യുഎഇ ഓഹരിവിപണികളിലെ വിദേശ നിക്ഷേപം അഞ്ചുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

യുഎഇ ഓഹരിവിപണികളിലെ വിദേശ നിക്ഷേപം അഞ്ചുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

അറബ് ഇതര വിദേശ നിക്ഷേപകരില്‍ നിന്നുള്ള നിക്ഷേപങ്ങളുടെ മൂല്യം 3.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു

ദുബായ്: അറബ് ഇതര വിദേശ നിക്ഷേപകര്‍ കഴിഞ്ഞ വര്‍ഷം യുഎഇ ഓഹരിവിപണികളില്‍ നടത്തിയ ആകെ നിക്ഷേപത്തിന്റെ മൂല്യം 3.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അഞ്ചുവര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപ മൂല്യമാണിത്.

അബുദാബി, ദുബായ് വിപണികളില്‍ വിദേശ നിക്ഷേപകരില്‍ നിന്നുള്ള വ്യാപാരത്തിലും വര്‍ധനവുണ്ടായതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 218 ബില്യണ്‍ ദിര്‍ഹത്തിന്റെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം ഈ വിപണികളില്‍ വിദേശ നിക്ഷേപകര്‍ നടത്തിയത്. മുന്‍വര്‍ഷത്തെ 181 ബില്യണ്‍ ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ വിദേശ നിക്ഷേപകരുടെ ഓഹരി വ്യാപാരങ്ങളുടെ മൂല്യത്തില്‍ 20.4 ശതമാനത്തിന്റെ വര്‍ധന പ്രകടമായി.

അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലെ മുഴുവന്‍ വിദേശനിക്ഷേപകരുടെയും കഴിഞ്ഞവര്‍ഷത്തെ വ്യാപാര പങ്കാളിത്തം 112.75 ബില്യണ്‍ ദിര്‍ഹത്തിന്റേതാണ്. അതേസമയം അവരുടെ ആകെ നിക്ഷേപങ്ങളുടെ മൂല്യം 9.537 ബില്യണ്‍ ദിര്‍ഹമാണ്. ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ വിദേശ നിക്ഷേപകരുടെ വ്യാപാര പങ്കാളിത്തം 105.4 ബില്യണ്‍ ദിര്‍ഹവും അവരുടെ നിക്ഷേപങ്ങളുടെ മൂല്യം 2.983 ബില്യണ്‍ ദിര്‍ഹവുമാണ്.

നാലുവര്‍ഷം മുമ്പ് എംഎസ്‌സിഐയുടെ ഇമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് സൂചികയില്‍ ഇടം പിടിച്ചതോടെയാണ് യുഎഇയിലെ ഓഹരി വിപണികളിലേക്ക് വിദേശ നിക്ഷേപകരില്‍ നിന്നും ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഒഴുകിയെത്താന്‍ തുടങ്ങിയത്. അറബ് ഇതര നിക്ഷേപകര്‍, ജിസിസി രാജ്യങ്ങളിലെ നിക്ഷേപകര്‍, അറബ് നിക്ഷേപകര്‍ എന്നിങ്ങനെ യുഎഇ വിപണികളിലെ വിദേശ നിക്ഷേപകരെ മൂന്നായാണ് തരംതിരിച്ചിരിക്കുന്നത്.

Comments

comments

Categories: Arabia