‘തല’സ്ഥാനം മാറുമ്പോള്‍ ആന്ധ്രയിലെ യാഥാര്‍ത്ഥ്യം

‘തല’സ്ഥാനം മാറുമ്പോള്‍ ആന്ധ്രയിലെ യാഥാര്‍ത്ഥ്യം

നടപടി സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി വഷളാക്കും

ആന്ധ്രാപ്രദേശ്: സംസ്ഥാനത്തിന്റെ ‘തല’സ്ഥാനം മാറ്റാന്‍ ജഗനൊരുങ്ങുമ്പോള്‍ പണ്ട് ദാമു എന്നൊരു കുസൃതിക്കുട്ടിക്ക് തല പരസ്പരം മാറ്റാനുള്ള വരം ലഭിച്ച ചിത്രകഥയാണ് ഓര്‍മ്മവന്നത്. ഇപ്പോള്‍ ആന്ധ്രയില്‍ തലസ്ഥാനം ഒന്നിനുപകരം മൂന്നാകുകയാണ്. എന്നാല്‍ അതിനെ നീതീകരിക്കാവുന്ന വിശദീകരണങ്ങളൊന്നും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. എങ്കിലും ഒന്നുറപ്പാണ്. ഈ നടപടി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ നട്ടെല്ലൊടിക്കും. ഭൂമി നല്‍കിയ കര്‍ഷകര്‍ പെരുവഴിയിലാകും. പിന്നെന്തിന് ഈ ട്രയാംഗിള്‍ ഭരണപരിഷ്‌കാരം… അതിനും വ്യക്തതയില്ല. ആധുനീക ലോകത്ത് നിക്ഷേപാവസരങ്ങളും ഇനി ആന്ധ്രയെ തുറിച്ചു നോക്കിയേക്കാം. കാരണം വാഗ്ദാനം ചെയ്യപ്പെട്ട പ്രോജക്റ്റ് സര്‍ക്കാര്‍ മാറിയപ്പോള്‍ തട്ടിത്തെറിക്കുന്നതിലൂടെ വിശ്വാസ്യതയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. വന്‍കിട കമ്പനികളും നിക്ഷേപകരും ആന്ധ്രയില്‍ മുതല്‍ മുടക്കുന്നതിന് ഇനി ഒന്നൂകൂടി ആലോചിക്കും. കാരണം അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ ഇവ വീണ്ടും റദ്ദാക്കില്ലെന്ന് ഉറപ്പില്ല. വ്യക്തിപരമോ , പാര്‍ട്ടിപരമോ ആയ പ്രശ്‌നങ്ങള്‍ക്ക് പക വീട്ടുമ്പോള്‍ ഇവിടെ ബലിയാടാകുന്നത് ഒരു സംസ്ഥാന ജനത കൂടിയാണ് എന്ന് ആന്ധ്രയിലെ അധികാരി വര്‍ഗം മറക്കുന്നു.

