ജെ പി നദ്ദ ബിജെപി ദേശീയ അധ്യക്ഷന്‍

ജെ പി നദ്ദ ബിജെപി ദേശീയ അധ്യക്ഷന്‍

നരേന്ദ്ര മോദി പാര്‍ട്ടി ഓഫീസില്‍ എത്തി നദ്ദയെ അനുമോദിച്ചു

ന്യൂഡെല്‍ഹി: ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) ദേശീയ അധ്യക്ഷനായി നേതാവ് ജഗത് പ്രകാശ് നദ്ദയെ എതിരില്ലാതെ തെരഞ്ഞെടുത്തു. അദ്ദേഹം ഇനി 2022 വരെ, മൂന്നുവര്‍ഷം ബിജെപിയുടെ പ്രസിഡന്റായിരിക്കും. നദ്ദയ്ക്കുവേണ്ടി കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ ഷാ, രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവരുള്‍പ്പെടെ നിരവധി ഉന്നത നേതാക്കള്‍ നദ്ദയുടെ പേര് നിര്‍ദ്ദേശിച്ചു.

ഉന്നതപദവിയിലേക്ക് ഉള്ള ഏക സ്ഥാനാര്‍ത്ഥി ജെ പി നദ്ദയായിരുന്നു. രണ്ടുമണിക്ക് സൂക്ഷ്മ പരിശോധന നടന്നു. വേറെ ആര്‍ക്കുവേണ്ടിയും പത്രിക സമര്‍പ്പിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നു. തുടര്‍ന്നായിരുന്നു പ്രഖ്യാപനം. മുതിര്‍ന്ന ബിജെപി നേതാവ് രാധ മോഹന്‍ സിംഗിനായിരുന്നു സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ചുമതല. കഴിഞ്ഞ ജൂണില്‍ ബിജെപിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിതനായ നദ്ദ കേന്ദ്ര ആഭ്യന്തരമന്ത്രിയും പാര്‍ട്ടിയ അധ്യക്ഷനുമായിരുന്ന അമിത് ഷായില്‍നിന്നാണ് പാര്‍ട്ടിയുടെ ചുതല ഏറ്റെടുക്കുന്നത്. അതിനാല്‍ പ്രതീക്ഷകളുടെ വലിയൊരു ഭാരം അദ്ദേഹത്തിനൊപ്പമുണ്ടാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ട്ടി ഓഫീസില്‍ എത്തി നദ്ദയെ അനുമോദിച്ചു. ഇരു നേതാക്കളും പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. മാന്യനും ആര്‍ക്കും പ്രാപ്യനായ ഒരു രാഷ്ട്രീയക്കാരനായി കണക്കാക്കപ്പെടുന്ന നദ്ദ, പാര്‍ട്ടിയിലെ എല്ലാ മുന്‍നിര നേതാക്കളുമായും നല്ല ബന്ധം പുലര്‍ത്തുന്നു. ബിജെപിയുടെ യുവജന വിഭാഗത്തിലൂടെ ഉയര്‍ന്നുവന്ന നേതാവാണ് അദ്ദേഹം. പരിചയസമ്പന്നനായ സംഘടനാ നേതാവായാണ് ഇന്ന് അദ്ദേഹത്തെ വിലയിരുത്തുന്നത്. മുമ്പ് ഹിമാചല്‍ പ്രദേശിലെ ബിജെപി സര്‍ക്കാരുകളിലും കേന്ദ്രത്തിലും മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സ്ഥാനമൊഴിഞ്ഞെങ്കിലും പാര്‍ട്ടിയുടെ നിയന്ത്രണം അമിത് ഷായുടെ പക്കല്‍ തന്നെയായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍ നദ്ദ മികച്ച സംഘാടകനാണെന്ന വസ്തുതയില്‍ അവര്‍ക്ക് തര്‍ക്കമില്ല. പുതിയ അധ്യക്ഷനുകീഴില്‍ പാര്‍ട്ടിക്ക് ഏതെങ്കിലും രീതിയിലുള്ള നയവ്യത്യാസങ്ങള്‍ ാരും പ്രതീക്ഷിക്കുന്നുമില്ല.

Comments

comments

Categories: Politics
Tags: BJP, JP Nadda