ലക്ഷാധിപതിയില്‍ നിന്നും കോടിപതിയിലേക്ക്

ലക്ഷാധിപതിയില്‍ നിന്നും കോടിപതിയിലേക്ക്

ഒറ്റയ്‌ക്കൊരു സംരംഭം പടുത്തുയര്‍ത്തി കോടികളുടെ വരുമാനം നേടുന്നതിലേക്ക് നയിച്ച സംരംഭകയാണ് ഉപമ കപൂര്‍. ഓര്‍ഗാനിക് രീതിയില്‍ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന ഈ സംരംഭത്തില്‍ വനിതകള്‍ മാത്രമാണ് ജോലിക്കാരായുള്ളത്

സംരംഭക രംഗത്തേക്കുള്ള വളര്‍ച്ച ഞൊടിയിടയില്‍ സംഭവിക്കുന്ന ഒന്നല്ല. അതിനു പിന്നില്‍ ചിലപ്പോള്‍ ഒരു ടീമിന്റെ ഒരുമിച്ചു ചേര്‍ന്ന പരിശ്രമം അല്ലെങ്കില്‍ മള്‍ട്ടിടാസ്‌ക്കിംഗ് ഏറ്റെടുത്ത് ചെയ്യുന്ന സ്ഥാപകരുടെ കരുത്താകാം ആ സ്ഥാപനത്തെ വളര്‍ത്തുന്നത്. ഡെല്‍ഹിയിലും ഗുരുഗ്രാമിലുമായി സ്ഥാപിച്ചിരിക്കുന്ന ടീല്‍ ആന്‍ഡ് ടെറ (ഠലമഹ & ഠലൃൃമ) എന്ന സ്ഥാപനം തുടങ്ങി രണ്ടു വര്‍ഷത്തിനുള്ളില്‍ കോടികള്‍ ആസ്തിയുള്ള കമ്പനിയായി മാറിയിരിക്കുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഉപമ കപൂര്‍ എന്ന സംരംഭകയുടെ കഠിന പരിശ്രമവും സംരംഭക രംഗേേത്തക്കുള്ള ഒറ്റയ്ക്കുള്ള യാത്രയുമാണ്. ഒറ്റയ്ക്ക് ഒരു സംരംഭം നയിക്കുന്നത് ചില്ലറ കാര്യമല്ല, പണം ശരിയായ രീതിയില്‍ വിനിയോഗിക്കുന്നതു മുതല്‍ ഉപഭോക്താക്കളെ കൈകാര്യം ചെയ്യുന്നതും ഒരു സംരംഭത്തിലെ മുക്കിലും മൂലയിലും കണ്ണും കാതും കൂര്‍പ്പിച്ച് മുന്നോട്ടു നയിക്കുന്നതും എളുപ്പമല്ല ഒപ്പം ശരിയായ മാനസികാരോഗ്യം കാത്തുസൂക്ഷിക്കുകയും വേണം. സ്വന്തം സംരംഭം ഒരു പാഷനായി കണ്ടാല്‍ ഈ ബുദ്ധിമുട്ടുകളെല്ലാം നിസാരമെന്നു കാണിച്ചുതരികയാണ് ഉപമ കപൂര്‍. ലക്ഷങ്ങള്‍ മുടക്കി തുടക്കമിട്ട സംരംഭത്തില്‍ നിന്നും കോടികള്‍ കൊയ്യുന്ന നിലയിലേക്ക് സംരംഭത്തെ വിജയിപ്പിക്കാനും ഈ നാല്‍പ്പതുകാരിക്ക് കഴിഞ്ഞിരിക്കുന്നു.

