ധനികരായ ന്യൂജന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍

ധനികരായ ന്യൂജന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍

പുതുതലമുറയിലെ ബിസിനസുകാര്‍ സ്വന്തം കഴിവില്‍ സംരംഭക തലത്തിലേക്ക് ഉയര്‍ന്ന്, സ്റ്റാര്‍ട്ടപ്പുകളില്‍ മികച്ച വിജയം നേടിക്കൊണ്ട് രാജ്യത്തെ മുന്‍നിര ധനികരുടെ പട്ടികയിലേക്കു കൂടി കടന്നിരിക്കുകയാണ്. പട്ടികയിലെ നാല്‍പതില്‍ താഴെ മാത്രം പ്രായമുള്ള ധനികരായ സംരംഭകരെ പരിചയപ്പെടാം

സ്റ്റാര്‍ട്ടപ്പ് എന്ന വാക്ക് കേട്ടാല്‍ അതിനു പിന്നില്‍ ഒരു യുവ സംരംഭക അല്ലെങ്കില്‍ സംരംഭകനുണ്ടാകും എന്ന ചിന്തയാണ് ആദ്യം വരിക. ആശയത്തിന്റെ ചടുലത കൊണ്ടും സ്റ്റാര്‍ട്ടപ്പിലേക്കുള്ള യുവ തലമുറയുടെ തള്ളിക്കയറ്റവും അത്ര കണ്ട് ഈ മേഖലയില്‍ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. പുതുതലമുറയിലെ ബിസിനസുകാര്‍ സ്വന്തം കഴിവില്‍ സംരംഭക തലത്തിലേക്ക് ഉയര്‍ന്ന്, സ്റ്റാര്‍ട്ടപ്പുകളില്‍ മികച്ച വിജയം നേടിക്കൊണ്ട് രാജ്യത്തെ മുന്‍നിര ധനികരുടെ പട്ടികയിലേക്കു കൂടി കടന്നിരിക്കുകയാണ്. ഐഐഎഫ്എല്ലിന്റെ വെല്‍ത്ത് ഹുരുന്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ കടന്നുകൂടിയ ന്യൂജന്‍ സംരംഭകരെല്ലാം യുവത്വം കൈവിടാത്തവരാണ്, അതായത് നാല്‍പ്പത് വയസില്‍ താഴെ മാത്രമുള്ളവര്‍. സാങ്കേതികവിദ്യ അധിഷ്ഠിത സംരംഭങ്ങളുടെ അമരക്കാരാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടവരെല്ലാം. നാല്‍പതില്‍ താഴെ മാത്രം പ്രായമുള്ള ധനികരായ സംരംഭകരുടെ ലിസ്റ്റില്‍ ശരാശരി പ്രായം 35 വയസാണ്, ആസ്തി 4200 കോടി രൂപയും.

പട്ടികയിലെ പ്രായം കുറഞ്ഞ താരം

രിതേഷ് അഗര്‍വാള്‍

ഒയോ സ്ഥാപകനായ രിതേഷ് അഗര്‍വാളാണ് പട്ടികയിലെ പ്രായം കുറഞ്ഞ സംരംഭകന്‍. വയസ് 25, ആസ്തി 7500 കോടി രൂപ. ഹോട്ടല്‍, കോ-വര്‍ക്കിംഗ് സ്‌പേസ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ബിസിനസ് വിപുലീകരിച്ചിരിക്കുന്ന കമ്പനി ഇപ്പോള്‍ യുഎസ് ബിസിനസ് കൂടി വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

പ്രായക്കുറവില്‍ രണ്ടാം സ്ഥാനം യാത്രാ സേവന സംരംഭമായ ഒലയുടെ സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമായ അങ്കിത് ഭാട്ടിക്കാണ്. 1400 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. 2011 ല്‍ ഐഐടി ബോംബെയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ബി ടെക്, എം ടെക് ബിരുദം നേടിയ അങ്കിതാണ് ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ദശലക്ഷക്കണക്കിനാളുകള്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്ന ഒലയുടെ ടെക്‌നോളജിക്കു പിന്നിലുള്ള ബുദ്ധികേന്ദ്രം.

ഭക്ഷ്യ വിതരണത്തില്‍ മുന്‍പന്തിയില്‍

സ്വിഗ്ഗിയുടെ സ്ഥാപകനും സിഇഒയുമായ, 33 കാരനായ ശ്രീഹര്‍ഷ മജെറ്റിയ്ക്കാണ് മൂന്നാം സ്ഥാനം. ഒലയിലെ ഭാട്ടിയെപ്പോലെ ശ്രീഹര്‍ഷയുടെ ആസ്തിയും 1400 കോടി രൂപ തന്നെ. ഭക്ഷ്യ വിതരണ ശൃംഖലയിലെ ഒറ്റക്കൊമ്പനായി മാറാന്‍ സ്വിഗ്ഗിക്ക് ഇപ്പോള്‍ കഴിഞ്ഞിട്ടുണ്ട്. പകലെന്നോ രാത്രിയെന്നോ വ്യാത്യാസമില്ലാതെ ഏതു നേരത്തും ഓണ്‍ലൈനില്‍ ഒരൊറ്റ ക്ലിക്കില്‍ ഭക്ഷണം തീന്‍മേശയിലെത്തിക്കാന്‍ കഴിയുന്ന സ്വിഗ്ഗി ജനങ്ങളുടെ ഇഷ്ടതാരമായി മാറിക്കഴിഞ്ഞു. സൊമാറ്റോ, യുബര്‍ഈറ്റ്‌സ് തുടങ്ങി വന്‍കിട ഭീമന്‍മാര്‍ മേഖലയില്‍ സജീവമാണെങ്കില്‍ ഭക്ഷണ വിതരണ രംഗത്ത് സ്വിഗ്ഗി തന്നെയാണിപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്.

ദിവ്യ ഗോകുല്‍നാഥ്‌

എജുക്കേഷന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പഠന സഹായ ആപ്ലിക്കേഷന്‍, ബൈജൂസിന്റെ സഹസ്ഥാപകയായ ദിവ്യ ഗോകുല്‍നാഥാണ് പട്ടികയില്‍ നാലാമത്. മുപ്പത്തിമൂന്നുകാരിയായ ഈ ബെംഗളുരു സ്വദേശിനിയുടെ ആസ്തി 1800 കോടി രൂപയാണ്.

മികച്ച യാത്രാ സേവനം

അഞ്ചാം സ്ഥാനത്ത് ഒലയുടെ സഹസ്ഥാപകനായ ഭാവിഷ് അഗര്‍വാളാണ്. മുപ്പത്തിനാല് വയസുള്ള ഭാവിഷിന്റെ ആസ്തി 3100 കോടി രൂപയാണ്. 2011ലാണ് ഐഐടി ബിരുദധാരിയായ ഭാവിഷ് ഒല തുടങ്ങിയത്. ഒമ്പതു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ യാത്രാ സേവനദാതാക്കളായി കമ്പനിയെ നയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു. ലുധിയാന സ്വദേശിയായ ഭാവിഷിന് ഒലട്രിപ്‌സ്‌ഡോട്ട്‌കോം എന്ന പേരില്‍ ഔട്ട്‌സ്റ്റേഷന്‍ യാത്രകള്‍ക്കായി കാബ് ബുക്ക് ചെയ്യാനുള്ള ഒരു ടെക് പ്ലാറ്റ്‌ഫോം തുടങ്ങാനായിരുന്നു ഉദ്ദേശ്യം. ഭാവിഷ് തന്റെ കരിയര്‍ തുടങ്ങിയത് മൈക്രോസോഫ്റ്റിലാണ്. രണ്ടു വര്‍ഷത്തോളം അവിടെ ജോലി ചെയ്യുന്നതിനിടെ രണ്ട് പേറ്റന്റുകള്‍ അദ്ദേഹം സ്വന്തമാക്കി. അങ്കിത് ഭാട്ടിക്കൊപ്പം ഒലയ്ക്ക് തുടക്കമിട്ട നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ ഇരുവരും കടന്നുകൂടിയിരുന്നു.

ബെംഗളുരുവിലില്‍ നിന്നും ബന്ദിപ്പൂരിലേക്ക് ഭാവിഷ് ഒരിക്കല്‍ നടത്തിയ യാത്രയാണ് ഒല സംരംഭത്തിന്റെ തുടക്കത്തിലേക്ക് നയിച്ചത്. ടാക്‌സി വിളിച്ചായിരുന്നു യാത്ര. പാതി വഴിയില്‍ ടാക്‌സി നിര്‍ത്തിയ ഡ്രൈവര്‍ പറഞ്ഞുറപ്പിച്ചതിലും കൂടുതല്‍ പണം ആവശ്യപ്പെട്ട് തര്‍ക്കമായി. ഭാവിഷ് ആവശ്യം നിരസിച്ചതോടെ ഡ്രൈവര്‍ അദ്ദേഹത്തെ പാതിവഴിയില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നു. കാര്‍ ബുക്ക് ചെയ്ത് യാത്ര ചെയ്യുന്ന നിരവധിയാളുകള്‍ക്ക് ഈ അവസ്ഥ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്ന ചിന്തയിലാണ് ഒലയുടെ ഉദയം. ഇന്ന് ഉപഭോക്തൃ സൗഹൃദ യാത്രയ്ക്ക് പേര് കേട്ട സ്ഥാപനത്തിന്റെ അമരക്കാരനാകാനും അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു.

