ഹുക്കവലി ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കും

ഹുക്കവലി ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കും

ഹുക്കവലി സിഗരറ്റോ ബീഡിയോ പോലെ അപകടകരമല്ലെന്നത് തെറ്റിദ്ധാരണയെന്ന് പഠനം

മുന്‍കാലങ്ങളെ അപേക്ഷിച്ച് പുതുതലമുറയില്‍ പുകവലി കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബോധവത്കരണങ്ങള്‍ ഫലം കണ്ടു തുടങ്ങിയെങ്കിലും ഇ- സിഗരറ്റുകളും ഹുക്കയും വലിക്കുന്ന പ്രവണത കൗമാരക്കാരില്‍ തുടങ്ങിയിട്ടുണ്ട്. പുകയില ഉപയോഗിക്കുന്ന സിഗരറ്റോ ബീഡിയോ പോലെയല്ല, സുഗന്ധ ദ്രവ്യങ്ങള്‍ അടങ്ങിയ ദ്രാവകത്തില്‍ നിന്നുള്ള ആവി മാത്രമാണ് വലിക്കുന്നതെന്നാണ് ഹുക്കയുടെ ആരാധകര്‍ പറയാറുള്ളത്. ഇത്തരം ഫ്ളേവറുകളും ആകര്‍ഷണീയമായ ഗന്ധവുമാണ് ഹുക്കയിലേക്ക് പലരും ആകര്‍ഷിക്കപ്പെടാനുള്ള കാരണം. ഹുക്ക എന്ന് കേള്‍ക്കുമ്പോള്‍ അത്ര പ്രശ്‌നമൊന്നുമില്ലെന്ന് തോന്നുമെങ്കിലും ഇത് സിഗരറ്റിനെക്കാള്‍ പ്രശ്‌നക്കാരനാണെന്ന് പുതിയ പഠനം പറയുന്നു.

ഹുക്കയില്‍ നിന്നുള്ള പുക രക്തം കട്ടപിടിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി, ഇത് ഹൃദയാഘാതം അല്ലെങ്കില്‍ പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കും.ആര്‍ട്ടീരിയോസ്‌ക്ലെറോസിസ്, ത്രോംബോസിസ്, വാസ്‌കുലര്‍ ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ഒരു ഹുക്കയില്‍ നിന്നുള്ള പുക 11 സെക്കന്‍ഡിനുള്ളില്‍ രക്തം കട്ടപിടിക്കാന്‍ കാരണമായതായി കണ്ടെത്തി. സിഗരറ്റില്‍ നിന്നും മറ്റുമുള്ള പുക രക്തം കട്ടിപിടിപ്പിക്കുന്നതിന് ശരാശരി അഞ്ച് മിനിറ്റാണ് എടുക്കുകയെന്നോര്‍ക്കണം. ഹുക്കയില്‍ നിന്നുള്ള പുകയുടെ സാന്നിധ്യം രക്തം ഒഴുകുന്ന രീതിയുമായി ബന്ധപ്പെട്ട മറ്റ് അസാധാരണതകള്‍ക്കും കാരണമായി. ഒരു ഹുക്കയില്‍ നിന്ന് പുറപ്പെടുന്ന പുകയില്‍ ഒരു സിഗരറ്റിനെ അപേക്ഷിച്ച് കൂടുതല്‍ ദോഷകരമായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായും പഠനങ്ങള്‍ കണ്ടെത്തി. ഹുക്കയില്‍ പുകയില എരിക്കുന്നതിനായി കല്‍ക്കരിയാണ് ഉപയോഗിക്കുന്നത്.