മൂന്ന് തലസ്ഥാനങ്ങള്‍ എന്ന കാഴ്ചപ്പാടില്‍ നിന്ന് ആന്ധ്രാമുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പിന്‍മാറണമെന്ന് വീണ്ടും തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു ആവശ്യപ്പട്ടതോടെ പ്രശ്‌നത്തിന് തീവ്രത വര്‍ധിച്ചിട്ടുണ്ട്. അമരാവതി തലസ്ഥാനമാക്കുക എന്ന പ്രോജക്റ്റ് കൊണ്ടുവന്നത് നായിഡുവാണ്. ഇത് ഇല്ലാതാകുന്നതോടെ ആയിരക്കണക്കിന് കോടിയുടെ ഉറപ്പുള്ള നിക്ഷേപം പിന്‍വലിക്കപ്പെടാമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കുന്നു. മൂന്ന് തലസ്ഥാനങ്ങള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം തീരുമാനിക്കാന്‍ ആന്ധ്രപ്രദേശ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. തനിക്ക് ഈ കാര്യത്തില്‍ ഒരു നിക്ഷിപ്ത താല്‍പ്പര്യവുമില്ലെന്നും ചന്ദ്രബാബു നായിഡു പറയുന്നു. സംസ്ഥാനത്തിന്റെ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനാണ് തന്റെ പാര്‍ട്ടി പോരാടുന്നത്. യാഥാര്‍ത്ഥ്യം അംഗീകരിച്ച് അതിനനുസരിച്ചുള്ള തീരുമാനം കൈക്കൊള്ളുകയാണ് ഇപ്പോള്‍ മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ആന്ധ്രാപ്രദേശ് ഇന്ന് നാശത്തിന്റെ പാതയിലാണെന്നാണ് തെലുങ്കുദേശം നേതാവിന്റെ വിലയിരുത്തല്‍. ഇപ്പോഴുള്ള സര്‍ക്കാര്‍ കരാറുകളെ മാനിക്കുന്നില്ലെങ്കില്‍ അത് സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ തകര്‍ക്കും. ഇത് ആന്ധ്രയെ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുമെന്നും നായിഡു പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി അടുപ്പമുള്ളവര്‍ക്ക് ഭൂമി അനുവദിക്കുന്നതിലും മറ്റും മുന്‍സര്‍ക്കാര്‍ ക്രമക്കേട് നടത്തിയെന്ന് ജഗന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് നായിഡു അധികാരത്തിലിരുന്ന കാലത്ത് ഒപ്പിട്ട കരാറുകള്‍ റദ്ദാക്കപ്പെടുകയോ പുനരവലോകനം നടത്തുകയോ ചെയ്തു. ഈ നടപടി സംസ്ഥാനത്തെ കരാറുകാരുടെയടക്കം നട്ടെല്ലൊടിച്ചു. കൂടാതെ വന്‍കിട കമ്പനികളുമായുള്ള കരാര്‍ റദ്ദാക്കപ്പെടുമ്പോള്‍ അവര്‍ സ്വാഭാവികമായും ആന്ധ്രയെ ഭാവിയില്‍ എല്ലാ പ്രോജക്റ്റുകളില്‍ നിന്നും ഒഴിവാക്കുകയും ചെയ്യും. പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിന് ജഗന്‍ സര്‍ക്കാര്‍ നെട്ടോട്ടമോടേണ്ടിവരും എന്നാണ് വിമര്‍ശകരും പ്രതിപക്ഷവും പറയുന്നത്. എന്നാല്‍ ഈ ആരോപണമോ നിര്‍ദ്ദേശങ്ങളോ ജഗനെ സ്പര്‍ശിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ നിന്നും മനസിലാകുന്നത്. മുന്‍ മുഖ്യമന്ത്രിയുമായി അടുത്തവര്‍ക്ക് പ്രധാന ഭൂമി അനുവദിക്കുന്നതിലും മുന്‍ നായിഡു സര്‍ക്കാര്‍ ക്രമക്കേട് നടത്തിയെന്ന് ജഗന്‍ അധികാരമേറ്റയുടനെ ആരോപിച്ചിരുന്നു.

ഇപ്പോള്‍ ആന്ധ്രനിയമസഭയുടെ മൂന്നുദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇത് ഇന്നലെ ആരംഭിച്ചു. ഇതില്‍ മൂന്നു തലസ്ഥാനങ്ങള്‍ സംബന്ധിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കപ്പെടും. സഭയില്‍ മൃഗീയ ഭൂരിപക്ഷം ഉള്ളതിനാല്‍ എന്തു തീരുമാനവും ജഗന് അനായാസമായി പാസാക്കാനാകും. എന്നാല്‍ ഇപ്പോള്‍തന്നെ അമരാവതി മേഖലയില്‍ ജഗന്റെ തീരുമാനങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭം ഉയരുന്നുണ്ട്. ഇതിന് ടിഡിപിയും പിന്തുണ നല്‍കുന്നു. അമരാവതി വിഷയം സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറാനുള്ള സാധ്യതയും ഇവിടെ രൂപപ്പെടുകയാണ്. വിശാഖപട്ടണത്ത് ഭരണനിര്‍വഹണത്തിന്റെ ആസ്ഥാനവും നിയമനിര്‍മാണ സഭയുടെ ആസ്ഥാനമായി അമരാവതിയും ജുഡീഷ്യല്‍ തലസ്ഥാനമായി കുര്‍ണൂലും വേണമെന്നാണ് ജഗന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

