ശ്വാനന്‍മാര്‍ പിടിച്ചടക്കിയ തെരുവ്

ശ്വാനന്‍മാര്‍ പിടിച്ചടക്കിയ തെരുവ്

തഴക്കവും പഴക്കവും ചെന്ന നടീനടന്മാരേക്കാളും അതിവിദഗ്ദ്ധമായി അഭിനയിച്ചിരിക്കുന്ന ഇരുന്നൂറ്റി എഴുപത്തിനാല് തെരുവ് നായ്ക്കളുടെ പ്രകടനത്താല്‍ ശ്രദ്ധേയമായ സിനിമയാണ് വൈറ്റ് ഗോഡ്. കൊര്‍ണേല്‍ മൂണ്‍ഡ്രുക്‌സോ സംവിധാനം ചെയ്ത് 2014 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം പതിമൂന്നുകാരിയായ ലിലിയും അവളുടെ വളര്‍ത്തു നായ ഹേഗനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ്

സീന്‍-1; പകല്‍/വിജനമായ തെരുവ്.

വാഹനങ്ങളോ ആളുകളോ ഇല്ലാത്ത ഒരു തെരുവിന്റെ ദൃശ്യം. നമ്മുടെ കേരളത്തിലാണെങ്കില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കൂടി ഒരു ഹര്‍ത്താല്‍ നടത്തിയാല്‍ എങ്ങനെയിരിക്കും? ആ തെരുവ് അതിലും നിശ്ചലമായിരുന്നു. തെരുവിന്റെ വിജനത നല്ലവണ്ണം ആസ്വദിച്ചു മിടുക്കിയായ ഒരു പെണ്‍കുട്ടി അകലെ നിന്ന് തന്റെ സൈക്കിള്‍ ചവിട്ടി വരുന്നു. റോഡരുകില്‍ ഒരു കാര്‍ ഡോറുകളെല്ലാം തുറന്നു കിടക്കുന്നു. ഒരു പക്ഷെ കാര്‍ കേടായതോ അല്ലെങ്കില്‍ എന്തെങ്കിലും അപകടം നടന്നതോ ആയിരിക്കാം. സൈക്കിള്‍ ചവിട്ടുന്ന ശബ്ദമല്ലാതെ മറ്റൊരു ശബ്ദവും എങ്ങും കേള്‍ക്കാനില്ല. ഇങ്ങനെ ഈ പെണ്‍കുട്ടിയിലും ശൂന്യമായ തെരുവീഥിയിലും നമ്മളുടെ കാഴ്ച ഉടക്കി നില്‍ക്കുമ്പോള്‍…..കെട്ടിടങ്ങളുടെ മറവില്‍ നിന്ന് അതാ കുതിച്ചോടി വരുന്നു, അണക്കെട്ട് പൊട്ടിത്തകര്‍ന്നു കുത്തിയൊലിച്ച് വരുന്ന പ്രളയജലം പോലെ ബ്രൗണും കറുപ്പും വെള്ളയും നിറങ്ങളോടുകൂടിയ നായകളുടെ ഒരു വന്‍ പട. അതുവരെ നിശബ്ദമായിരുന്ന ആ തെരുവിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടുള്ള പടയോട്ടം.

കൊര്‍ണേല്‍ മൂണ്‍ഡ്രുക്‌സോ സംവിധാനം ചെയ്ത് 2014 ല്‍ പുറത്തിറങ്ങിയ ‘വൈറ്റ് ഗോഡി’ന്റെ ആദ്യ രംഗമാണ് മുകളില്‍ വിവരിച്ചത്. തഴക്കവും പഴക്കവും ചെന്ന നടീനടന്മാരേക്കാളും അതിവിദഗ്ദ്ധമായി അഭിനയിച്ചിരിക്കുന്ന ഇരുന്നൂറ്റി എഴുപത്തിനാല് തെരുവ് നായ്ക്കളുടെ പ്രകടനമാണ് ഈ സിനിമയുടെ പ്രത്യേകത. വളരെ കുറച്ച് രംഗങ്ങളില്‍ ഒഴിച്ച് ബാക്കി ഒരിടത്തും ഗ്രാഫിക്‌സ് ഉപയോഗിക്കാതെ ശരിക്കും തെരുവ് നായ്ക്കളെക്കൊണ്ട് അഭിനയിപ്പിക്കുകയായിരുന്നു സംവിധായകന്‍! ഒരു സിനിമക്ക് വേണ്ടി ഇത്രയും നായകളെ ഉപയോഗിച്ചത് ഒരു ലോക റെക്കോഡ് കൂടിയാണ്.

