ചാന്ദ്ര യാത്രയില്‍ പൂവണിയുമോ മെയ്‌സാവയുടെ പ്രണയ സ്വപ്‌നം

ചാന്ദ്ര യാത്രയില്‍ പൂവണിയുമോ മെയ്‌സാവയുടെ പ്രണയ സ്വപ്‌നം

ചാന്ദ്ര യാത്രയ്ക്കു സ്ത്രീ പങ്കാളിയെ തേടി രംഗത്തുവന്ന ജാപ്പനീസ് കോടീശ്വരന്‍ യുസാകു മെയ്‌സാവയാണ് ഇപ്പോള്‍ താരം. ഫാഷന്‍ റീട്ടെയ്‌ലറായ സോസോ ടൗണിന്റെ സ്ഥാപകനായ മെയ്‌സാവ 2023 ല്‍ നടത്താനിരിക്കുന്ന ചാന്ദ്ര യാത്രയില്‍ തന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളോട് അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

സമ്പന്നനായ ഒരു കാമുകനൊപ്പം ചന്ദ്രനിലേക്കുള്ള യാത്രയെ സമ്പൂര്‍ണ്ണ ഡേറ്റിംഗ് എന്നു വിശേഷിപ്പിക്കാന്‍ സാധിക്കുമോ ? ഈ ചോദ്യത്തിനുള്ള ഉത്തരം ജാപ്പനീസ് ശതകോടീശ്വരന്‍ യുസാകു മെയ്‌സാവ നല്‍കും. അടുത്തിടെ യുസാകു മെയ്‌സാവ, ചന്ദ്രനിലേക്കുള്ള ബഹിരാകാശ യാത്രയില്‍ തന്നോടൊപ്പം പങ്കുചേരാന്‍ ഒരു സ്ത്രീ പങ്കാളിയെ തേടുന്നുവെന്നു ട്വിറ്ററിലൂടെ അറിയിക്കുകയുണ്ടായി. ഇക്കാര്യം ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും മെയ്‌സാവ അറിയിച്ചു. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിലാണു മെയ്‌സാവ യാത്ര നടത്തുക. ദൗത്യം നടന്നാല്‍ ചന്ദ്രനു ചുറ്റും പറക്കുന്ന ആദ്യത്തെ സിവിലിയന്‍ യാത്രക്കാരനാകും മെയ്‌സാവ. യാത്ര മിക്കവാറും 2023-ലായിരിക്കും നടത്തുക. നടിയും 27-കാരിയുമായ ഗോരികിയായിരുന്നു മെയ്‌സാവയുടെ കാമുകി. എന്നാല്‍ ഗോരികിയുമായി പിരിഞ്ഞു. ഇതിനു ശേഷമാണു മെയ്‌സാവ പുതിയ പങ്കാളിയെ തേടിയിറങ്ങിയിരിക്കുന്നത്. ഏകാന്തതയുടെയും ശൂന്യതയുടെയും വികാരങ്ങള്‍ പതുക്കെ എന്നില്‍ വന്നു ചേരുമ്പോള്‍ ഒരു സ്ത്രീയെ സ്‌നേഹിക്കുന്നതു തുടരുക എന്ന ചിന്ത എന്നില്‍ ഉയരുന്നു. എനിക്ക് ഒരു ജീവിത പങ്കാളിയെ കണ്ടെത്താന്‍ ആഗ്രഹമുണ്ട്. എന്റെ ഭാവി പങ്കാളിയുമായി ബഹിരാകാശത്തുനിന്നും ഞങ്ങളുടെ സ്‌നേഹവും ലോകസമാധാനവും ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നെന്നും മെയ്‌സാവ പറഞ്ഞു. പണം, സാമൂഹിക പദവി, പ്രശസ്തി എന്നിവ സ്വന്തമാക്കാന്‍ കഴിഞ്ഞെന്നു അവകാശപ്പെടുന്ന മെയ്‌സാവ 44ാം വയസില്‍ ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നെന്നും പറഞ്ഞു.