മൂന്ന് തലസ്ഥാനങ്ങളുണ്ടാക്കുന്നതില്‍ യാതൊരു യുക്തിയും ഇല്ലെന്നന്ന് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നിര്‍മാണം ഏതാണ്ട് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ പദ്ധതി മാറ്റുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. സംസ്ഥാനത്ത് 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള 50,000 കോടി രൂപയുടെ നിക്ഷേപം അവിടെ നടന്നിട്ടുണ്ട്. ആശുപത്രികള്‍ മുതല്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍വരെ 130 ഓളം സ്ഥാപനങ്ങള്‍ അവിടെ സ്ഥാപിക്കപ്പെടേണ്ടതാണ്. തലസ്ഥാനം മാറ്റിയാല്‍ അത് സംഭവിക്കില്ല-നായിഡു പറഞ്ഞു. അമരാവതി വികസിപ്പിക്കുന്നതിന് ഇതിനകം 10,000 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. സെക്രട്ടേറിയറ്റ് മുതല്‍ അസംബ്ലി കോംപ്ലക്‌സുകള്‍, കോടതികള്‍, രാജ്ഭവന്‍, ഡിജിപി ഓഫീസ് തുടങ്ങി നിരവധി കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാവുകയാണ്. മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമായി 5,000 ക്വാര്‍ട്ടേഴ്‌സിന്റെ നിര്‍മാണം നടന്നുവരികയാണെന്നും സര്‍ക്കാര്‍ 2,000-3,000 കോടി രൂപകൂടി ചെലവഴിച്ചാല്‍ അമരാവതിയില്‍ എല്ലാം തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം മാറ്റിയാല്‍ പാരിസ്ഥിതിക നശീകരണമുണ്ടാകും. കാരണം ഭൂമി കൃഷിക്കായി ഉപയോഗിക്കാന്‍ കഴിയില്ല, ടിഡിപി പ്രസിഡന്റ് പറഞ്ഞു.

മൂലധനം സൃഷ്ടിക്കുന്നതിനായി ഒരു ‘ലാന്‍ഡ് പൂളിംഗ് സ്‌കീം’ പ്രകാരം 33,000 ഏക്കര്‍ ഭൂമി സംഭാവന ചെയ്ത കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ട്. ഇന്നവര്‍ ജനന്റെ പുതിയ പ്രോജക്റ്റിനെതിരെ പ്രതിഷേധിക്കുകയാണ്. ഈ കര്‍ഷകരാകും ഏറ്റവും പദ്ധതിമാറ്റത്തിന് ഏറ്റവും വലിയ വില നല്‍കേണ്ടിവരിക. 1-4 ലക്ഷം കോടി രൂപയാണ് നഷ്ടപരിഹാരത്തുകയെന്നും അദ്ദേഹം പറഞ്ഞു. അമരാവതിയെ തലസ്ഥാനമാക്കുന്നതില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ നടത്തിയതായുള്ള ആരോപണം നിഷേധിച്ച നായിഡു 2014 ല്‍ കേന്ദ്രം രൂപീകരിച്ച ശിവരാമകൃഷ്ണന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഇത് സൃഷ്ടിച്ചതെന്നും വ്യക്തമാക്കി.

