ടാറ്റ നെക്‌സോണ്‍ ഇവി ജനുവരി 28 ന് എത്തും

ടാറ്റ നെക്‌സോണ്‍ ഇവി ജനുവരി 28 ന് എത്തും

എക്‌സ്എം, എക്‌സ്ഇസഡ് പ്ലസ്, എക്‌സ്ഇസഡ് പ്ലസ് ലക്‌സ് എന്നീ മൂന്ന് വേരിയന്റുകളില്‍ ഇലക്ട്രിക് സബ്‌കോംപാക്റ്റ് എസ്‌യുവി ലഭിക്കും

ന്യൂഡെല്‍ഹി: ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ വില ഈ മാസം 28 ന് പ്രഖ്യാപിക്കും. എക്‌സ്എം, എക്‌സ്ഇസഡ് പ്ലസ്, എക്‌സ്ഇസഡ് പ്ലസ് ലക്‌സ് എന്നീ മൂന്ന് വേരിയന്റുകളില്‍ നെക്‌സോണ്‍ ഇവി ലഭിക്കും.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, രണ്ട് ഡ്രൈവിംഗ് മോഡുകള്‍ (ഡ്രൈവ്, സ്‌പോര്‍ട്ട്), കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിവ എക്‌സ്എം എന്ന ബേസ് വേരിയന്റിലെ ഫീച്ചറുകളാണ്. ഇരട്ട നിറ (ഡുവല്‍ ടോണ്‍) ഓപ്ഷനുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ കാമറ, തുകല്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍ എന്നിവ എക്‌സ്ഇസഡ് പ്ലസ് വേരിയന്റിലെ അധിക ഫീച്ചറുകളായിരിക്കും. സണ്‍റൂഫ്, ലെതററ്റ് സീറ്റുകള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകള്‍ എന്നിവയായിരിക്കും ടോപ് സ്‌പെക് എക്‌സ്ഇസഡ് പ്ലസ് ലക്‌സ് വേരിയന്റിലെ അധിക ഫീച്ചറുകള്‍.

ടാറ്റ മോട്ടോഴ്‌സിന്റെ സിപ്‌ട്രോണ്‍ ഇവി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വാഹനമാണ് നെക്‌സോണ്‍ ഇവി. 30.2 കിലോവാട്ട് അവര്‍ ലിഥിയം അയണ്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 312 കിലോമീറ്റര്‍ സഞ്ചരിക്കാം. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഇത്രയും റേഞ്ച് സാക്ഷ്യപ്പെടുത്തിയത്. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ (സിസിഎസ്2) ഉപയോഗിച്ചാല്‍ 80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മതി. 95 കിലോവാട്ട് (129 എച്ച്പി) കരുത്തും 245 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് ഇലക്ട്രിക് മോട്ടോര്‍. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 9.9 സെക്കന്‍ഡ് മതി. എനര്‍ജി റീജനറേറ്റീവ് സംവിധാനത്തോടെയാണ് ടാറ്റ നെക്‌സോണ്‍ ഇവി വരുന്നത്. ബാറ്ററിക്കും ഇലക്ട്രിക് മോട്ടോറിനും എട്ട് വര്‍ഷം/1,60,000 കിലോമീറ്റര്‍ വാറന്റി വാഗ്ദാനം ചെയ്യുന്നു.

Comments

comments

Categories: Auto