പരമ്പരാഗത സിഗരറ്റിനേക്കാള്‍ അനാരോഗ്യകരമാണ് ഹുക്കവലി എന്നതിന് പഠനങ്ങളിലെ കണ്ടെത്തലുകള്‍ പുതിയ തെളിവുകള്‍ നല്‍കുന്നു. ഹുക്ക, സിഗരറ്റ്, ഇ-സിഗരറ്റ് എന്നിവയുടെ ഉപഭോഗം ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി യുഎസിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകനായ ഫാഡി ഖാസവ്‌നെ ചൂണ്ടിക്കാട്ടുന്നു. പഠനത്തില്‍, യഥാര്‍ത്ഥ ജീവിതത്തിലെ പുകവലി ശീലത്തെ അനുകരിക്കുന്ന ഒരു പുകവലി യന്ത്രത്തില്‍ നിന്ന് എലികളില്‍ ഹുക്ക പുക ശ്വസിപ്പിച്ചു നോക്കി. പുകവലി യന്ത്രത്തില്‍ 12 ഗ്രാം പുകയില, ഗ്ലിസറിന്‍, മോളസ്, നിക്കോട്ടിന്‍, ടാര്‍ എന്നിവ ഉപയോഗിച്ച് സ്വാഭാവിക രുചി കൈവരുത്തി. ഗവേഷകര്‍ എലികളിലെ പ്ലേറ്റ്ലെറ്റ് പ്രവര്‍ത്തനവുമായി ഇത് താരതമ്യം ചെയ്തു.

ഒരു ഹുക്ക വലിക്കുന്നതിനൊപ്പം സംഭവിക്കുന്ന നിക്കോട്ടിന്‍ ഉപഭോഗനില പഠനത്തില്‍ ആവര്‍ത്തിച്ചു, ഇത് നിക്കോട്ടിന്‍ മെറ്റാബോലൈറ്റായ കോട്ടിനൈന്റെ അളവ് അളക്കുന്നതിലൂടെയാണ് ഗവേഷകര്‍ പരിശോധിച്ചത്. ഹുക്കവലിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ലഭ്യമായ ഗവേഷണങ്ങള്‍ വിശകലനം ചെയ്യുന്നതിനായി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ 2019 മെയ് മാസത്തില്‍ വാട്ടര്‍ഹുക്ക പുകവലിയും ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യതയും എന്ന ശാസ്ത്രീയ പഠനം പ്രസിദ്ധീകരിച്ചു. ഹുക്കവലി ശീലം പുറപ്പെടുവിപ്പിക്കുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് പോലുള്ള വിഷ രാസവസ്തുക്കളും ശ്വാസകോശത്തില്‍ നിന്നുള്ള കണികകളും രക്തക്കുഴലുകള്‍ക്കും ഹൃദയത്തിനും ശ്വാസകോശത്തിനും ദോഷം വരുത്തുന്നതിനൊപ്പം നിക്കോട്ടിന്‍ ആശ്രിതത്വം സൃഷ്ടിക്കുന്നതിനും കാരണമാകുമെന്ന് പഠനത്തില്‍ പറയുന്നു.

പൊതുധാരണയ്ക്കു വിരുദ്ധമായി, ഹുക്ക പുകവലി ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നതിന് ഈ പഠനം അധിക തെളിവുകള്‍ നല്‍കുന്നു. സിഗരറ്റിനെക്കാള്‍ അപകടം കുറഞ്ഞതാണ് ഹുക്ക ഉപയോഗം എന്ന പ്രചാരണത്തെയാണ് പഠനം വെല്ലുവിളിച്ചിരിക്കുന്നത്. അരമണിക്കൂര്‍ നേരം ഹുക്ക വലിച്ചാല്‍ത്തന്നെ ഹൃദയ സംബന്ധിയായ അപകടങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം പറയുന്നു. സാധാരണഗതിയില്‍ അരമണിക്കൂര്‍ നേരമെന്നത് ഹുക്ക വലിശീലക്കാരില്‍ കുറഞ്ഞ സമയമാണ്. പലരും മണിക്കൂറുകളോളം ഇത് തുടര്‍ച്ചയായി ഉപയോഗിക്കാറുണ്ട്. ഇത് ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളില്‍ കൂടുതല്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഹുക്ക പുകവലി സിഗരറ്റിനേക്കാള്‍ ദോഷകരമല്ലെന്ന് കണക്കാക്കപ്പെടുന്നു, എന്നാല്‍ ഹുക്കകളും അതേ പോലെ വിഷലിപ്തമാണെന്നു തെളിഞ്ഞിരിക്കുകയാണ്. എന്നു മാത്രമല്ല, താരതമ്യേന പരമ്പരാഗത സിഗരറ്റിനേക്കാള്‍ കൂടുതല്‍ ഹാനികരമാണെന്നും കരുതപ്പെടുന്നതായി ഖസാവ്‌നെ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Health