റിയല്‍മി പശ്ചിമേഷ്യയിലേക്ക്; ചരക്ക് നീക്കത്തില്‍ ലക്ഷ്യമിടുന്നത് അഞ്ചിരട്ടി വളര്‍ച്ച

റിയല്‍മി പശ്ചിമേഷ്യയിലേക്ക്; ചരക്ക് നീക്കത്തില്‍ ലക്ഷ്യമിടുന്നത് അഞ്ചിരട്ടി വളര്‍ച്ച
  • മൊത്തത്തിലുള്ള വരുമാനത്തിന്റെ 15 ശതമാനമാണ് പശ്ചിമേഷ്യയില്‍ നിന്ന് റിയല്‍മി പ്രതീക്ഷിക്കുന്നത്
  • ദുബായ്, കെയ്‌റോ എന്നിവിടങ്ങളില്‍ മേഖലാ ആസ്ഥാനങ്ങള്‍ ആരംഭിക്കും
  • വില കുറഞ്ഞ 5ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് പശ്ചിമേഷ്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും

ദുബായ്: പശ്ചിമേഷ്യന്‍ വിപണി പിടിക്കാന്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മി എത്തുന്നു. ദുബായ്, കെയ്‌റോ എന്നിവിടങ്ങള്‍ കേന്ദ്രമാക്കി മിഡില്‍ഈസ്റ്റ്, ആഫ്രിക്ക വിപണികളിലേക്ക് കടന്നുചെല്ലാനാണ് കമ്പനി പദ്ധതിയിടുന്നത്. പശ്ചിമേഷ്യയിലേക്ക് വിപണി വികസിപ്പിക്കുന്നതിലൂടെ മൊത്തത്തിലുള്ള ചരക്ക്‌നീക്കത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയാണ് ഈ വര്‍ഷം റിയല്‍മി ലക്ഷ്യമിടുന്നത്.

പശ്ചിമേഷ്യയില്‍ സൗദി അറേബ്യ, യുഎഇ, ഒമാന്‍, കുവൈറ്റ് എന്നീ വിപണികളിലാണ് റിയല്‍മിക്ക് ഏറ്റവുമധികം വളര്‍ച്ചാ പ്രതീക്ഷകളുള്ളത്. വരുംവര്‍ഷങ്ങളില്‍ കമ്പനിയുടെ മൊത്തത്തിലുള്ള വരുമാനത്തിന്റെ 15 ശതമാനം ഇവിടെ നിന്നായിരിക്കുമെന്നാണ്് കമ്പനിയുടെ കണക്കുകൂട്ടല്‍. ചരക്ക് നീക്കവും വിപണി പങ്കാളിത്തവും വര്‍ധിപ്പിച്ച് കമ്പനിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ പശ്ചിമേഷ്യന്‍ വിപണിയിലേക്കുള്ള കടന്നുവരവിലൂടെ സാധിക്കുമെന്ന് റിയല്‍മി മിഡില്‍ഈസ്റ്റ്, ആഫ്രിക്ക വിഭാഗം പ്രസിഡന്റ് ജോസഫ് വാംഗ് പ്രതീക്ഷ പ്രകടിപ്പിച്ചു. വര്‍ഷംതോറും 23 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിക്കപ്പെടുന്ന പശ്ചിമേഷ്യന്‍ വിപണി കൂടുതല്‍ കമ്പനികളെ ആഗ്രഹിക്കുന്നുണ്ടെന്നും വാംഗ് പറഞ്ഞു. മൊത്തത്തിലുള്ള ചരക്ക്‌നീക്കത്തില്‍ അഞ്ചിരട്ടി വാര്‍ഷിക വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം കമ്പനിയിലുണ്ടായത്. ഈ വര്‍ഷവും അതേ രീതിലുള്ള വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും വാംഗ് കൂട്ടിച്ചേര്‍ത്തു.

താങ്ങാവുന്ന വിലയിലുള്ള 5ജി സ്മാര്‍ട്ട്‌ഫോണ്‍ മേഖലയ്ക്കായി അവതരിപ്പിച്ചുകൊണ്ടാണ് റിയല്‍മി പശ്ചിമേഷ്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. 24,800 രൂപയില്‍ താഴെ വിലയുള്ള കമ്പനിയുടെ ആദ്യ 5ജി സ്മാര്‍ട്ട്‌ഫോണ്‍ കഴിഞ്ഞ ആഴ്ച റിയല്‍മി ചൈനയില്‍ പുറത്തിറക്കിയിരുന്നു. 5ജി സ്മാര്‍ട്ട്‌ഫോണ്‍ സാങ്കേതികവിദ്യയുടെ മൊത്തത്തിലുള്ള ചിലവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വലിയ തോതിലുള്ള നിക്ഷേപമാണ് കമ്പനി നടത്തുന്നതെന്ന് വാംഗ് പറഞ്ഞു. ഇവ കൂടാതെ ഭാവി സാങ്കേതികവിദ്യകളായ ഇന്റെര്‍നെറ്റ് ഓഫ് തിങ്ക്‌സിലും വെയറബിള്‍ ടെക്‌നോളജിയിലും ഈ വര്‍ഷം കമ്പനി നിക്ഷേപം നടത്തും.

