എംജി ഇസഡ്എസ് ഇവി പ്രീ-ബുക്കിംഗ് നിര്‍ത്തിവെച്ചു

എംജി ഇസഡ്എസ് ഇവി പ്രീ-ബുക്കിംഗ് നിര്‍ത്തിവെച്ചു

ഡിസംബര്‍ 21 നാണ് ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയത്

ന്യൂഡെല്‍ഹി: ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിക്കുന്നത് എംജി മോട്ടോര്‍ ഇന്ത്യ നിര്‍ത്തിവെച്ചു. ഡിസംബര്‍ 21 നാണ് ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയത്. ഈ മാസം 27 നാണ് എംജി ഇസഡ്എസ് ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ബുക്കിംഗ് നടത്തുന്ന ആദ്യ ആയിരം പേര്‍ക്ക് പ്രത്യേക പ്രാരംഭ വിലയില്‍ ഇലക്ട്രിക് വാഹനം വില്‍ക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയില്‍ രണ്ടാമത്തെ എംജി മോഡലാണ് ഇസഡ്എസ് ഇവി. എക്‌സൈറ്റ്, എക്‌സ്‌ക്ലുസീവ് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. 22 ലക്ഷം രൂപ മുതല്‍ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം. ഡെല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് നഗരങ്ങളില്‍ മാത്രമായിരിക്കും തുടക്കത്തില്‍ എംജി ഇസഡ്എസ് ഇവി ലഭിക്കുന്നത്. രാജ്യത്തെ മറ്റ് നഗരങ്ങളില്‍ ഘട്ടംഘട്ടമായി ലഭ്യമാക്കും. ഹ്യുണ്ടായ് കോന ഇലക്ട്രിക് എസ്‌യുവിയാണ് എതിരാളി.

ഹെക്ടര്‍ എസ്‌യുവി പോലെ കണക്റ്റഡ് കാറാണ് ഇസഡ്എസ് ഇവി. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ എല്ലാ കണക്റ്റഡ് ഫീച്ചറുകളും നല്‍കിയിരിക്കുന്നു. സിങ്ക്രണസ് ഇലക്ട്രിക് മോട്ടോര്‍ 141 ബിഎച്ച്പി കരുത്തും 353 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 44.5 കിലോവാട്ട് അവര്‍ ലിഥിയം അയണ്‍ ബാറ്ററി പാക്ക് ഉപയോഗിക്കുന്നു. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 340 കിലോമീറ്റര്‍ സഞ്ചരിക്കാം. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 8.5 സെക്കന്‍ഡ് മതി. ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റിലാണ് എംജി ഇസഡ്എസ് ഇവി നിര്‍മിക്കുന്നത്.

Comments

comments

Categories: Auto
Tags: MG ZS