പതിമൂന്നുകാരിയായ ലിലിയും അവളുടെ വളര്‍ത്തു നായ ഹേഗനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ‘വൈറ്റ് ഗോഡ്’. ലിലിയും ഹേഗനും കളിക്കുന്നതും കഴിക്കുന്നതും ഉറങ്ങുന്നതും എല്ലാം ഒരുമിച്ചാണ്. ലിലിയുടെ അമ്മയും ലിലിയും അവളുടെ അച്ഛനുമായി പിരിഞ്ഞാണ് താമസം. ആയിടയ്ക്ക് അമ്മയ്ക്ക് അത്യാവശ്യമായി വിദേശത്ത് പോകേണ്ടി വരുന്നു. ലിലിയും ഹേഗനും അച്ഛനായ ദാനിയേലിന്റെ സംരക്ഷണയിലാകുന്നു. ദാനിയേലിന് ഹേഗനുമായുള്ള ലിലിയുടെ ചങ്ങാത്തം തീരെ ഇഷ്ടമല്ലായിരുന്നു. എങ്കിലും ലിലിക്ക് ഹേഗനോടുള്ള ഇഷ്ടം അറിയാവുന്നതിനാല്‍ തന്റെ അനിഷ്ടം തുറന്നു കാണിച്ചില്ല. ഒരു ക്രോസ്-ബ്രീഡ് നായയായ ഹേഗനെ അവിടെ വളര്‍ത്താന്‍ അനുവദിക്കില്ല എന്ന് ഫ്‌ളാറ്റ് സൊസൈറ്റി എടുത്ത തീരുമാനം ദാനിയേല്‍ ആദ്യമൊന്നും മുഖവിലക്കെടുക്കുന്നില്ല. എന്നാല്‍ പിന്നീട് ഹേഗന്‍ മൂലം ഉണ്ടായ ചില പ്രശ്‌നങ്ങള്‍ നിമിത്തം ദാനിയേല്‍ നായയെ തെരുവില്‍ ഉപേക്ഷിക്കുന്നു.

സൈ്വര്യ ജീവിതത്തില്‍ നിന്നും ഓര്‍ക്കാപ്പുറത്ത് പടിയിറങ്ങേണ്ടി വന്ന ഹേഗന്‍ തെരുവിലെ നായകള്‍ക്കൊപ്പം തന്റെ ജീവിതം ആരംഭിക്കുന്നു. എന്നാല്‍ കടുത്ത ദുരനുഭവങ്ങളാണ് അവനെ കാത്തിരുന്നത്. ഒടുവില്‍ തെരുവ് നായകളെ പാര്‍പ്പിക്കുന്ന ഷെല്‍ട്ടര്‍ ഹോമില്‍ നിന്നുള്ള നായ പിടിത്തക്കാര്‍ക്ക് മുമ്പില്‍ അവനു കീഴങ്ങേണ്ടി വരുന്നു. തുടര്‍ന്ന് അടിമത്തത്തിന്റെയും പട്ടിണിയുടെയും ദിനങ്ങള്‍! അതേസമയം ഈ സമയമത്രയും ലിലി തന്റെ ഹേഗനെ അന്വേഷിച്ച് തെരുവില്‍ അലയുകയായിരുന്നു. നിരാശയായിരുന്നു ഫലം. പക്ഷെ അവള്‍ പ്രതീക്ഷ കൈവിട്ടില്ല. എന്നെങ്കിലും ഹേഗനെ കണ്ടെത്തും എന്ന് തന്നെ അവള്‍ ഉറച്ചു വിശ്വസിച്ചു.

