ജയ് മമ്മി ദി (ഹിന്ദി)

ജയ് മമ്മി ദി (ഹിന്ദി)

സംവിധാനം: നവജ്യോത് ഗുലാത്തി
അഭിനേതാക്കള്‍: സണ്ണി സിംഗ്, സോനല്ലി സെഗാള്‍, പൂനം ധില്ലന്‍
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 2 മിനിറ്റ്

ലാലി ഖുറാന (സുപ്രിയ പഥക്), പിങ്കി ഭല്ല (പൂനം ധില്ലണ്‍) എന്നിവര്‍ തൊട്ടടുത്തു താമസിക്കുന്ന അയല്‍വാസികളാണ്. ഇവര്‍ ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നീട് ശത്രുക്കളായി മാറുകയും ചെയ്തു. ഇവരുടെ മക്കളായ പുനീതും (സണ്ണി സിംഗും), സഞ്ജും (സോനല്ലി സെഗാള്‍) തമ്മില്‍ ഹൈസ്‌ക്കൂള്‍ കാലം മുതല്‍ അടുപ്പത്തിലാണ്. ഇപ്പോള്‍ ഇരുവരും തമ്മില്‍ പ്രണയത്തിലുമാണ്. പക്ഷേ, പ്രണയത്തിലാണെന്ന കാര്യം ഇരുവരും അവരുടെ അമ്മമാരില്‍നിന്നും മറച്ചുവച്ചിരിക്കുകയാണ്. പുനീത് ഒരു നാണം കുണുങ്ങിയാണ്. എന്നാല്‍ സഞ്ജ് ഒരു തീപ്പൊരിയാണ്. ധൈര്യശാലിയായ സഞ്ജ് വിവാഹിതരാകാമെന്നു പുനീതിനോട് നിര്‍ദേശിക്കുന്നു. എന്നാല്‍ പുനീതിന് സഞ്ജിന്റെ നിര്‍ദേശത്തോടു അനുകൂലിക്കാന്‍ സാധിക്കുന്നില്ല. കാരണം കുടുംബങ്ങള്‍ തമ്മിലുള്ള ശത്രുത പുനീതിനെ ഭയപ്പെടുത്തുന്നുണ്ട്. നിരാശയിലായ സഞ്ജ് അമ്മ പിങ്കി നിര്‍ദേശിച്ച മറ്റൊരാളുമായി ജീവിക്കാന്‍ തീരുമാനിക്കുന്നു. സഞ്ജിന്റെ വിവാഹ വാര്‍ത്ത കേട്ട ലാലി, മകന്‍ പുനീതിന്റെ വിവാഹവും അതേ ദിവസം അതേ വേദിയില്‍ തന്നെ നടത്താന്‍ തീരുമാനിക്കുന്നു. പിന്നീട് സംഭവിക്കുന്നത് എന്തെന്നു വച്ചാല്‍ ഈ കുഴപ്പം പിടിച്ച സാഹചര്യത്തില്‍ നിന്നും പുനീതും സഞ്ജും പുറത്തുകടക്കാന്‍ ശ്രമിക്കുന്നു എന്നതാണ്.

ബദ്ധ വൈരികളായ, വീറും വാശിയുമുള്ള അയല്‍വാസികളായ രണ്ട് അമ്മമാര്‍ തമ്മില്‍ പോരാടുന്ന കഥ ആകര്‍ഷകമാണ്. പക്ഷേ, ഇതിനെ ബിഗ് സ്‌ക്രീനിലേക്ക് എത്തിക്കുമ്പോള്‍ സംവിധായകന്‍ നവജ്യോത് ഗുലാത്തിക്ക് ചില പാളിച്ചകള്‍ സംഭവിച്ചു. ലഘുവായ ഇതിവൃത്തത്തിന് ഇന്ധനമേകുന്ന യാതൊന്നും തന്നെ കൂട്ടിച്ചേര്‍ക്കാന്‍ സംവിധായകനു സാധിച്ചിട്ടില്ല. അമ്മമാര്‍ തമ്മിലുള്ള ശത്രുത ഉപരിപ്ലവമായ തലത്തിലാണു കാണിക്കുന്നത്, അത് പ്രേക്ഷകനെ രസിപ്പിക്കുന്നില്ല. പറഞ്ഞു പഴകിയ കഥയുള്ള നിരവധി റോംകോം (റൊമാന്റിക്‌സ്‌കോമഡി) ചിത്രങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അവയൊക്കെ നല്ല ഡയലോഗുകളുടെ സഹായത്തോടെയാണു വിജയിച്ചത്. ഒരൊറ്റ വരിയില്‍ നല്‍കുന്ന തമാശയാണല്ലോ വണ്‍ലൈനര്‍. ഈ ചിത്രത്തില്‍ ഒരു പരിധി കഴിയുമ്പോള്‍ തമാശ ജനിപ്പിക്കാന്‍ വണ്‍ലൈനറുകള്‍ക്കു സാധിക്കുന്നില്ല. കഥ ഇടവേളയ്ക്കു മുന്‍പേ പാളം തെറ്റുന്നു. ഒരിക്കലും പിന്നീട് ട്രാക്കിലേക്കു തിരിച്ചുവരുന്നുമില്ല. മുതിര്‍ന്ന താരങ്ങളാണു സുപ്രിയ പഥകും പൂനം ധില്ലനും. പക്ഷേ ഇരുവരും ശത്രുതയില്‍ കഴിയുന്ന അയല്‍വാസികളായ അമ്മമാരുടെ വേഷത്തില്‍ മികച്ച പ്രകടനമല്ല കാഴ്ചവച്ചിരിക്കുന്നത്. അത് അവരുടെ കുഴപ്പമായി കാണുവാനും സാധിക്കില്ല. അമിത പകിട്ടുള്ള, കാരിക്കേച്ചറിഷ് ആയ കഥാപാത്രങ്ങളായി അവരെ ചുരുക്കിയിരിക്കുകയാണ്. അത് തീര്‍ത്തും നിരാശാജനകവുമാണ്.ഈ ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രങ്ങളാകേണ്ടിയിരുന്ന രണ്ട് അമ്മമാര്‍ക്ക് പ്രാധാന്യമില്ലാതെ പോകും വിധത്തിലാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. രണ്ട് അമ്മമാരെ ശത്രുതയിലേക്കു നയിക്കുന്ന കാരണം പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നതുമല്ല.

ചിത്രത്തില്‍ വിചിത്രമായൊരു രംഗമുണ്ട്, ഒരു സഹോദരന് അനുജത്തിയില്‍നിന്ന് ലൈംഗിക ഉപദേശം ലഭിക്കുന്നതാണ് അത്. ഉപദേശം ലഭിച്ചു കഴിയുമ്പോള്‍ സഹോദരന്‍ പറയുകയാണ് ‘ ചോട്ടി തു തോ ബഡി ഹോ ഗയി ഹേ ‘ (അനുജത്തി, നീ വളര്‍ന്നിരിക്കുന്നു ) എന്ന്. ഗ്ലാമര്‍ ഘടകവും, മികച്ച സംഗീതവും ചിത്രത്തിന്റെ പോസിറ്റീവ് വശങ്ങളാണ്.

Comments

comments

Categories: Movies
Tags: Jai mummy di