ടോള്‍ പ്ലാസകളില്‍ ക്യൂവിന്റെ നീളം കൂടുന്നു

ടോള്‍ പ്ലാസകളില്‍ ക്യൂവിന്റെ നീളം കൂടുന്നു

ഡിസംബര്‍ 15-ജനുവരി 14 കാലയളവില്‍ ടോളുകളിലെ കാത്തിരിപ്പ് സമയം 9 മിനിറ്റ് 57 സെക്കന്‍ഡുകള്‍ ആയി ഉയര്‍ന്നു

ന്യൂഡെല്‍ഹി: ദേശീയ പാതകളിലെ ടോള്‍ പിരിവ് കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് നേരിട്ടല്ലാതെ ടോള്‍ തുക ഈടാക്കാന്‍ സഹായിക്കുന്ന ഫാസ്ടാഗ് സംവിധാനം നിലവില്‍ വന്നതോടെ രാജ്യമെങ്ങും ടോള്‍ പ്ലാസകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഫാസ്ടാഗ് സംവിധാനം നിര്‍ബന്ധമാക്കിയതോടെയാണ് ടോള്‍ പ്ലാസകളിലെ ക്യൂവിന് നീളം കൂടിയത്.

488 ടോള്‍ ബൂത്തുകളിലെ വിവരങ്ങള്‍ ശേഖരിക്കുന്ന കേന്ദ്രീകൃത ടോള്‍ പ്ലാസാ ഗതാഗത നിരീക്ഷണ സംവിധാനത്തിലെ കണക്കുകള്‍ പ്രകാരം 2019 നവംബര്‍ 15 മുതല്‍ ഡിസംബര്‍ വരെ ശരാശരി കാത്തിരിപ്പ് സമയം 7 മിനിറ്റ് 44 സെക്കന്‍ഡുകള്‍ ആയിരുന്നു. എന്നാല്‍ ഫാസ്ടാഗ് വ്യാപകമായി ഉപയോഗത്തിലെത്തിയ ഡിസംബര്‍ 15-ജനുവരി 14 കാലയളവില്‍ ഇത് 9 മിനിറ്റ് 57 സെക്കന്‍ഡുകള്‍ ആയി ഉയരുകയായിരുന്നു. വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് മേഖലയിലെ നിരീക്ഷകര്‍ പറയുന്നത്.

ഡിസംബര്‍ മാസത്തോടെ ഫാസ്ടാഗ് നിര്‍ബന്ധമാക്കാന്‍ ഉദ്ദേശിക്കുന്നതായി കഴിഞ്ഞ ഒക്‌റ്റോബറിലാണ് കേന്ദ്ര ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. ആദ്യം നിശ്ചയിച്ച സമയപരിധി ഡിസംബര്‍ 15 ആയിരുന്നു. എന്നാല്‍ ഇത് പിന്നീട് ജനുവരി 15 ലേക്ക് നീട്ടുകയായിരുന്നു. ഏകദേശം 60 ലക്ഷം വാഹനങ്ങളാണ് ഇന്ത്യയിലെ ടോള്‍ പ്ലാസകളിലൂടെ പ്രതിദിനം കടന്നുപോവുന്നത്. വാഹനത്തിന്റെ ചില്ലില്‍ ഒട്ടിക്കുന്ന സ്റ്റിക്കറിലുള്ള ബാര്‍കോഡ്, റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചുള്ള തിരിച്ചറിയല്‍ സംവിധാനം (ആര്‍എഫ്‌ഐഡി) വഴി തിരിച്ചറിയുകയും ആവശ്യമായ പണം അതില്‍ നിന്ന് ഈടാക്കുകയും ചെയ്യും. ഇതിനായി പ്രത്യേക യന്ത്രം പ്ലാസയില്‍ സ്ഥാപിച്ചിട്ടുണ്ടാവും. ഫാസ്ടാഗ് പ്രീപെയ്ഡ് രീതിയിലാണ് റീച്ചാര്‍ജ് ചെയ്യുന്നത്.

Categories: FK News