മേഘങ്ങളെ കൃത്രിമമായി സൃഷ്ടിച്ച് മഴ പെയ്യിക്കാനൊരുങ്ങി യുഎഇ

മേഘങ്ങളെ കൃത്രിമമായി സൃഷ്ടിച്ച് മഴ പെയ്യിക്കാനൊരുങ്ങി യുഎഇ

ഇതിനായുള്ള ഗവേഷണം പുരോഗമിക്കുന്നതായി കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍

അബുദാബി: കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍ക്ക് ലോകം നേര്‍സാക്ഷിയാകവേ അത്തരം പ്രത്യാഘാതങ്ങളെ മറികടക്കുന്നതിനുള്ള വഴികള്‍ തിരയുകയാണ് യുഎഇ. കൃതിമമഴ പെയ്യിക്കുന്നതിനുള്ള പുതിയ മാര്‍ഗങ്ങളെ കുറിച്ചുള്ള ഗവേഷണവും അത്തരത്തിലൊന്നാണ്. കൃത്രിമമായി മേഘങ്ങള്‍ സൃഷ്ടിച്ച് അവയിലൂടെ മഴ പെയ്യിക്കുന്നതിനുള്ള സാധ്യതയാണ് യുഎഇയിലെ ഗവേഷകര്‍ ആരായുന്നത്. ഇതിനായുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് യുഎഇയിലെ ദേശീയ കാലാവസ്ഥാപഠന കേന്ദ്രത്തിലെ (എന്‍എംസി) ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ.ഒമര്‍ അല്‍ യസീദി അറിയിച്ചു. അബുദാബിയില്‍ വച്ച് നടക്കുന്ന ഇന്റെര്‍നാഷണല്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗരോര്‍ജം വിനിയോഗിച്ചുകൊണ്ട് പുതിയ മേഘങ്ങളെ രൂപപ്പെടുത്തുന്നതിനുള്ള സാധ്യതയാണ് ഗവേഷകര്‍ പരിശോധിക്കുന്നതെന്ന് യസീദി പറഞ്ഞു. അന്തരീക്ഷത്തില്‍ നിലവിലുള്ള മേഘങ്ങളില്‍ നിന്നും മഴ പെയ്യിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴത്തെ ക്ലൗഡ് സീഡിംഗ് (രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് മേഘഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമ മഴ പെയ്യിക്കുക) പദ്ധതികളില്‍ നടപ്പിലാക്കുന്നത്. 1990കളില്‍ യുഎഇയില്‍ ക്ലൗഡ് സീഡിംഗ് ആരംഭിച്ചുവെങ്കിലും കാലമിത്രയായിട്ടും അതിനായി ഉപയോഗിക്കപ്പെടുന്ന രീതികളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സ്വന്തമായി മേഘങ്ങളുണ്ടാക്കുന്നതിനാണ് ഭാവിയില്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് യസീദി പറഞ്ഞു. ക്രമേണ കൂടുതല്‍ മേഘങ്ങളും മഴയും കൃത്രിമമായി സൃഷ്ടിക്കാന്‍ അതിലൂടെ സാധിക്കും. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വരള്‍ച്ച വ്യാപകമാകുന്ന ഇന്നത്തെ അവസ്ഥയില്‍ മഴ വര്‍ധിപ്പിക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടത്തേണ്ടത് അനിവാര്യമാണെന്ന് യസീദി പറഞ്ഞു.

ക്ലൗഡ് സിഡീംഗിനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും കൃത്രിമമായി മേഘങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിനും യുഎഇയിലെ ശാസ്ത്രജ്ഞര്‍ ലോകമെമ്പാടുമുള്ള വിദഗ്ധരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് യസീദി അറിയിച്ചു. കൃത്രിമമേഘങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മഴ പെയ്യിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് പഠനം നടത്തുന്ന റഷ്യയിലെ റെയിന്‍ സപ്രഷന്‍ ഗവേഷണ കേന്ദ്രത്തിലെ ഡോ.അലി അഭ്‌ഷേവിന് യുഎഇയിലെ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം 5 മില്യണ്‍ ഡോളറിന്റെ ഗ്രാന്റ് നല്‍കിയിരുന്നു. അന്തരീക്ഷ പാളികള്‍ ചൂടാക്കിക്കൊണ്ട് കൃത്രിമമായി മേഘങ്ങളെ സൃഷ്ടിക്കാമെന്ന് അബ്‌ഷേവിന്റെ ത്രിമാന മാതൃകകള്‍ ഉപയോഗിച്ചുള്ള പ്രാരംഭ പഠനത്തില്‍ തെളിയിച്ചിരുന്നു.

യുഎഇയെ ദുരിതത്തിലാക്കിക്കൊണ്ട് കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത മഴ ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് യസീദി വ്യക്തമാക്കി. മൂന്ന് ദിവസത്തോളം തുടര്‍ച്ചയായി പെയ്ത മഴയില്‍ യുഎഇയിലെ നിരത്തുകളും പാര്‍പ്പിട,വാണിജ്യ സമുച്ചയങ്ങളുടെ താഴത്തെ നിലകളും വെള്ളക്കെട്ടിനടിയിലായിരുന്നു. ക്ലൗഡ് സീഡിംഗിലൂടെ രാജ്യത്തെ മഴലഭ്യതയില്‍ 30-35 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായിട്ടുണ്ടെങ്കിലും എല്ലാ മഴയുടെയും ഉറവിടം ക്ലൗഡ് സീഡിംഗ് അല്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം എന്‍സിഎമ്മിന്റെ ക്ലൗഡ് സീഡിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായുള്ള നാല് വിമാനങ്ങള്‍ ഉപയോഗിച്ച് 247 ക്ലൗഡ് സീഡിംഗ് ഓപ്പറേഷനുകളാണ് യുഎഇയില്‍ നടത്തിയത്. ഈ വര്‍ഷം ഇതുവരെ കൃത്രിമമഴ പെയ്യിക്കുന്നതിനുള്ള 17 ഓപ്പറേഷനുകള്‍ നടത്തി.

എന്താണ് ക്ലൗഡ് സീഡിംഗ്?

മഴ സൃഷ്ടിക്കാന്‍ കൃത്രിമമായി മേഘങ്ങളെ പ്രചോദിപ്പിക്കുകയാണ് ക്ലൗഡ് സീഡിംഗില്‍ ചെയ്യുന്നത്. ഉപ്പ് പരലുകള്‍ നിറച്ച തീജ്വാലകള്‍ ഘടിപ്പിച്ച വിമാനങ്ങള്‍ ഉപയോഗിച്ച് മേഘങ്ങളെ കൊണ്ട് മഴ പെയ്യിപ്പിക്കുന്നതാണ് ഒരു രീതി. തീജ്വാലകളിലെ ഉപ്പ് പരലുകള്‍ മേഘങ്ങളില്‍ വീഴുന്നതോടെ അവ ജലകണികകളെ ആകര്‍ഷിക്കുകയും ജലകണികള്‍ കൂടിച്ചേര്‍ന്ന് വലുതാകുകയും ചെയ്യും. ഇത് പിന്നീട് മഴയായി ഭൂമിയിലേക്ക് പതിക്കും. മേഘം രൂപപ്പെട്ട് 20-30 മിനിട്ടിനുള്ളില്‍ മഴയ്ക്ക് കാരണമാകുന്ന രാസവസ്തുക്കള്‍ നിക്ഷേപിച്ചെങ്കിലേ ക്ലൗഡ് സീഡിംഗ് വിജയിക്കുകയുള്ളു.

Comments

comments

Categories: Arabia

Related Articles