അമരാവതിയെ തലസ്ഥാനമായി തെരഞ്ഞെടുത്തത് ഇത് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലമായതിനാലാണെന്ന് നായിഡു പറയുന്നു. ഇത് നന്നായി ആസൂത്രണം ചെയ്യാന്‍ കഴിയുന്ന പ്രദേശവുമാണ്. ഇക്കാരണത്താലാണ് ഇവിടെ ഒരു ലോകോത്തര നിലവാരത്തിലുള്ള നഗരം ഉയര്‍ത്താന്‍ പദ്ധതിയിട്ടത്. ഇവിടേക്ക് മികച്ച സ്ഥാപനങ്ങളും എത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അത് സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യത്തെയും വിദ്യാഭ്യാസ നിലവാരത്തെയും ഉയര്‍ത്തുകയും ചെയ്യുമായിരുന്നു. ‘എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടായിരുന്നെങ്കില്‍, സര്‍ക്കാരിന് നടപടി സ്വീകരിക്കാന്‍ കഴിയുമായിരുന്നു. അധികാരത്തിലേറി ഇതിനകം എട്ടുമാസം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പകരം പദ്ധതി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആന്ധ്രാപ്രദേശിലെ അഞ്ച് കോടി ജനങ്ങളുടെ താല്‍പ്പര്യം മാത്രമാണ് തനിക്കുള്ളതെന്നും അമരാവതിയില്‍ നിക്ഷിപ്ത താല്‍പ്പര്യമില്ല. ‘ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ എനിക്ക് ഒരു താല്‍പ്പര്യം മാത്രമേയുള്ളൂ, അത് സംസ്ഥാനത്തിന്റെ വികസനവും മികച്ച ഭാവിയും മാത്രമാണ്’- നായിഡു പറയുന്നു.

ആന്ധ്രാപ്രദേശിനായി തനിക്ക് വലിയൊരു കാഴ്ചപ്പാട് ഉണ്ടെന്നും 2029-2050 കാലഘട്ടത്തില്‍ സംസ്ഥാനത്തെ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിക്കുന്നു. 2029 ആകുമ്പോഴേക്കും ആളോഹരി വരുമാനം പോലുള്ള എല്ലാ കാര്യങ്ങളിലും ആന്ധ്ര മുന്നിലെത്തണം. എന്നാല്‍ ഇപ്പോള്‍ ഈ നേതാവ് എല്ലാ പ്രതീക്ഷകളെയും തകര്‍ത്തതായും നായിഡു പറയുന്നു. എല്ലാ പ്രധാന ഓഫീസുകളും തലസ്ഥാനത്ത് ഒരിടത്ത് സ്ഥാപിക്കുക എന്ന ആശയം പല രാജ്യങ്ങളും പിന്തുടരുന്നു. രാജ്യ തലസ്ഥാനമായ ന്യൂഡെല്‍ഹി പോലും എല്ലാ ഓഫീസുകളും ഒരിടത്ത് കൊണ്ടുവരുന്നു. അമരാവതിയിലും ഇതേ ആശയം പിന്തുടര്‍ന്നിട്ടുണ്ട്. മികച്ച ഭരണത്തിനായി എല്ലാ വകുപ്പുകളെയും അഞ്ച് ടവറുകളിലായി വിന്യസിക്കും.

ഗവണ്‍മെന്റിന്റെ നിര്‍ദ്ദിഷ്ട മൂന്ന് തലസ്ഥാന പദ്ധതി നിര്‍ത്തലാക്കാനുള്ള രാഷ്ട്രീയ തന്ത്രം മെനയുകയാണ് നായിഡു ഇന്ന്. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാനൊരുങ്ങിയാല്‍ വന്‍ പ്രതിഷേധത്തിന് ആന്ധ്ര സാക്ഷ്യം വഹിക്കും. സര്‍ക്കാരിന് നിയമസഭയില്‍ ഭൂരിപക്ഷമുണ്ട്,എന്നാല്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ടിഡിപിക്കാണ് ഭൂരിപക്ഷം എന്ന് നായിഡു വ്യക്തമാക്കി. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സര്‍ക്കാരിനെതിരേ ആന്ധ്രാപ്രദേശിലെ 5 കോടി ജനങ്ങളുടെ വികാരം ഇവിടെ പ്രകടമാകും. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് എട്ടുമാസങ്ങള്‍ക്കുള്ളില്‍ അവര്‍ മനസ് മാറ്റിക്കഴിഞ്ഞു. എല്ലാവരും ഇന്ന് സര്‍ക്കാരിനെതിരായ നിലപാട് സ്വീകരിക്കുന്നു- നായിഡു പറയുന്നു. അവസാന നിമിഷവും ജഗന്‍ മനസ് മാറ്റുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും പ്രതിപക്ഷവും.

Comments

comments

Categories: Top Stories