കാട്ടുതീ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് എമിറേറ്റ്‌സ്

കാട്ടുതീ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് എമിറേറ്റ്‌സ്
  • എമിറേറ്റ്‌സ്‌റെഡ് വില്‍പ്പനയുടെ പത്ത് ശതമാനം സംഭാവനയായി നല്‍കും
  • ആഗോളതല ധനസമാഹരണ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനിയുടെ
  • ആഗോളശൃംഖല ഉപയോഗപ്പെടുത്തും

ദുബായ്: കാട്ടുതീയില്‍ വെന്തെരിഞ്ഞ ഓസ്‌ട്രേലിയയ്ക്ക് ദുബായിലെ എമിറേറ്റ്‌സ് വിമാനക്കമ്പനിയുടെ സഹായഹസ്തം. കാട്ടുതീ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം നല്‍കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ഫെബ്രുവരി 16 വരെയുള്ള ദിവസങ്ങളില്‍ എമിറേറ്റ്‌സിന്റെ ഓരോ വിമാനങ്ങളിലെയും എമിറേറ്റ്‌സ്‌റെഡ് വില്‍പ്പനയുടെ പത്ത് ശതമാനമാണ് കമ്പനി കാട്ടുതീയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നത്.

കാട്ടുതീ ബാധിതരായ ഓസ്‌ട്രേലിയയിലെ മുഴുവന്‍ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള പുനരധിവാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് എമിറേറ്റ്‌സ് ധനസഹായം നല്‍കുക. കമ്പനിവക ധനസഹായത്തിന് പുറമേ ആഗോളതല ധനസമാഹരണ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനിയുടെ ആഗോളശൃംഖല ഉപയോഗപ്പെടുത്തുമെന്നും എമിറേറ്റ്‌സ് പ്രസിഡന്റ് സര്‍ ടിം ക്ലര്‍ക്ക് അറിയിച്ചു. കാട്ടുതീ ബാധിതര്‍ക്കായി ജീവനക്കാരില്‍ നിന്നും എമിറേറ്റ്‌സ് ധനസമാഹരണം നടത്തുന്നുണ്ട്. ധനസമാഹരണം കൂടാതെ, കാട്ടുതീ മൂലം വിമാനയാത്രകള്‍ മാറ്റിവെക്കേണ്ടി വന്ന ഓസ്‌ട്രേലിയന്‍ നിവാസികള്‍ക്ക് മറ്റുദിവസങ്ങളിലേക്ക് യാത്ര മാറ്റുന്നതിനായുള്ള ഫീസ (റിഷെഡ്യൂള്‍ ഫീസ്) വേണ്ടെന്നുവെക്കാനും എമിറേറ്റ്‌സ് തീരുമാനിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്കും യാത്ര ചെയ്യുന്ന എല്ലാ എമിറേറ്റ്‌സ് യാത്രികര്‍ക്കും ഈ ഇളവ് ലഭ്യമാകും.

കാട്ടുതീയെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ ഗ്രേറ്റര്‍ ബ്ലൂ പര്‍വ്വതമേഖലയിലെ എമിറേറ്റ്‌സിന്റെ എമിറേറ്റ്‌സ് വണ്‍ ആന്‍ഡ് ഓണ്‍ലി വോല്‍ഗന്‍ വാലിയെന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ കമ്പനി അടച്ചിരുന്നു. വിമാനത്തിലും ഭൂമിയിലും സുരക്ഷയ്ക്കാണ് കമ്പനി മുന്‍ഗണന നല്‍കുന്നതെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ഹോട്ടല്‍ തുറക്കില്ലെന്നും ക്ലര്‍ക്ക് അറിയിച്ചു.

ഓസ്‌ട്രേലിയയുമായി ശക്തമായ ബന്ധം കാത്തുസൂക്ഷിക്കുന്ന എമിറേറ്റ്‌സ് അവിടുത്തെ പല പ്രധാന പരിപാടികളുടെയും സ്‌പോണ്‍സര്‍ കൂടിയാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ അസോസിയേറ്റ് പാര്‍ട്ണറും ഓസ്‌ട്രേലിയയിലെ ആഡെലേഡ് ഉത്സവത്തിന്റെ പ്രധാന സ്‌പോണ്‍സറും എമിറേറ്റ്‌സാണ്. ഓസ്‌ട്രേലിയയിലെ പ്രാദേശിക വിതരണക്കാരായ യാര വാലി ഡയറി, ബ്രസ്സീര്‍ ബ്രെഡ് തുടങ്ങിയവരുമായി എമിറേറ്റ്‌സിന് പങ്കാളിത്തമുണ്ട്. മാത്രമല്ല എമിറേറ്റ്‌സ് വിമാനങ്ങളില്‍ വിളമ്പുന്ന പല വൈനുകളും ഓസ്‌ട്രേലിയയില്‍ നിന്നുള്ളതാണ്. സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബെയിന്‍, പെര്‍ത്ത്, ആഡെലേഡ് എന്നീ നഗരങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ ഉള്‍പ്പടെ ആഴ്ചയില്‍ 77 വിമാനസര്‍വീസുകളാണ് എമിറേറ്റ്‌സ് ഓസ്‌ട്രേലിയയിലേക്ക് നടത്തുന്നത്.

Comments

comments

Categories: Arabia
Tags: Bushfire