ഓട്ടോ എക്‌സ്‌പോ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്

ഓട്ടോ എക്‌സ്‌പോ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്

ഗ്രേറ്റര്‍ നോയ്ഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടില്‍ ഫെബ്രുവരി 7 ന് ആരംഭിക്കും. 12 വരെ നീണ്ടുനില്‍ക്കും

ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോ ആരംഭിക്കുന്നതിന് ഇനി മൂന്നാഴ്ച്ച പോലുമില്ല. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വാഹന പ്രദര്‍ശന മേളയുടെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോമിക്കുകയാണ്. ഗ്രേറ്റര്‍ നോയ്ഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടില്‍ ഫെബ്രുവരി 7 ന് മേള ആരംഭിക്കും. 12 വരെ നീണ്ടുനില്‍ക്കും. എന്നാല്‍ ഫെബ്രുവരി 5, 6 തീയതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഓട്ടോ എക്‌സ്‌പോയുടെ വാതിലുകള്‍ തുറക്കും.

നൂറോളം വാഹനങ്ങള്‍ ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂര്‍ണമായും പുതിയ മോഡലുകളും കണ്‍സെപ്റ്റുകളും ഇവയില്‍ ഉണ്ടായിരിക്കും. നിലവിലെ മോഡലുകളുടെ ബിഎസ് 6 പതിപ്പുകളും അണിനിരത്തും. പുതിയ ചില വാഹന ബ്രാന്‍ഡുകളുടെ ഇന്ത്യന്‍ പ്രവേശനം ഓട്ടോ എക്‌സ്‌പോയിലൂടെ ആയിരിക്കും.

സംരംഭ ദിനം, ഗുഡ്‌വില്‍ ദിനം, കുടുംബ ദിനം, സ്ത്രീശക്തി ദിനം, ഹരിത ദിനം, ഡ്രൈവിംഗ് അനുഭവ ദിനം എന്നിങ്ങനെ ആറ് ദിവസങ്ങള്‍ക്കും ഓരോ പ്രമേയം ഉണ്ടായിരിക്കും. രാവിലെ 11 മുതല്‍ വൈകീട്ട് 7 മണി വരെ ആയിരിക്കും പ്രദര്‍ശനം. എന്നാല്‍ 8, 9 തീയതികളില്‍ രാത്രി 8 മണി വരെ സന്ദര്‍ശകരെ അനുവദിക്കും. അവസാന ദിവസമായ ഫെബ്രുവരി 12 ന് വൈകീട്ട് 6 മണി വരെ മാത്രമാണ് പ്രവേശനം.

ബുക്ക്‌മൈഷോയിലാണ് ഓട്ടോ ഷോ കാണുന്നതിനുള്ള ടിക്കറ്റുകള്‍ ലഭിക്കുന്നത്. ഇന്ത്യാ എക്‌സ്‌പോ മാര്‍ട്ടിലെ ബോക്‌സ് ഓഫീസില്‍നിന്നും ടിക്കറ്റ് വാങ്ങാം. ഡെല്‍ഹി-എന്‍സിആര്‍ മേഖലയില്‍ തെരഞ്ഞെടുത്ത മെട്രോ സ്‌റ്റേഷനുകളിലും ടിക്കറ്റ് ലഭിക്കും.

ഇന്ത്യയിലെ വാഹന നിര്‍മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് ആണ് ഓട്ടോ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവ പിന്തുണയ്ക്കുന്നു. ഇത്തവണ ധാരാളം സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2018 ലാണ് ഏറ്റവുമൊടുവില്‍ ഓട്ടോ എക്‌സ്‌പോ അരങ്ങേറിയത്.-

Comments

comments

Categories: Auto
Tags: Auto expo