ഗിന്നസ് റെക്കോര്‍ഡ് നേടി ഹ്യുണ്ടായ് കോന ഇവി

ഗിന്നസ് റെക്കോര്‍ഡ് നേടി ഹ്യുണ്ടായ് കോന ഇവി

ഏറ്റവും ഉയരം താണ്ടിയ ഇലക്ട്രിക് കാര്‍ എന്ന ലോക റെക്കോര്‍ഡ് കരസ്ഥമാക്കി

ന്യൂഡെല്‍ഹി: ഏറ്റവും ഉയരത്തില്‍ സഞ്ചരിച്ച ഇലക്ട്രിക് കാര്‍ എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ഹ്യുണ്ടായുടെ കോന ഇലക്ട്രിക് എസ്‌യുവി കരസ്ഥമാക്കി. ഇന്ത്യയില്‍ നിര്‍മിച്ച കോന ഇലക്ട്രിക് തിബത്തിലെ സൗല ഹിമാല്‍ കൊടുമുടിയാണ് താണ്ടിയത്. സമുദ്ര നിരപ്പില്‍നിന്ന് 5,731 മീറ്റര്‍ ഉയരത്തിലാണ് ഹ്യുണ്ടായ് കോന ഇവി എത്തിച്ചേര്‍ന്നത്.

ചൈനീസ് ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ നിയോയുടെ ഇഎസ്8 എസ്‌യുവിയുടെ പേരിലാണ് ഇതിനുമുമ്പത്തെ ഗിന്നസ് ലോക റെക്കോര്‍ഡ്. 2018 സെപ്റ്റംബറില്‍ 5,715 മീറ്റര്‍ ഉയരമാണ് നിയോ ഇഎസ്8 താണ്ടിയിരുന്നത്. എട്ട് ദിവസത്തെ യാത്രയ്ക്കുശേഷമാണ് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളുടെ പൂര്‍ണ വൈദ്യുത വാഹനം പര്‍വതശിഖരത്തിലെത്തിയത്. പോര്‍ട്ടബിള്‍ ചാര്‍ജര്‍ കൂടെ കരുതിയിരുന്നു.

ഇന്ത്യയില്‍ 39.2 കിലോവാട്ട് അവര്‍ ലിഥിയം അയണ്‍ ബാറ്ററി പാക്കാണ് ഹ്യുണ്ടായ് കോന ഇവി ഉപയോഗിക്കുന്നത്. പെര്‍മനന്റ് മാഗ്നറ്റ് സിങ്ക്രണസ് മോട്ടോര്‍ 143 എച്ച്പി കരുത്തും 353 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 9.7 സെക്കന്‍ഡ് മതി. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 452 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. നിലവില്‍ 23.71 ലക്ഷം മുതല്‍ 23.9 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto