ബിഎസ് 6 ഈക്കോ പുറത്തിറക്കി

ബിഎസ് 6 ഈക്കോ പുറത്തിറക്കി

വിവിധ പെട്രോള്‍ വേരിയന്റുകളുടെ വില 20,000 മുതല്‍ 30,000 രൂപ വരെ വര്‍ധിച്ചു. 3.81 ലക്ഷം രൂപ മുതലാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന മാരുതി സുസുകി ഈക്കോ വിപണിയില്‍ അവതരിപ്പിച്ചു. മാരുതി സുസുകി വിപണിയിലെത്തിക്കുന്ന ഒമ്പതാമത്തെ ബിഎസ് 6 മോഡലാണ് ഈക്കോ. പുതിയ ബഹിര്‍ഗമന നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ ഉല്‍പ്പാദനം അവസാനിപ്പിക്കുമെന്ന ആശങ്ക ഇതോടെ ഇല്ലാതായി. ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിച്ചതോടെ വിവിധ പെട്രോള്‍ വേരിയന്റുകളുടെ വില 20,000 മുതല്‍ 30,000 രൂപ വരെ വര്‍ധിച്ചു. 3.81 ലക്ഷം രൂപ മുതലാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില. 5 സീറ്റര്‍ എസി മോഡലിന് 4.21 ലക്ഷം രൂപ വില വരും. സിഎന്‍ജി വകഭേദത്തിന്റെ വില പ്രഖ്യാപിച്ചിട്ടില്ല.

1.2 ലിറ്റര്‍, 4 സിലിണ്ടര്‍ ജി-സീരീസ് എന്‍ജിനാണ് മാരുതി സുസുകി ഈക്കോയുടെ ഹൃദയം. ഈ മോട്ടോര്‍ ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിച്ചതോടെ ഉല്‍പ്പാദിപ്പിക്കുന്ന കരുത്തില്‍ മാറ്റമില്ല. 73 ബിഎച്ച്പി തന്നെ. എന്നാല്‍ പരമാവധി ടോര്‍ക്ക് 3 എന്‍എം കുറഞ്ഞ് 98 ന്യൂട്ടണ്‍ മീറ്ററായി. ബിഎസ് 4 ഈക്കോയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ധനക്ഷമത വര്‍ധിച്ചു. 16.11 കിലോമീറ്ററാണ് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത. ബിഎസ് 4 എന്‍ജിന്‍ നല്‍കിയിരുന്നത് 15.37 കിലോമീറ്ററായിരുന്നു. സിഎന്‍ജി വകഭേദത്തിലും മാരുതി സുസുകി ഈക്കോ ലഭിക്കും. 21.8 കിലോമീറ്ററാണ് ഇന്ധനക്ഷമത. ആകെ ഈക്കോ വില്‍പ്പനയുടെ 17 ശതമാനം സിഎന്‍ജി വേരിയന്റാണ്.

2010 ലാണ് മാരുതി സുസുകി ഈക്കോ വിപണിയില്‍ അവതരിപ്പിച്ചത്. 2015 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഗോ വേരിയന്റ് പുറത്തിറക്കിയിരുന്നു. ഇതുവരെയായി ആറര ലക്ഷത്തിലധികം യൂണിറ്റ് ഈക്കോ വിറ്റതായി മാരുതി സുസുകി അറിയിച്ചു. മധ്യവര്‍ഗ ഇന്ത്യന്‍ കുടുംബങ്ങളെ മനസ്സില്‍ക്കണ്ടാണ് മാരുതി സുസുകി ഈക്കോ രൂപകല്‍പ്പന ചെയ്തത്. ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്കിടയിലും ധാരാളം ഈക്കോ വിറ്റുപോകുന്നു.

Comments

comments

Categories: Auto
Tags: BS 6 EECO, Eeco