ജപ്പാനിലെ ഏറ്റവും വലിയ ഫാഷന്‍ റീട്ടെയ്‌ലറായ സോസോ ടൗണിന്റെ (Zozotown) സ്ഥാപകനാണു മെയ്‌സാവ. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് കമ്പനിയുടെ റോക്കറ്റില്‍ ചന്ദ്രനു ചുറ്റും പറക്കുന്ന ആദ്യത്തെ സ്വകാര്യയാത്രക്കാരനായിരിക്കും താനെന്നു 2018 ല്‍ പ്രഖ്യാപിച്ചതോടെയാണു മെയ്‌സാവയെ ലോകം ആദ്യമായി ശ്രദ്ധിച്ചു തുടങ്ങിയത്. ഇടയ്ക്കു വച്ചു പഠനം നിറുത്തിയ, കോളേജ് ഡ്രോപ്പ് ഔട്ടായ മെയ്‌സാവ വളരെക്കാലമായി ഒരു സെല്‍ഫ് പ്രൊമോട്ടറാണ്. അഥവാ സ്വയം പുകഴ്ത്താന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ആഡംബരം വിലയ്ക്കു വാങ്ങുന്നതില്‍ താത്പര്യം പുലര്‍ത്തുന്ന വ്യക്തിയാണ്. ഈയൊരു പ്രത്യേകത കാരണം മെയ്‌സാവയില്‍ പലരും ഒരു അപാകത കണ്ടെത്തുന്നുമുണ്ട്. ലോകത്തിലെ ഏറ്റവും യാഥാസ്ഥിതിക കോര്‍പ്പറേറ്റ് സംസ്്കാരങ്ങളിലൊന്നു സ്ഥിതി ചെയ്യുന്ന രാജ്യമാണു ജപ്പാന്‍. ബ്ലൂംബെര്‍ഗ് ബില്ലിനെയേഴ്‌സ് ഇന്‍ഡെക്‌സ് പ്രകാരം, മെയ്‌സാവയുടെ ആസ്തിയായി കണക്കാക്കുന്നത് 3.6 ബില്യന്‍ ഡോളറാണ്. 2004 ല്‍ മെയ്‌സാവ ആരംഭിച്ച ജാപ്പനീസ്, പാശ്ചാത്യ ബ്രാന്‍ഡുകള്‍ക്കായുള്ള ഓണ്‍ലൈന്‍ ഫാഷന്‍ വിപണന കേന്ദ്രമായ സോസോ ടൗണാണ് അദ്ദേഹത്തിനു സൗഭാഗ്യം കൊണ്ടുവന്നത്. ഇന്ന്, 730,000 ത്തിലധികം ഇനങ്ങളുള്ള 7,300 ബ്രാന്‍ഡുകള്‍ സോസോ ടൗണ്‍ എന്ന വെബ്‌സൈറ്റിലുണ്ട്. സോസോ ടൗണിന്റെ മാതൃ കമ്പനിയായ സോസോ ഇങ്ക് (Zozo Inc.) ടോക്കിയോ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ മെയ്‌സാവ സോസോയുടെ മാനേജ്‌മെന്റ് ടീമില്‍നിന്നും രാജിവച്ചു. കമ്പനിയില്‍ മെയ്‌സാവയ്ക്കുണ്ടായിരുന്ന ഓഹരിയുടെ 30 ശതമാനം യാഹൂ ജപ്പാന് വിറ്റഴിച്ചതിനു ശേഷമായിരുന്നു മെയ്‌സാവ രാജിവച്ചത്. സോഫ്റ്റ്ബാങ്കാണു യാഹു ജപ്പാന്റെ ഉടമ. 2.3 ബില്യന്‍ ഡോളറിനാണു സോഫ്റ്റ്ബാങ്ക് സ്വന്തമാക്കിയത്. കഴിഞ്ഞ നവംബറില്‍, മെയ്‌സാവ യൂ ട്യൂബില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ടോക്കിയോയിലുള്ള ഒരു ബാങ്കിന്റെ ബ്രാഞ്ച് സന്ദര്‍ശിച്ച് മെയ്‌സാവ ബാങ്ക് പാസ്ബുക്ക് അപ്‌ഡേറ്റ് ചെയ്യുന്ന രംഗമായിരുന്നു യൂ ട്യൂബിലുണ്ടായിരുന്നത്. യാഹു ജപ്പാനുമായുള്ള ഇടപാടിനു ശേഷമായിരുന്നു ബാങ്ക് സന്ദര്‍ശനം നടത്തിയത്. 900 ദശലക്ഷം ഡോളറിന്റെ ബാങ്ക് ബാലന്‍സ് മെയ്‌സാവയ്ക്കുള്ളതായി വീഡിയോ രംഗങ്ങളില്‍ കാണിക്കുന്നുണ്ടായിരുന്നു.

