300 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടിയേക്കും

300 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടിയേക്കും

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെയും തദ്ദേശീയ ഉല്‍പ്പാദനത്തെയും പ്രോല്‍സാഹിപ്പിക്കാന്‍ ഉദ്ദേശ്യം

ന്യൂഡെല്‍ഹി: രാജ്യത്തിനകത്തുള്ള ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് ഉത്തേജനം പകരാനായി വിദേശ ഇറക്കുമതിക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന 300 ഓളം ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ അധിക നികുതി ചുമത്താനാണ് ആലോചന. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങള്‍, ഫര്‍ണിച്ചര്‍, പാദരക്ഷകള്‍, ആവരണമുള്ള പേപ്പറുകള്‍, റബര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെയെല്ലാം മേല്‍ അധിക നികുതി ചുമത്തണമെന്നാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്താലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശുപാര്‍ശ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പ്രധാനമായും ചെറുകിട ഇടത്തരം മേഖലയില്‍ നിര്‍മിക്കുന്നവയാണ്. താഴെ തട്ടില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലകളാണ് ഇവ. അടിസ്ഥാന മേഖലയിലെ വരുമാനം ഉയര്‍ത്താനും തൊഴിലില്ലായ്മ പരിഹരിക്കാനും ഈ തീരുമാനത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍.

പാദരക്ഷകള്‍ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നാണ്. ഈ രാജ്യങ്ങള്‍ക്കും ഇന്ത്യയ്ക്കും ഇടയില്‍ സ്വതന്ത്ര വ്യാപാര കരാര്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആസിയാന്‍ അംഗമല്ലാത്ത ചൈന, ഈ രാജ്യങ്ങളിലൂടെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി ഇന്ത്യയിലേക്ക് കയറ്റി വിടുന്നുണ്ടെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാദരക്ഷകളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി ഉയര്‍ത്തണമെന്ന് മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നത്.

അതോടൊപ്പം പുതിയ ടയറുകളുടെ കസ്റ്റംസ് തീരുവ ഇപ്പോഴുള്ള 10-15 ശതമാനത്തില്‍ നിന്ന് 40 ശതമാനമായും, മരം കൊണ്ട് പണിത ഫര്‍ണിച്ചറുകളുടേത് 20 ശതമാനത്തില്‍ നിന്ന് 30 ശതമാനമായും ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ. പേപ്പര്‍ ബോര്‍ഡുകള്‍, കോട്ടഡ് പേപ്പര്‍, കൈകൊണ്ട് നിര്‍മിക്കുന്ന പേപ്പര്‍ എന്നിവയുടെ തീരുവ ഇരട്ടിപ്പിച്ച് 20% ആക്കണമെന്നും പറയുന്നു. കളിപ്പാട്ടങ്ങളുടെ ഇനത്തില്‍ 20 ശതമാനത്തില്‍ നിന്ന് 100% എന്ന കുത്തനെയുള്ള വര്‍ധനയ്ക്കുള്ള ആവശ്യവും മന്ത്രാലയം മുന്നോട്ട് വെക്കുന്നുണ്ട്. ചൈനയില്‍ നിന്നും ഹോങ്കോംഗില്‍ നിന്നുമുള്ള കളിപ്പാട്ട ഇറക്കുമതി 2017-18 ലെ 281.82 ദശലക്ഷം ഡോളറില്‍ നിന്ന് 2018-19 ല്‍ 304 ദശലക്ഷം ഡോളറിലേക്ക് ഉയര്‍ന്നിരുന്നു.

Categories: FK Special, Slider
Tags: import duty