വിദേശനിക്ഷേപകരെ അകറ്റരുത്

വിദേശനിക്ഷേപകരെ അകറ്റരുത്

ഇന്ത്യയുടെ താല്‍പ്പര്യങ്ങളെ ബലികഴിക്കാതെ വിദേശ നിക്ഷേപം പരമാവധി സ്വീകരിക്കുകയെന്നത് തന്നെയാകണം നയം, പ്രത്യേകിച്ചും സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത്

ശതകോടീശ്വര സംരംഭകനും ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകനും മേധാവിയുമായ ജെഫ് ബെസോസിന്റെ ഇന്ത്യ സന്ദര്‍ശനം പല തലങ്ങളില്‍ ചര്‍ച്ചയാകുകയാണ്. പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച്ച നടത്താനുള്ള അവസരം ലഭിച്ചില്ലെങ്കില്‍ കൂടി ഇന്ത്യയില്‍ പുതുതായി 7200 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ബെസോസ് പ്രഖ്യാപിക്കുകയുണ്ടായി. തീര്‍ത്തും സ്വാഗതം ചെയ്യേണ്ട നീക്കം. എന്നാല്‍ റെയ്ല്‍ മന്ത്രി പിയുഷ് ഗോയല്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന തീര്‍ത്തും ദൗര്‍ഭാഗ്യകരമായിപ്പോയി. ആമസോണ്‍ നടത്തുന്ന ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം ഇന്ത്യയോടുള്ള അനുകമ്പയോ കനിവോ ആയി കാണേണ്ടതില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞുവെച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കാലത്ത് വിദേശ നിക്ഷേപം കൂടുതല്‍ ആകര്‍ഷിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ രാജ്യം ഭരിക്കുന്നവര്‍ തന്നെ പറയുമ്പോള്‍ അത് വിദേശ നിക്ഷേപകരെ ഇന്ത്യയില്‍ നിന്ന് അകറ്റാന്‍ മാത്രമേ ഉപകരിക്കൂ.

2025 നുള്ളില്‍ ഇന്ത്യയില്‍ ഒരു ദശലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും ആമസോണ്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സാങ്കോതികവിദ്യ, അടിസ്ഥാനസൗകര്യം, ലോജിസ്റ്റിക്‌സ് തുടങ്ങിയ രംഗങ്ങളില്‍ സ്ഥിരതയോടെ നിക്ഷേപം നടത്തുമെന്നാണ് ബെസോസിന്റെ സ്ഥാപനം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് ഇവര്‍ സൃഷ്ടിച്ചത് 700,000 തൊഴിലുകളാണെന്നതും വിസ്മരിച്ചുകൂട.

ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകുമെന്ന് പറഞ്ഞ ബെസോസിനോട് നിങ്ങളുടെ ഉടമസ്ഥതയിലുള്ള വാഷിംഗ്ടണ്‍ പത്രം നിയന്ത്രിച്ചിട്ട് വരൂ എന്നെല്ലാമുള്ള പക്വതയില്ലാത്ത ട്രോളുകളാണ് ട്വിറ്ററില്‍ ഒരു വിഭാഗത്തില്‍ നിന്നുണ്ടായതെന്നും ഓര്‍ക്കേണ്ടതുണ്ട്. അമേരിക്കന്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫഌപ്കാര്‍ട്ടിനും ആമസോണിനുമെതിരെ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ അന്വേഷണം നടത്തുന്നതിനിടെയായിരുന്നു ബെസോസിന്റെ ഇന്ത്യ സന്ദര്‍ശനം. ഇതില്‍ ആമസോണിന് വലിയ ആശങ്കയുള്ളതായി ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട നയങ്ങളിലെ അപ്രവചീനയതയിലും ഇരു കമ്പനികളും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതൊക്കെയാണെങ്കിലും ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കാനുമുള്ള ആമസോണിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യേണ്ടതുണ്ട്. ഇ-കൊമേഴ്‌സ് രീതികളിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ അതിന്റെ വഴിക്ക് നടക്കട്ടെ. ഇ-കൊമേഴ്‌സിനെയും പരമ്പരാഗത റീറ്റെയ്ല്‍ രീതികളെയും ഒരുപോലെ പ്രോല്‍സാഹിപ്പിച്ച് വിപണിയെ ചലനാത്മകമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അല്ലാതെ ആരെയും നിരുല്‍സാഹപ്പെടുത്താനല്ല.

ഏതൊരു ബിസിനസിന്റെയും ലക്ഷ്യം ലാഭമാണ്. അല്ലാതെ നഷ്ടം വരാന്‍ ആരും ബിസിനസ് ചെയ്യില്ല. വലിയ നിക്ഷേപവും നടത്തില്ല. മാത്രമല്ല നിക്ഷേപത്തിലൂടെ ലാഭം നേടാമെന്ന് ആഗ്രഹിക്കുന്നത് ഒരു തെറ്റല്ല. അത് എന്തോ മോശം കാര്യമാണെന്ന് ചിന്തിക്കുന്നത് തീര്‍ത്തും സംരംഭകത്വ വിരുദ്ധ മനോഭാവമാണ്. തൊഴിലെടുക്കുന്നത് ശമ്പളം ലഭിക്കാനും വരുമാനത്തിനും ജീവിതം മെച്ചപ്പെടുത്താനുമല്ലേ. അല്ലാതെ മുതലാളിയോടോ സംരംഭകനോടോ ഉള്ള അനുകമ്പ കൊണ്ടൊന്നുമല്ലല്ലോ. ലളിതമായ ഈ സത്യം അധികാര സ്ഥാനത്തിരിക്കുന്നവര്‍ കണ്ടില്ലെന്ന് നടിക്കരുത്. രാജ്യത്തെ നിലവിലെ നിയമങ്ങളനുസരിച്ചാണോ നിക്ഷേപം നടത്തുന്നത് എന്നത് ഉറപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാര്‍ നിറവേറ്റുകയും വേണം.

Categories: Editorial, Slider