ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളുടെയും എക്‌സിറ്റ് വിസ ഖത്തര്‍ എടുത്തുകളഞ്ഞു

ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളുടെയും എക്‌സിറ്റ് വിസ ഖത്തര്‍ എടുത്തുകളഞ്ഞു
  • ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആശ്വാസം
  • തീരുമാനം 2022 ലോകകപ്പിന് മുന്നോടിയായി
  • സായുധസേന അംഗങ്ങള്‍ക്കും കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും തീരുമാനം ബാധകമല്ല

ദോഹ: കുടിയേറ്റ തൊഴിലാളികള്‍ രാജ്യം വിടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന എക്‌സിറ്റ് വിസ സംവിധാനം എടുത്തുകളഞ്ഞതായി ഖത്തര്‍. നേരത്തെ ചില മേഖലകളിലെ വിദേശ തൊഴിലാളികള്‍ക്കുള്ള എക്‌സിറ്റ് വിസ ഒഴിവാക്കിയിരുന്നെങ്കിലും ഭൂരിഭാഗം മേഖലകളിലുമുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടാന്‍ സാധിക്കുന്ന തരത്തില്‍ വ്യാപകമായി നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നത് ഇതാദ്യമായാണ്. 2022ല്‍ ഖത്തര്‍ വേദിയാകാന്‍ പോകുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടപ്പിലാക്കുന്ന ഒരുനിര പരിഷ്‌കാരങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനവും.

മുന്‍ പരിഷ്‌കാരങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട, പ്രധാനമായും നേപ്പാള്‍, ഇന്ത്യ, ഫിലിപ്പീന്‍സ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് ഗാര്‍ഹിക തൊഴിലാളികളുടെ എക്‌സിറ്റ് വിസ സംവിധാനത്തിന് അറുതി വരുത്തുന്നതാണ് പ്രഖ്യാപനം. നേരത്തെ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ട ഇവര്‍ തൊളില്‍രംഗത്തെ ചൂഷണങ്ങള്‍ക്ക് ഇരയാകുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു.

ലോകകപ്പിനോട് അനുബന്ധിച്ച് നടക്കുന്ന തൊഴില്‍പീഡനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര യൂണിയനുകളും ആക്ടിവിസ്റ്റുകളും രംഗത്ത് വന്നതോടെയാണ് അവയ്ക്കുള്ള മറുപടിയെന്നോണം ഖത്തര്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. ലോകകപ്പിലൂടെ വികസനവും സാമ്പത്തിക പുരോഗതിയും ലക്ഷ്യമിടുന്ന ഖത്തര്‍ എല്ലാ പ്രവാസി തൊഴിലാളികളെയും സംരക്ഷിക്കുന്ന ആധുനിക സംവിധാനമാണ് തങ്ങള്‍ മുന്നോട്ടുവെക്കുന്നതെന്ന സന്ദേശമാണ് ഇത്തരം പരിഷ്‌കാരങ്ങളിലൂടെ നല്‍കാന്‍ ശ്രമിക്കുന്നത്. എക്‌സിറ്റ് പെര്‍മിറ്റുകള്‍ എടുത്തുകളയാനുള്ള തീരുമാനം സര്‍ക്കാരിന്റെ തൊഴില്‍ പരിഷ്‌കരണ അജന്‍ഡയിലെ നാഴികകല്ലാണെന്ന് ഖത്തറിലെ അന്താരാഷ്ട്ര തൊഴില്‍ സംഘടന മേധാവി ഹൗതന്‍ ഹൊമയൂണ്‍പൂര്‍ പറഞ്ഞു.

2018ല്‍ നിരവധി വിദേശ കുടിയേറ്റ തൊഴിലാളികളുടെ എക്‌സിറ്റ് വിസ ഖത്തര്‍ എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികള്‍, സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, എണ്ണ, വാതക മേഖലാ ജീവനക്കാര്‍, കാര്‍ഷിക, നാവിക മേഖലയിലുള്ളവര്‍ ഈ തീരുമാനത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. പുതിയ തീരുമാനത്തോടെ നിയന്ത്രണങ്ങളില്ലാതെ രാജ്യം വിടാന്‍ സാധിക്കുന്നവരുടെ ഗണത്തിലേക്ക് ഇവരും എത്തിയെങ്കിലും സായുധ സേന, കമ്പനികളില്‍ പ്രധാനസ്ഥാനം വഹിക്കുന്നവര്‍ എന്നിവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും. ഖത്തര്‍ വിടുന്നതിന് മുന്‍കൂര്‍ അനുമതി വേണ്ട പരമാവധി 5 ശതമാനം ജീവനക്കാര്‍ ആരാണെന്ന് കമ്പനികള്‍ക്ക് തീരുമാനിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

പ്രവാസികള്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വിദേശ തൊഴിലാളികള്‍ക്കായി ‘കഫാല സ്‌പോസര്‍ഷിപ്പ’് സംവിധാനം സാധാരണമാണ്. പ്രകൃതി വാതകങ്ങളുടെ രാജ്യമായ ഖത്തറില്‍ തൊഴിലുടമകളുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ തൊഴിലാളികള്‍ക്ക് ജോലി മാറ്റം സാധ്യമാകൂ. വിദേശതൊഴിലാളികളോടുള്ള മോശം പെരുമാറ്റത്തെ തുടര്‍ന്ന് 2017ല്‍ ഐക്യരാഷ്ട്രസഭ സ്ഥാപനമായ അന്താരാഷ്ട്ര തൊഴില്‍ സംഘടന ഖത്തറിനെതിരെ നടപടിയെടുത്തിരുന്നു. അതിനുശേഷമാണ് ഖത്തര്‍ തൊഴില്‍രംഗത്ത് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിത്തുടങ്ങിയത്.

Comments

comments

Categories: Arabia
Tags: Exit visa, Qatar