ദിവസങ്ങള്‍ കടന്നു പോകവേ ഷെല്‍ട്ടറില്‍ നിന്ന് അനുഭവിച്ച പീഡനങ്ങളും മറ്റു തെരുവുനായകളുമായുള്ള സൗഹൃദവും ഹേഗനില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. ആരെയും ആക്രമിക്കാന്‍ മടിക്കാത്ത ക്രൂരനായ ഒരു തെരുവുനായയായി അവന്‍ മാറി. തന്നെ ദ്രോഹിച്ചവരെയെല്ലാം കൊന്നൊടുക്കാന്‍ ഹേഗന്‍ ‘തീരുമാനിക്കുന്നു’. ആ ഷെല്‍ട്ടറിലെ മറ്റു നായകളെയെല്ലാം കൂട്ടി അവിടെ നിന്ന് രക്ഷപ്പെടുന്ന ഹേഗന്‍ ഇരുന്നൂറ്റി അന്‍പതോളം അംഗങ്ങള്‍ വരുന്ന ഒരു ‘നായ ആര്‍മി’ രൂപീകരിച്ച് ആ നഗരം ‘പിടിച്ചടക്കുന്നു’. നായകളുടെ ആക്രമണം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടി. തെരുവുനായകളെ ഏതുവിധേനയും ഉന്മൂലനം ചെയ്യാന്‍ ഭരണകൂടം ഉത്തരവിടുന്നു. തങ്ങളെ പിടിക്കാന്‍ വരുന്ന പോലീസ്, പട്ടാളം തുടങ്ങിയ ഭരണ സംവിധാനങ്ങളോടുള്ള നായകളുടെ പോരാട്ടം വിസ്മയം നിറഞ്ഞ കണ്ണുകളോടെയല്ലാതെ കണ്ടിരിക്കാനാകില്ല. ഭ്രാന്തന്‍ നായയായി തീര്‍ന്ന ഹേഗനും ലിലിയും തമ്മില്‍ കണ്ടുമുട്ടുമോ? ഇനി അഥവാ കണ്ടുമുട്ടിയാല്‍ തന്നെ ലിലിയുടെ വാത്സല്യം മനസിലാക്കാന്‍ കഴിയാത്ത തരത്തില്‍ ഹേഗന്‍ മാറിക്കഴിഞ്ഞതുകൊണ്ട് എന്തായിരിക്കും പ്രതികരണം?

തെരുവില്‍ നിന്നും കിട്ടിയ ഇരട്ട നായ്ക്കളായ ബോഡിയും ലൂക്കുമാണ് ഹേഗന്‍ എന്ന നായയെ അവതരിപ്പിച്ചത്. 87 ാമത് അക്കാദമി അവാര്‍ഡിനായുള്ള ഹംഗറിയുടെ ഒഫീഷ്യല്‍ നോമിനി കൂടിയായിരുന്നു ഈ ചിത്രം. 2014 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രൈസ് അണ്‍ സെര്‍ട്ടെയ്ല്‍ റിഗാര്‍ഡ് അവാര്‍ഡും സ്ട്രാസ്ബര്‍ഗ് യൂറോപ്യന്‍ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലില്‍ മികച്ച അന്താരാഷ്ട്ര സിനിമയ്ക്കുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഇതില്‍ അഭിനയിച്ച നായകള്‍ക്ക് പാം ഡോഗ് അവാര്‍ഡും ലഭിച്ചു. നിങ്ങള്‍ ഒരു കടുത്ത നായപ്രേമി ആണെങ്കില്‍ ഈ സിനിമയിലെ രംഗങ്ങള്‍ കണ്ടിരിക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ട് തോന്നിയേക്കാം. എന്നിരുന്നാലും തീര്‍ച്ചയായും കാണണം, മനുഷ്യരെന്നോ നായ്ക്കളെന്നോ വ്യത്യാസമില്ലാതെ എല്ലാവരും മത്സരിച്ച് അഭിനയം കാഴ്ചവെച്ച ഈ സിനിമ.

വൈറ്റ് ഗോഡ് (White God)

Year: 2014
Genre: Drama/ Fantasy
Directed by: Kornél Mundruczó
Starring: Zsófia Postta, Sándor Zsótér
Country: Hungary, Germany, Sweden
Running Time: 121 minutes
Language: Hungarian, English

Categories: FK Special, Slider