1% അതി സമ്പന്നര്‍ക്ക് താഴേത്തട്ടിലെ 70%ന് ഉള്ളതിന്റെ നാലിരട്ടി സ്വത്ത്

1% അതി സമ്പന്നര്‍ക്ക് താഴേത്തട്ടിലെ 70%ന് ഉള്ളതിന്റെ നാലിരട്ടി സ്വത്ത്

സ്ത്രീകളും പെണ്‍കുട്ടികളും ഓരോ ദിവസവും 3.26 ബില്യണ്‍ മണിക്കൂര്‍ ശമ്പളമില്ലാത്ത പരിചരണങ്ങളിലും അധ്വാനത്തിലും ഏര്‍പ്പെടുന്നു

ദാവോസ്: രാജ്യത്തെ ജനസംഖ്യയില്‍ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ താഴെയുള്ള 70 ശതമാനം ജനങ്ങളുടെ (953 ദശലക്ഷം ആളുകള്‍) കൈവശം ഉള്ളതിന്റെ നാലിരട്ടി സമ്പത്താണ് ഒരു ശതമാനം വരുന്ന അതി സമ്പന്നരുടെ കൈവശമുള്ളതെന്ന് പഠന റിപ്പോര്‍ട്ട്. എല്ലാ ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെയും മൊത്തം സമ്പത്ത് രാജ്യത്തിന്റെ മുഴുവന്‍ വര്‍ഷത്തെ ബജറ്റിനേക്കാള്‍ കൂടുതലാണെന്നും, ലോക സാമ്പത്തിക ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) അമ്പതാം വാര്‍ഷിക യോഗത്തിന് മുന്നോടിയായി മനുഷ്യാവകാശ സംഘടനയായ ഓക്‌സ്ഫാം പുറത്തിറക്കിയ ‘ടൈം ടു കെയര്‍’ എന്ന പഠനം വ്യക്തമാക്കുന്നു.

ലോക ജനസംഖ്യയുടെ 60 ശതമാനത്തോളം വരുന്ന 4.6 ബില്യണ്‍ ജനങ്ങള്‍ക്ക് മൊത്തം ഉള്ളതിനേക്കാള്‍ സമ്പത്ത് ലോകത്തിലെ 2,153 ശതകോടീശ്വരന്മാര്‍ക്ക് ഉണ്ട്. ആഗോള അസമത്വം ഞെട്ടിപ്പിക്കുന്നതും വിശാലവുമാണെന്നും കഴിഞ്ഞ ദശകത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അസമത്വം തകര്‍ക്കുന്നത് ലക്ഷ്യമിട്ടുള്ള കൃത്യമായ നയങ്ങളില്ലാതെ ഇതു പരിഹരിക്കാന്‍ കഴിയില്ല, വളരെ കുറച്ച് സര്‍ക്കാരുകള്‍ മാത്രമാണ് ഇതില്‍ കൃത്യമായി പ്രതിബദ്ധത പ്രകടമാക്കുന്നതെന്നും ഈ വര്‍ഷം ഓക്‌സ്ഫാം കോണ്‍ഫെഡറേഷനെ പ്രതിനിധീകരിച്ച് ഡബ്ല്യുഇഎഫ് സമ്മേളനത്തിന് എത്തിയ ഓക്‌സ്ഫാം ഇന്ത്യ സിഇഒ അമിതാഭ് ബെഹാര്‍ പറഞ്ഞു.

അഞ്ച് ദിവസത്തെ ഉച്ചകോടിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ വരുമാനത്തിന്റെയും ലിംഗപരമായ അസമത്വത്തിന്റെയും പ്രശ്‌നങ്ങള്‍ പ്രധാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. സൂക്ഷ്മ സാമ്പത്തിക ഘടകങ്ങളിലെ ദുര്‍ബലതകളില്‍ നിന്നും സാമ്പത്തിക അസമത്വത്തില്‍ നിന്നും ആഗോള സമ്പദ്‌വ്യവസ്ഥ സമ്മര്‍ദം നേരിടുന്നതായി ഡബ്ല്യുഇഎഫിന്റെ വാര്‍ഷിക ആഗോള അപകടസാധ്യത റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദശകങ്ങളായി ആഗോള അസമത്വം കുറഞ്ഞുവെങ്കിലും, പല രാജ്യങ്ങളിലും, പ്രത്യേകിച്ച് വികസിത സമ്പദ്‌വ്യവസ്ഥകളില്‍ ആഭ്യന്തര വരുമാന അസമത്വം ഉയര്‍ന്നുവന്നിട്ടുണ്ട്. ചിലതില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ ഇതെത്തി, റിപ്പോര്‍ട്ടില്‍ പറയുന്നു.

ലിംഗപരമായ വിവേചനം രൂക്ഷമായ സമ്പദ് വ്യവസ്ഥകള്‍ സമ്പന്നരായ ഒരു വരേണ്യവര്‍ഗത്തിന് സാധാരണക്കാരുടെയും പ്രത്യേകിച്ച്, പാവപ്പെട്ട സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചെലവില്‍ ധാരാളം ധനം സമ്പാദിക്കാന്‍ അവസരം നല്‍കുന്നുവെന്ന് കൂട്ടുകയാണെന്ന് ഓക്‌സ്ഫാം റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, 63 ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 2018-19 സാമ്പത്തിക വര്‍ഷത്തെ മൊത്തം കേന്ദ്ര ബജറ്റിനേക്കാള്‍ ഉയര്‍ന്നതാണ്. 24,42,200 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ്.

ഇന്ത്യയിലെ സ്ത്രീകളും പെണ്‍കുട്ടികളും ഓരോ ദിവസവും 3.26 ബില്യണ്‍ മണിക്കൂര്‍ ശമ്പളമില്ലാത്ത പരിചരണങ്ങളിലും അധ്വാനത്തിലും ഏര്‍പ്പെടുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം കുറഞ്ഞത് 19 ലക്ഷം കോടി രൂപയുടെ എങ്കിലും സംഭാവന ഇതില്‍ നിന്നുണ്ടാകുന്നു എന്നാണ് കണക്കാക്കുന്നത്. ഇത് 2019 ലെ ഇന്ത്യയുടെ മുഴുവന്‍ വിദ്യാഭ്യാസ ബജറ്റിന്റെയും (93,000 കോടി രൂപ) 20 ഇരട്ടിയാണ്. ജിഡിപിയുടെ രണ്ട് ശതമാനം വരുന്ന പരിചരണ സമ്പദ് വ്യവസ്ഥയില്‍ (കെയര്‍ എക്കണോമി) നേരിട്ടുള്ള പൊതു നിക്ഷേപം ഉയര്‍ത്തുന്നതിലൂടെ 11 ദശലക്ഷത്തോളെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Current Affairs