയ മോഡലിന് ഡിസൈന്‍ സൂചകങ്ങള്‍ നല്‍കിയിരിക്കുന്നത്.

രൂപകല്‍പ്പന ലളിതമാണ്. പവര്‍ട്രെയ്ന്‍, ബാറ്ററി എന്നിവ പൂര്‍ണമായും പുറത്തുകാണാം. ചക്രങ്ങളും ഫോര്‍ക്കുകളും കറുപ്പില്‍ തീര്‍ത്തിരിക്കുന്നു. ലൈവ്‌വയര്‍ മോട്ടോര്‍സൈക്കിളില്‍ കണ്ട അതേ ഓറഞ്ച് നിറം ബോഡിയില്‍ നല്‍കി. വിപണിയിലെത്തുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഈ രേഖാചിത്രവുമായി വളരെ സാമ്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലൈവ്‌വയര്‍ മോഡലിന്റെ അത്രയും വേഗത ഉണ്ടായിരിക്കില്ലെന്ന് മിഡ്-പവര്‍ എന്ന കോഡ് നാമം സൂചിപ്പിക്കുന്നു. എന്നാല്‍ ലോ-സ്പീഡ് ഇലക്ട്രിക് ഇരുചക്ര വാഹനമായിരിക്കുമെന്നും കരുതേണ്ട. ചെറിയ പവര്‍ട്രെയ്ന്‍, ചെറിയ ബാറ്ററി പാക്ക് എന്നിവ ഉപയോഗിക്കുമെന്നതിനാല്‍ ഭാരം കുറവായിരിക്കും. 78 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോര്‍, 15.5 കിലോവാട്ട് അവര്‍ ലിഥിയം അയണ്‍ ബാറ്ററി പാക്ക്, 110 മൈല്‍ റേഞ്ച് എന്നിവയാണ് ഹാര്‍ലിയുടെ ആദ്യ പ്ലഗ്-ഇന്‍ മോഡലായ ലൈവ്‌വയര്‍ സംബന്ധിച്ച വിശേഷങ്ങള്‍.

2022 നുമുമ്പ് ഹാര്‍ലി ഡേവിഡ്‌സണ്‍ മിഡ്-പവര്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കേണ്ട. 30,000 യുഎസ് ഡോളറാണ് (21.31 ലക്ഷം ഇന്ത്യന്‍ രൂപ) ലൈവ്‌വയര്‍ മോട്ടോര്‍സൈക്കിളിന് വില. പുതിയ ഇലക്ട്രിക് ബൈക്കിന് ഇത്രയും വരില്ല. താങ്ങാവുന്ന വില നിശ്ചയിക്കും. 2021 അവസാനത്തോടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തിക്കുന്നതും ഹാര്‍ലി ഡേവിഡ്‌സണ്‍ പരിഗണിക്കുന്നു.

Comments

comments

Categories: Auto