മിസൈല്‍ സുരക്ഷാ കവചം 2025 ല്‍ സജ്ജമാകും

മിസൈല്‍ സുരക്ഷാ കവചം 2025 ല്‍ സജ്ജമാകും
  • മിസൈല്‍ വേധ സുരക്ഷാ സംവിധാനത്തിന്റെ അഞ്ച് യൂണിറ്റുകളും 2025 ഓടെ റഷ്യ കൈമാറും
  • എസ്-400 ട്രയംഫിന്റെ ആദ്യ യൂണിറ്റ് 2020 അവസാനത്തോടെ ഇന്ത്യക്ക് ലഭിക്കുമെന്ന് മോസ്‌കോ
  • ചൈനയെ തളളി റഷ്യ; കശ്മീര്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ഉഭയകക്ഷി വിഷയമെന്ന് റഷ്യന്‍ എംബസി

2025 ഓടെ അഞ്ച് എസ്-400 സംവിധാനങ്ങളും റഷ്യ ഇന്ത്യക്ക് കൈമാറും. എല്ലാ സംവിധാനങ്ങളുടെയും നിര്‍മാണം ആരംഭിച്ചു. ചിലത് ഏറെ മുന്നേറിക്കഴിഞ്ഞു

-റോമന്‍ ബബുഷ്‌കിന്‍, റഷ്യന്‍ നയതന്ത്ര ഉപ മേധാവി

ന്യൂഡെല്‍ഹി: യുഎസ് ഉപരോധ ഭീഷണിയെ അവഗണിച്ച് എസ് 400 പ്രതിരോധ കരാറുമായി ഇന്ത്യയും റഷ്യയും മുന്നോട്ട്. 2025 ഓടെ എസ്-400 ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനം പൂര്‍ണമായും ഇന്ത്യക്ക് കൈമാറുമെന്ന് റഷ്യ വ്യക്തമാക്കി. അഞ്ച് എസ്-400 ട്രയംഫ് മിസൈല്‍ യൂണിറ്റുകളാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങുന്നത്. ഇന്ത്യയ്ക്ക് നല്‍കാനുള്ള എസ്-400 പ്രതിരോധ മിസൈലുകളുടെ നിര്‍മാണം ആരംഭിച്ച് കഴിഞ്ഞെന്ന് ഡെല്‍ഹിയിലെ റഷ്യന്‍ എംബസിയിലെ ഉപമേധാവി റോമന്‍ ബബുഷ്‌കിന്‍ വ്യക്തമാക്കി. 2020 അവസാനത്തോടെയോ 2021 ന്റെ തുടക്കത്തിലോ ആദ്യ എസ്-400 സംവിധാനം ഇന്ത്യക്ക് ലഭിക്കും. അടുത്ത നാല് വര്‍ഷം കൊണ്ടാവും ശേഷിക്കുന്ന യൂണിറ്റുകള്‍ കൈമൈാറുക.

