യാനൂബിലെ രാസവസ്തു നിര്‍മാണശാല; തീരുമാനം അടുത്ത പാദത്തിലെന്ന് സാബിക് സിഇഒ

യാനൂബിലെ രാസവസ്തു നിര്‍മാണശാല; തീരുമാനം അടുത്ത പാദത്തിലെന്ന് സാബിക് സിഇഒ
  • ക്രൂഡ് ഓയിലിനെ നേരിട്ട് രാസവസ്തുക്കളാക്കി മാറ്റാനാണ് പദ്ധതി
  • സൗദി അരാംകോയും സാബികും 2016ല്‍ ഇതിനുള്ള സാധ്യതാപഠനം ആരംഭിച്ചിരുന്നു

റിയാദ്: ക്രൂഡ് ഓയിലിനെ നേരിട്ട് രാസവസ്തുക്കളാക്കി മാറ്റുന്ന സങ്കേതം നിര്‍മിക്കാനുള്ള പദ്ധതിയില്‍ സൗദി ബേസിക് ഇന്‍ഡസ്ട്രീസും (സാബിക്) സൗദി അരാംകോയും രണ്ടാം പാദത്തില്‍ തീരുമാനമെടുക്കുമെന്ന് സാബിക് സിഇഒ. പദ്ധതി സംബന്ധിച്ച് ഇരുകമ്പനികളും ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് സാബിക് സിഇഒ യൂസഫ് അല്‍ ബെന്യാന്‍ പറഞ്ഞു.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ രാസവസ്തു നിര്‍മ്മാതാക്കളായ സാബികും ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാഷ്ട്രമായ സൗദി അരാംകോയും 2016ലാണ് പദ്ധതി സംബന്ധിച്ച സാധ്യതാപഠനം നടത്താന്‍ തീരുമാനിച്ചത്. പ്ലാസ്റ്റിക് ഉല്‍പ്പാദനത്തിലെ ചിലവേറിയ പ്രക്രിയ ഒഴിവാക്കാന്‍ സാധിക്കുമെന്നതാണ് ഈ പദ്ധതി മുന്നോട്ടുവെക്കുന്ന പ്രധാനനേട്ടം.

സൗദിയിലെ പടിഞ്ഞാറന്‍ തീരദേശമായ യാനുബ് മേഖലയില്‍ പദ്ധതിയിടുന്ന നിര്‍മാണ യൂണിറ്റില്‍ പ്രതിദിനം 400,000 ബാരല്‍ ക്രൂഡ് ഓയില്‍ സംസ്‌കരിക്കാനാണ് അരാംകോയുടെയും സാബികിന്റെയും പദ്ധതി. ഇത്തരത്തില്‍ പ്രതിവര്‍ഷം 9 മില്യണ്‍ ടണ്‍ രാസവസ്തുക്കളും ബേസ് ഓയിലും ഉല്‍പ്പാദിപ്പിക്കാനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ സാധ്യതകള്‍ സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകളിലാണെന്നും പദ്ധതി നടപ്പാക്കുന്നതിലെ സാങ്കേതികവും വിപണിസംബന്ധവുമായ അപകടവശങ്ങളും ചിലവും വിലയിരുത്തി വരികയാണെന്നും അല്‍ ബെന്യാന്‍ പറഞ്ഞു. രണ്ടാംപാദത്തോടെ ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം നടത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ബെന്യാന്‍ കൂട്ടിച്ചേര്‍ത്തു. പ്രതീക്ഷിച്ചതിലും വളരെ പതുക്കെയാണ് പദ്ധതിയുടെ പോക്കെന്ന് കഴിഞ്ഞ മാസം അരാംകോയുടെ കെമിക്കല്‍സ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഒലിവിയര്‍ തോറെല്‍ പറഞ്ഞിരുന്നു.

സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് രംഗത്ത് കൂടുതല്‍ ഏറ്റെടുക്കലുകള്‍ക്ക് പദ്ധതിയിടുന്നുണ്ടെങ്കിലും സ്വിറ്റ്‌സര്‍ലന്‍ഡിലെ ക്ലാരിയന്റുമായി ചേര്‍ന്ന് പദ്ധതിയിട്ട പ്ലാസ്റ്റിക് നിര്‍മാണ പദ്ധതിയില്‍ നിന്ന് സാബിക് പിന്മാറിയെന്ന് അല്‍ ബെന്യാന്‍ അറിയിച്ചു.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സാബികിനെ ഏറ്റെടുക്കാനുള്ള സൗദിയിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോയുടെ തീരുമാനം സാബികും ക്ലാരിയന്റും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ക്ലാരിയന്റില്‍ സാബികിന് 24.99 ശതമാനം ഓഹരികള്‍ സ്വന്തമായുണ്ട്. 69 ബില്യണ്‍ ഡോളറിനാണ് അരാംകോ സാബികിനെ ഏറ്റെടുക്കുന്നത്. 2020 തുടക്കത്തില്‍ ഇടപാട് പൂര്‍ത്തിയാുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Arabia
Tags: Sabic