ഫഌപ്പ്കാര്‍ട്ട് സഹ സ്ഥാപകനായ ബിന്നി ബെന്‍സാലാണ് പട്ടികയില്‍ ആറാം സ്ഥാനത്ത്. വയസ് 36, ആസ്തി 5500 കോടി. കഴിഞ്ഞ വര്‍ഷം ഫഌപ്പ്കാര്‍ട്ടിലെ സിഇഒ പദവി അദ്ദേഹം ഒഴിഞ്ഞിരുന്നു. 1900 കോടി രൂപയുടെ ആസ്തിയുമായി 36കാരനായ ദീപിന്ദര്‍ ഗോയലാണ് ഏഴാം സ്ഥാനത്ത്. സൊമാറ്റോ സഹസ്ഥാപകനും സിഇഒയുമാണ് അദ്ദേഹം. 2008ലാണ് ദീപിന്ദര്‍, പങ്കജ് ഛദ്ദയുമായി ചേര്‍ന്നാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്.

പട്ടികയിലെ ഏറ്റവും വലിയ ധനികന്‍

ദിവ്യങ്ക് തുരഖിയ

13,000 കോടി രൂപയുടെ ആസ്തിയുമായി 37 കാരനായ ദിവ്യങ്ക് തുരഖിയയാണ് ചെറുപ്പക്കാരും ധനികരുമായ സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എഫ് മീഡിയയുടെ സ്ഥാപകനാണ് അദ്ദേഹം. സഹോദരന്‍ ഭാവിന്‍ തുരഖിയക്കൊപ്പം നിരവധി സംരംഭങ്ങള്‍ അദ്ദേഹം തുടങ്ങി വിജയം വരിച്ചിട്ടുണ്ട്. ഏകദേശം 12 കമ്പനികള്‍ക്ക് തുടക്കമിട്ട ദിവ്യങ്ക്, പതിനാലാം വയസിലാണ് ആദ്യം കമ്പനി സ്ഥാപിച്ചത്.

ബൈജൂസ് ആപ്ലിക്കേഷനിലെ മറ്റൊരു സഹസ്ഥാപകനായ റിജു രവീന്ദ്രനാണ് ലിസ്റ്റില്‍ ഒമ്പതാമത്.38കാരനായ അദ്ദേഹംത്തിന്റെ ആസ്തി 3600 കോടി രൂപയാണ്. അടുത്തിടെ റിജു കമ്പനിയിലെ തന്റെ ഷെയറിന്റെ ഒരു ഭാഗം ജനറല്‍ അറ്റ്‌ലാന്റികിന് വിറ്റിരുന്നു.

6100 കോടി രൂപയുടെ ആസ്തിയുമായി ഫഌപ്പ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബെന്‍സാലും 3500 കോടി രൂപയുടെ ആസ്തിയുമായി ഉഡാന്‍ സഹസ്ഥാപകര്‍ ആമോദ് മാളവ്യ, വൈഭവ് ഗുപ്ത എന്നിവരും, 2800 കോടി രൂപയുടെ ആസ്തിയുമായി റിവിഗോ സ്ഥാപകന്‍ ദീപക് ഗാര്‍ഗ്, 1800 കോടി ആസ്തിയുമായി വിയു ടെലിവിഷന്‍ സ്ഥാപകയും സിഇഒയുമായ ദേവിത സറഫ് എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇവരെല്ലാം തന്നെ 38 വയസ് പ്രായമുള്ളവരാണ്. 6600 കോടി രൂപയുടെ ആസ്തിയുമായി സെരോദ സ്ഥാപകനും സിഇഒയുമായ നിതിന്‍ കാമത്ത്, 3500 കോടി രൂപ ആസ്തിയുമായി ഉഡാന്‍ സഹസ്ഥാപകന്‍ സുജീത് കുമാര്‍ എന്നിവരുമാണ് നാല്‍പത് വയസില്‍ താഴെയുള്ള പട്ടികയിലെ മറ്റു ധനികര്‍. ഇരുവരുടേയും പ്രായം 39 വയസാണ്.

Categories: FK Special, Slider