പാക്കിസ്ഥാന്റെയും ചൈനയുടെയും ഭാഗത്തുനിന്ന് ഉയരുന്ന ആണവാക്രമണ ഭീഷണിയെയടക്കം നേരിടാനാണ് എസ്-400 ട്രയംഫ് ഇന്ത്യ സ്വന്തമാക്കുന്നത്. 2018 ഒക്‌റ്റോബറിലാണ് 40,000 കോടി രൂപയ്ക്ക് അത്യാധുനിക എസ്-400 സംവിധാനത്തിന്റെ കരാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും ഒപ്പിട്ടത്. പേട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കാമെന്ന യുഎസ് വാഗ്ദാനം തള്ളിയായിരുന്നു ഈ കരാര്‍. ഇതിന് പിന്നാലെ ഇന്ത്യക്കും റഷ്യക്കും മേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപരോധ ഭീഷണി മുഴക്കി. ആഭ്യന്തര സുരക്ഷയാണ് പ്രധാനമെന്ന് ചൂണ്ടിക്കാട്ടി യുഎസ് ഉപരോധ ഭീഷണിയെ ഇന്ത്യ തള്ളി. കരാര്‍ നടപ്പായാല്‍ ഉപരോധത്തില്‍ ഒരു ഇളവും നല്‍കില്ലെന്ന് കഴിഞ്ഞയാഴ്ച അവസാന ശ്രമമെന്ന നിലയില്‍ അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യന്‍ പൊതുമേഖലാ സ്ഥാപനമായ അല്‍മാസ്-ആന്റേയ് ആണ് എസ്-400 നിര്‍മിക്കുന്നത്. മുന്‍പ് റഷ്യന്‍ സൈന്യത്തിന് മാത്രം ലഭ്യമായിരുന്ന ഈ സംവിധാനം 2007 മുതല്‍ ഉപയോഗത്തിലുണ്ട്. നേരത്തെ പ്രചാരത്തിലുണ്ടായിരുന്ന എസ്-300ന്റെ നവീകരിച്ച രൂപമാണ് എസ്-400. ചൈനയും റഷ്യയില്‍ നിന്ന് എസ്-400 സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും നവീകരിച്ച സംവിധാനമാകും ഇന്ത്യക്ക് ലഭിക്കുക.

എസ്-400

40 കിലോമീറ്റര്‍ മുതല്‍ 400 കിലോമീറ്റര്‍ വരെ ദൂര പരിധിയുള്ള നാല് തരത്തിലുള്ള മിസൈസലുകളാണ് എസ്-400 ല്‍ ഉള്ളത്. അത്യാധുനിക റഡാറുകളും ഉപഗ്രഹ സംവിധാനവുമുപയോഗിച്ച് 600 കിലോമീറ്റര്‍ ചുറ്റളവിലുള്ള എത് ലക്ഷ്യവും നിരന്തരം നിരീക്ഷിക്കും. ശത്രുവിന്റെ മിസൈല്‍, വിമാനം, ഡ്രോണ്‍ എന്നിവ 400 കികോമീറ്റര്‍ പരിധിയില്‍ പ്രവേശിച്ചാല്‍ അന്തരീക്ഷത്തില്‍ വെച്ചു തന്നെ തകര്‍ക്കും. ഒരേസമയം 36 ലക്ഷ്യങ്ങള്‍ ഭേദിക്കാനുള്ള മാരക പ്രഹരശേഷി.

കശ്മീര്‍ വിഷയത്തില്‍ പിന്തുണ

കശ്മീര്‍ വിഷയം അന്താരാഷ്ട്രവല്‍ക്കരിക്കാനുള്ള പാക്-ചൈന ലോബിക്ക് റഷ്യയുടെ മുന്നറിയിപ്പ്. ഇന്ത്യയുടെ കശ്മീര്‍ സമീപനത്തില്‍ റഷ്യയ്ക്ക് ഒരു സംശയവുമില്ലെന്ന് റഷ്യന്‍ നയതന്ത്ര പ്രതിനിധി നിക്കോളായ് കുഡാഷേവ് പറഞ്ഞു. ‘കശ്മീരിനോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ സംശയമുള്ളവര്‍ക്ക് അവിടെ പോയി നോക്കാം. ഞങ്ങള്‍ക്ക് യാതൊരു സംശയവുമില്ല’ അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക എന്നത് ഉഭകക്ഷി ബന്ധത്തില്‍ സുപ്രധാന കാര്യമാണെന്നും യുഎന്‍ രക്ഷാസമിതിയില്‍ കാശ്മീര്‍ വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ചൈനയുടെ ശ്രമം പരാജയപ്പെട്ടതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു. കശ്മീര്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ഉഭയകക്ഷി വിഷയമാണെന്നും റഷ്യന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി.

Categories: FK News, Slider
Tags: missiles