ടിസിഎസ് മൂന്നാംപാദ ലാഭം ഉയര്‍ന്ന് 8118 കോടി രൂപ

ടിസിഎസ് മൂന്നാംപാദ ലാഭം ഉയര്‍ന്ന് 8118 കോടി രൂപ

വരുമാനം 6.74 ശതമാനം വര്‍ധിച്ച് 39,854 കോടി രൂപ

മുംബൈ: രാജ്യത്തെ പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ (ടിസിഎസ്) അറ്റലാഭം നേരിയ തോതില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റലാഭം 0.1 ശതമാനം ഉയര്‍ന്ന് 8118 കോടി രൂപയായി. കഴിഞ്ഞ പാദത്തില്‍ 0.95 ശതമാനമായിരുന്നു വര്‍ധന.

ടിസിഎസിന്റെ വരുമാനം വര്‍ഷം തോറും 6.8ശതമാനം വര്‍ധിക്കുന്നതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇത്തവണ വരുമാനം 6.74 ശതമാനം വര്‍ധിച്ച് 39,854 കോടി രൂപയായി. വിപണി വിദഗ്ധരുടേയും ബ്ലൂബെര്‍ഗിന്റെയും കണക്കുകൂട്ടലില്‍ ടിസിഎസിന്റെ വരുമാനം പ്രതീക്ഷിച്ചിരുന്നത് 8190 കോടി രൂപയാണ്. രണ്ടാം പാദത്തില്‍ ടിസിഎസിന്റെ വരുമാനം 38977 രൂപയും അറ്റലാഭം 8042 കോടി രൂപയുമായിരുന്നു. കഴിഞ്ഞ നാല് പാദങ്ങളിലും ഒറ്റയക്ക വളര്‍ച്ചയാണ് കമ്പനിയില്‍ രേഖപ്പെടുത്തിയത്. ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, റീട്ടെയ്ല്‍ വിഭാഗത്തില്‍ മുമ്പ് തന്നെ മാനേജ്‌മെന്റ് ദുര്‍ബല വളര്‍ച്ച കണക്കുകൂട്ടിയിരുന്നതായി ടിസിഎസ് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ 12.1 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ ഒപ്പുവെച്ച കമ്പനി ബിഎഫ്എസ്‌ഐ വരുമാനം മൊത്തം വരുമാനത്തിന്റെ 39 ശമതാനമാണെന്നും ചൂണ്ടിക്കാട്ടി. ലൈഫ് സയന്‍സ്, ഹെല്‍ത്ത് കെയര്‍ വിഭാഗത്തില്‍ 17.1 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. മാന്യുഫാക്ചറിംഗ് 9.2 ശതമാനം ഉയര്‍ന്നപ്പോള്‍ കമ്യൂണിക്കേഷന്‍, മാധ്യമ വിഭാഗത്തില്‍ 9.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ടിസിഎസ് ഓഹരികള്‍ 0.91 ശതമാനം ഉയര്‍ന്ന് കഴിഞ്ഞ ദിവസം ബിഎസ്ഇയില്‍ 2218.05 രേഖപ്പെടുത്തിയപ്പോള്‍ സെന്‍സെക്‌സില്‍ ഇത് 0.03 ശതമാനം നേട്ടത്തോടെ 41945.37 പോയിന്റ് ആയി മാറി.

Comments

comments

Categories: Business & Economy
Tags: TCS