പശ്ചിമേഷ്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനായി ദുബായിലും കെയ്‌റോയിലുമായി രണ്ട് മേഖലാ ആസ്ഥാനങ്ങളാണ് റിയല്‍മി ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഈജിപ്തില്‍ റിയല്‍മി സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന ആരംഭിച്ചിരുന്നു. ആഫ്രിക്കയില്‍ റിയല്‍മിയുടെ ആദ്യ വിപണിയായിരുന്നു അത്.

ഒപ്പോ റിയല്‍ എന്ന പേരില്‍ 2010ലാണ് റിയല്‍മി ചൈനയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഒപ്പോ ഇലക്ട്രോണിക്‌സിന് കീഴിലുള്ള മറ്റൊരു ബ്രാന്‍ഡെന്ന നിലയിലായിരുന്നു പ്രവര്‍ത്തനം. പിന്നീട് 2018ല്‍ ഒപ്പോയുമായി വേര്‍പിരിഞ്ഞ് സ്വതന്ത്രകമ്പനിയായി മാറി. ബജറ്റിലൊതുങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ഏറ്റവും വലിയ വിപണിയെന്ന് അറിയപ്പെടുന്ന ഇന്ത്യയായിരുന്നു റിയല്‍മിയുടെ ആദ്യ വിപണി. മികച്ച പ്രതികരണമാണ് ഇന്ത്യയില്‍ കമ്പനിക്ക് ലഭിച്ചത്. അതിനുശേഷം തെക്ക് കിഴക്കന്‍ ഏഷ്യ, ചൈന, ഈജിപ്ത്, പടിഞ്ഞാറന്‍ യൂറോപ്പ് എന്നിവിടങ്ങളിലേക്ക് റിയല്‍മി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. നിലവില്‍ 22ഓളം രാജ്യങ്ങളിലാണ് റിയല്‍മി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. പശ്ചിമേഷ്യയ്ക്ക് ശേഷം ഈ വര്‍ഷം അവസാനത്തോടെ പടിഞ്ഞാറന്‍ യൂറോപ്പിലേക്കും റഷ്യയിലേക്കും വിപണി വികസിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

7,700 രൂപ മുതല്‍ 42,500 രൂപ വരെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്ന റിയല്‍മി 25 മില്യണ്‍ ഉപകരണങ്ങളാണ് കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര തലത്തില്‍ വിറ്റത്. അതിശക്തമായ മത്സരം നിലനില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ രംഗത്ത് വളരെ പെട്ടന്നായിരുന്നു റിയല്‍മിയുടെ വളര്‍ച്ച. 2018 ജൂണില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തില്‍ ആഗോളതലത്തില്‍ 47ാംസ്ഥാനത്തായിരുന്ന കമ്പനി 2019 മൂന്നാംപാദമെത്തിയപ്പോഴേക്കും ഏഴാംസ്ഥാനത്തേക്ക് കുതിച്ചു. ചൈന, ഇന്ത്യ, ഇന്തോന്യേ എന്നിവിടങ്ങളിലെ നിര്‍മാണ പ്ലാന്റുകളിലാണ് കമ്പനി ഭൂരിഭാഗം സ്മാര്‍ട്ട്‌ഫോണുകളും നിര്‍മിക്കുന്നത്. വരുംമാസങ്ങളില്‍ ബംഗ്ലാദേശില്‍ അസംബ്ലി(സംയോജന) യൂണിറ്റ് ആരംഭിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. ആവശ്യകതയും ചിലവും അനുസരിച്ച് ഭാവിയില്‍ ആഫ്രിക്കയിലും അസംബ്ലി യൂണിറ്റ് ആരംഭിച്ചേക്കുമെന്ന് വാംഗ് അറിയിച്ചു.

പശ്ചിമേഷ്യയില്‍ ഇ-കൊമേഴ്‌സ് മുഖേനയും റിയല്‍മി വില്‍പ്പന ലക്ഷ്യമിടുന്നുണ്ട്. നൂണ്‍, ആമസോണ്‍ കമ്പനികളുമായി ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വാംഗ് പറഞ്ഞു.

Comments

comments

Categories: Arabia
Tags: Realme

Related Articles