ഓര്‍ഗാനിക് ബ്യൂട്ടി സ്റ്റാര്‍ട്ടപ്പിന്റെ തുടക്കം

രണ്ടു വര്‍ഷം മുമ്പാണ് ടീല്‍ ആന്‍ഡ് ടെറ എന്ന സംരംഭം ഡെല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളിലായി ആരംഭിക്കുന്നത്. എട്ടു ലക്ഷം രൂപ മുടക്കു മുതലില്‍ തുടക്കമിട്ട സംരംഭം ഒരൊറ്റ വര്‍ഷത്തിനുള്ളില്‍ 2.4 കോടി രൂപയുടെ വരുമാനം നേടി മേഖലയിലെ ഹിറ്റ് ലിസ്റ്റില്‍ ശ്രദ്ധേയമായി തുടങ്ങി. ചെറുപ്പം മുതല്‍ ഒറ്റപ്പെട്ട ജീവിതമായിരുന്നു ഉപമയുടേത്. പന്ത്രണ്ടാം വയസില്‍ അച്ഛനമ്മമാരെ നഷ്ടമായി. പിന്നീട് ബന്ധുക്കള്‍ക്കൊപ്പം വളര്‍ന്ന ആ പെണ്‍കുട്ടി പഠനത്തില്‍ സമര്‍ത്ഥ ആയിരുന്നതിനാല്‍ ഫിനാന്‍സില്‍ എംബിഎ ബിരുദം നേടി കോര്‍പ്പറേറ്റ് മേഖലയിലേക്ക് ചേക്കേറി. ഇതിനിടെ വിവാഹിതയായി ഒരു കുട്ടിയുടെ മാതാവുമായ അവര്‍ വൈവാഹിക ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കാരണം വിവാഹമോചനം നേടിയതോടെ ജീവിത യാത്രയിലും ഒറ്റയ്ക്കായി. 15 വര്‍ഷം കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്ത ശേഷമാണ് ഉപമ സ്വന്തം സംരംഭം പടുത്തുയര്‍ത്തിയത്. വെല്ലുവിളികള്‍ സ്വയം ഏറ്റെടുത്ത് പരിഹരിച്ചു മുന്നേറിയതിനാല്‍ ഒറ്റയ്‌ക്കൊരു സംരംഭം നടത്തുന്നത് വലിയ ബുദ്ധിമുട്ടായി തോന്നിയിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ടീല്‍ ആന്‍ഡ് ടെറ പൂര്‍ണമായും ഓര്‍ഗാനിക് ബ്യൂട്ടി സംരംഭമാണ്. രാസപദാര്‍ത്ഥങ്ങള്‍ യാതൊന്നും ഉപയോഗിക്കാതെ പ്രകൃതിദത്തമായ വസ്തുക്കള്‍ മാത്രം കൈകാര്യം ചെയ്യുന്ന സംരംഭം മേഖലയില്‍ ശ്രദ്ധിക്കപ്പെട്ടതും അവരുടെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെയാണെന്ന് സംരംഭക പറയുന്നു. തികച്ചും പ്രകൃതിദത്തമായ വസ്തുക്കള്‍ സൗന്ദര്യ സംരക്ഷണത്തിനായി ലഭിക്കുമ്പോള്‍ രാസവസ്തുക്കള്‍ തേടിപ്പിടിച്ച് ഉപഭോക്താക്കള്‍ക്ക് താല്‍ക്കാലിക സൗന്ദര്യ സംരക്ഷണം നല്‍കുന്നതിനോട് ഉപമയ്ക്ക് യോജിപ്പില്ല. മികച്ചതും ഉപഭോക്താക്കള്‍ക്ക് വിശ്വാസയോഗ്യവുമായ ഉല്‍പ്പന്നങ്ങളാണ് ഈ ബ്യൂട്ടി സ്റ്റാര്‍ട്ടപ്പ് നല്‍കിവരുന്നത്.

സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ പാരമ്പര്യ ഫോര്‍മുലയില്‍

സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ഏറിയ പങ്കും പ്രാദേശികമായി സംഘടിപ്പിക്കുന്നവയാണ്. പഞ്ചകുള, ഗുരുഗ്രാം , ഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച് ആവശ്യമായവ സ്വയം നിര്‍മിക്കുകയാണ് പതിവ്. ഓരോ ഉല്‍പ്പന്നങ്ങളുടേയും തനത് ഫോര്‍മുലകള്‍ ഉപമ നേരിട്ടു കൈകാര്യം ചെയ്യും. ഇവ ഉപഭോക്താക്കള്‍ക്ക് സംരംഭത്തിന്റെ വെബ്‌സൈറ്റിലൂടെയും വാങ്ങാനാകും. കൂടാതെ ആമസോണിലും ഫഌപ്പ്കാര്‍ട്ടിലും ലഭ്യമാണ്. വിലയുടെ തുടക്കം 900 രൂപ മുതലാണ്.

തലമുടിക്ക് യോജിച്ച വിവിധ ഷാംപുകളും സീറം ഉള്‍പ്പെടെയുള്ളവയും സ്റ്റാര്‍ട്ടപ്പ് പുറത്തിറക്കുന്നുണ്ട്. ഉള്ളിയുടെ നീര് തലമുടിക്ക് ഏറെ യോജിച്ചതാണെന്നുള്ളത് പരമ്പരാഗതമായി എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ ഉള്ളിനീര് ചേര്‍ത്ത ഉല്‍പ്പന്നങ്ങള്‍ ഒരു ഇന്ത്യന്‍ ബ്രാന്‍ഡില്‍ ഇതാദ്യമായാണ് പുറത്തിറങ്ങുന്നതെന്ന് ഉപമ ചൂണ്ടിക്കാട്ടി. ലാബ് ടെക്‌നീഷന്‍മാരുടേയും ബയോടെക്‌നോളജിസ്റ്റുകളുടേയും പിന്തുണയോടെ ഉപമയുടെ ഫോര്‍മുലയില്‍ ഉള്ളിനീര് ചേര്‍ന്ന എണ്ണ കേട് കൂടാതെ സംരക്ഷിക്കുന്നതിനൊപ്പം പ്രത്യേക സുഗന്ധം എണ്ണയ്ക്കു നല്‍തകാനും കഴിഞ്ഞു. ഉല്‍പ്പന്നങ്ങള്‍ക്ക് വില അല്‍പ്പം കൂടുതലാണെങ്കിലും ഗുണമേന്‍മയുള്ളതിനാല്‍ മികച്ച ഡിമാന്‍ഡ് നേടാനായതായി ഉപമ കൂട്ടിച്ചേര്‍ത്തു.

വനിതകളുടെ മാത്രം ടീം

കോടികളുടെ വിറ്റുവരവുള്ള കമ്പനിയില്‍ വനിതകള്‍ മാത്രമാണ് ജോലിക്കാര്‍. 20 പേരടങ്ങുന്ന വനിതാ ജോലിക്കാരെല്ലാം വീട്ടിലിരുന്നു തന്നെ കമ്പനിക്കായി ജോലി ചെയ്യുന്നവരാണ്. സംരംഭത്തിലേക്ക് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ത്രീകളെ നിയമിക്കാനും സംരംഭക പദ്ധതിയിടുന്നു. ”കുട്ടികളെയും കുടുംബത്തെയും നോക്കേണ്ടി വരുന്നതിനാല്‍ പുറത്തു പോയി ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സ്ത്രീകളാണ് എന്റെ സംരംഭത്തിലെ ജോലിക്കാരില്‍ അധികവും. ഈ സാഹചര്യം ഞാന്‍ അനുഭവിച്ചിട്ടുള്ളതിനാല്‍ ജോലിക്കാര്‍ക്ക് വീട്ടിലിരുന്ന് ഒഴിവു സമയം കണ്ടെത്തി ജോലി ചെയ്യാനുള്ള സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്,” ഉപമ പറയുന്നു.

ശീതകാലത്ത് ഉപയോഗിക്കാനാവുന്ന സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുകയാണ് അടുത്ത ലക്ഷ്യം. തുടര്‍ന്ന് കുട്ടികള്‍ക്കായുള്ള ഉല്‍പ്പന്ന നിരയും സംരംഭം വിപണിയിലെത്തിക്കും.

Categories: FK Special, Slider