160 കിമീ ദൈര്‍ഘ്യം, 68 സ്‌റ്റേഷനുകള്‍; കുവൈറ്റിന്റെ മെട്രോപദ്ധതിക്ക് രൂപരേഖയായി

160 കിമീ ദൈര്‍ഘ്യം, 68 സ്‌റ്റേഷനുകള്‍; കുവൈറ്റിന്റെ മെട്രോപദ്ധതിക്ക് രൂപരേഖയായി

അഞ്ചുഘട്ടങ്ങളിലായി നടപ്പിലാക്കും; ആദ്യഘട്ടത്തില്‍ 27 സ്റ്റേഷനുകള്‍

കുവൈറ്റ്: കുവൈറ്റ് മെട്രോയുടെ രൂപരേഖ ഉള്‍പ്പടെ പുതിയ നിര്‍മാണ പദ്ധതികളെ സംബന്ധിച്ച പ്രഖ്യാപനവുമായി കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്. കുവൈറ്റ് മെട്രോപൊളിറ്റന്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം(കെഎംആര്‍ടി)എന്ന പേരിലുള്ള കുവൈറ്റ് മെട്രോ പദ്ധതി അഞ്ച് ഘട്ടങ്ങളായാണ് നടപ്പിലാക്കുക. മൂന്നു ലൈനുകളിലായി 68 സ്റ്റേഷനുകളുള്ള ഈ മെട്രോപദ്ധതിയുടെ ദൈര്‍ഘ്യം 160 കിമീ ആയിരിക്കും.

നിരവധി ഭരണസിരാകേന്ദ്രങ്ങളും കുവൈറ്റ് ബിസിനസ് സെന്ററിലെ ഒമ്പത് സ്റ്റേഷനുകളും ഉള്‍പ്പടെ ആകെ 27 സ്റ്റേഷനുകളുള്ള പദ്ധതിയുടെ ആദ്യഘട്ടം കുവൈറ്റ് സിറ്റി മുതല്‍ കുവൈറ്റ് രാജ്യാന്തര വിമാനത്താവളം വരെയുള്ള 50 കിമീ മേഖലയാണ് ഉള്‍ക്കൊള്ളുന്നത്. ഈ ഘട്ടത്തിന്റെ മുപ്പത് ശതമാനം ഭൂഗര്‍ഭപാതയായിരിക്കും.

നഗര ഗതാഗത വികസനം ലക്ഷ്യമിട്ടുള്ള ഈ പദ്ധതി ഡൗണ്‍ടൗണ്‍ കുവൈറ്റ്‌സിറ്റിയിലെ ബിസിനസ് സെന്ററില്‍ നിന്നാരംഭിച്ച് വിവിധ ദിശകളിലേക്ക് നീങ്ങുമെന്ന് റോഡ്,ഗതാഗത വകുപ്പ് അറിയിച്ചു. കൂടുതല്‍ യാത്രാവാഹക ശേഷിയുള്ള ഗതാഗത സംവിധാനം സ്ഥാപിക്കുക വഴി യാത്രാച്ചിലവ് കുറക്കാനും സാമ്പത്തികനേട്ടമുണ്ടാക്കാനും കുവൈറ്റ് ലക്ഷ്യമിടുന്നു. ഗതാഗതക്കുരുക്കില്‍ പെട്ട് സമയം നഷ്ടമാകുന്നതിനും മെട്രോ സംവിധാനം പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. താരതമ്യേന കുറച്ച് ഊര്‍ജം ഉപയോഗിക്കുകയും അന്തരീക്ഷത്തിന് ദോഷകരമായ വാതകങ്ങള്‍ പരിമിതമായി പുറന്തള്ളുകയും ചെയ്യുന്ന മെട്രോകള്‍ പരിസ്ഥിതിക്ക് ഇണങ്ങുന്ന ഗതാഗത സംവിധാനം കൂടിയാണ്.

Comments

comments

Categories: Arabia
Tags: Kuwait metro

Related Articles