ചാന്ദ്ര യാത്രയ്ക്ക് സ്ത്രീ പങ്കാളി

ജീവിതത്തിലേക്കു പുരുഷന്മാര്‍ സ്ത്രീ പങ്കാളികളെ തേടാറുണ്ട്. അത് നാട്ടുനടപ്പാണ്. എന്നാല്‍ ആദ്യമായിട്ടാണ് ഒരാള്‍ ചാന്ദ്ര യാത്രയ്ക്കു സ്ത്രീ പങ്കാളിയെ തേടുന്നതായി അറിയിച്ചിരിക്കുന്നത്. ചാന്ദ്ര യാത്രയ്ക്കു സ്ത്രീ പങ്കാളിയെ ആവശ്യമുണ്ടെന്ന് അറിയിച്ച് ഇന്റര്‍നെറ്റിലൂടെയാണു മെയ്‌സാവ രംഗത്തുവന്നത്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍, മെയ്‌സാവയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയിലൂടെയാണു മെയ്‌സാവ അറിയിപ്പ് പുറത്തുവിട്ടത്. താത്പര്യമുള്ളവര്‍ മെയ്‌സാവയ്ക്ക് ഈ മാസം 17നു മുന്‍പ് അപേക്ഷ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അപേക്ഷകര്‍ 20 വയസിനു മുകളില്‍ പ്രായമുള്ളവരും, പ്രസന്നമായ മനസും, പോസിറ്റീവ് ചിന്താഗതിയും പുലര്‍ത്തുന്നവരായിരിക്കണമെന്നു നിബന്ധന വച്ചിട്ടുണ്ട്. അതുപോലെ ബഹിരാകാശയാത്രയില്‍ താത്പര്യമുള്ളവരായിരിക്കണമെന്നും മെയ്‌സാവയ്ക്കു ഡിമാന്‍ഡുണ്ട്. മെയ്‌സാവയുടെ ഡിമാന്‍ഡ് ലോകം കേട്ടത് അത്ഭുതത്തോടെയാണ്. ചിലര്‍ മെയ്‌സാവയുടെ വ്യക്തിവിവരങ്ങള്‍ തിരക്കാന്‍ തുടങ്ങുകയും ചെയ്തു. മെയ്‌സാവ വിവാഹിതനാണോ ? കാമുകിമാരുണ്ടോ തുടങ്ങിയ കാര്യങ്ങളാണു പലര്‍ക്കും അറിയേണ്ടത്. മൂന്ന് മക്കളുള്ള മെയ്‌സാവ വിവാഹബന്ധം വേര്‍പെടുത്തിയ വ്യക്തിയാണ്. ഒരു മുത്തുമാലയിലെ മുത്തുകള്‍ പോലെ കാമുകിമാരുള്ള റോമിയോ ആണ് മെയ്‌സാവ. നടിയും 27-കാരിയുമായ ഗോരികിയായിരുന്നു മെയ്‌സാവയുടെ ഏറ്റവും അവസാനത്തെ കാമുകി. എന്നാല്‍ കുറച്ചുനാളുകള്‍ക്കു മുന്‍പു അവരുമായുള്ള ബന്ധം മെയ്‌സാവ അവസാനിപ്പിച്ചു. കാരണം മെയ്‌സാവയ്‌ക്കൊപ്പം ബഹിരാകാശത്തേയ്ക്കു വരാന്‍ ഗോരികി തയാറായില്ലത്രേ. ഇതോടെയാണു ബഹിരാകാശ യാത്രയില്‍ തന്നെ അനുഗമിക്കാന്‍ താത്പര്യവും ചങ്കൂറ്റവുമുള്ള പെണ്‍കുട്ടിയെ തേടാന്‍ മെയ്‌സാവ തീരുമാനിച്ചത്.

വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്ന മെയ്‌സാവ

വ്യത്യസ്തമായ കാര്യങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണു മെയ്‌സാവ. 1990 കളുടെ അവസാനത്തില്‍ മെയ്‌സാവ ഒരു റോക്ക് ബാന്‍ഡില്‍ അംഗമായിരുന്നു. അന്നു മെയ്‌സാവയുടെ സ്‌റ്റേജ് നെയിം യു എക്‌സ് സക്ക് (You X Suck) എന്നായിരുന്നു. അപൂര്‍വ സിഡികളും റെക്കോര്‍ഡുകളും വില്‍ക്കുന്ന ഒരു മെയില്‍ ഓര്‍ഡര്‍ കാറ്റലോഗ് ബിസിനസും മെയ്‌സോവ നടത്തിയിരുന്നു.ഈ ബിസിനസ് 2000 ല്‍ ഓണ്‍ലൈനായി. 2004ല്‍ സോസോ ടൗണ്‍ എന്ന ഷോപ്പിംഗ് വെബ്‌സൈറ്റ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഓണ്‍ലൈനിലൂടെ ഫാഷന്‍ വസ്ത്രങ്ങളുടെ വില്‍പന മെയ്‌സാവ നടത്തിയിരുന്നു. 30 വയസ് ആയപ്പോഴേക്കും മെയ്‌സാവ ഏറെക്കുറേ കോടീശ്വരനുമായി തീര്‍ന്നു.

കോടീശ്വരന്റെ കാമുകിയാകാന്‍ ലഭിച്ചത് 20,000 ത്തിലധികം അപേക്ഷ

ബഹിരാകാശയാത്രയില്‍ തന്നെ അനുഗമിക്കാന്‍ താത്പര്യമുള്ള പെണ്‍കുട്ടികളില്‍നിന്നും ജാപ്പനീസ് കോടീശ്വരന്‍ മെയ്‌സാവ അപേക്ഷ ക്ഷണിച്ചിരുന്നു. ജനുവരി 17നകം അപേക്ഷ സമര്‍പ്പിക്കണമെന്നായിരുന്നു നിബന്ധന. 20,000 ത്തിലധികം അപേക്ഷകളാണു ജനുവരി 16 വരെ ലഭിച്ചത്. സ്ട്രീമിംഗ് സര്‍വീസായ അബേമ ടിവിയാണ് ഇക്കാര്യം ജനുവരി 16ന് റിപ്പോര്‍ട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് പ്രക്രിയ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അപ്പോള്‍ മെയ്‌സാവ ഫലം വെളിപ്പെടുത്തുകയും ചെയ്യും. അപേക്ഷകരുടെ ഉയരം, തൊഴില്‍ പ്രൊഫൈല്‍, ഹോബി, പ്രത്യേകത, മറ്റ് കഴിവുകള്‍, മെയ്‌സാവയെ കുറിച്ചുള്ള അവരുടെ അഭിപ്രായം, ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം അയയ്ക്കാന്‍ മെയ്‌സാവ നിര്‍ദേശിച്ചിരുന്നു.

Categories: Top Stories