ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം യുഎന്‍ 5.7 % ആയി വെട്ടിക്കുറച്ചു

ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം യുഎന്‍ 5.7 % ആയി വെട്ടിക്കുറച്ചു

അടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച സംബന്ധിച്ച നിഗമനം 6.6 ശതമാനമായി കുറച്ചിട്ടുണ്ട്

ന്യൂയോര്‍ക്ക്: നീണ്ട വ്യാപാര തര്‍ക്കങ്ങള്‍ കാരണം ആഗോള സമ്പദ്‌വ്യവസ്ഥ 2019ല്‍ 2.3 ശതമാനം എന്ന പരിമിതമായ വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വികസ്വര സമ്പദ് വ്യവസ്ഥകള്‍ 2020ല്‍ കൂടുതല്‍ മെച്ചപ്പെട്ട വളര്‍ച്ച മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ രേഖപ്പെടുത്തുമെന്നാണ് ഐക്യരാഷ്ട്ര സഭ (യുഎന്‍) നടത്തിയ പഠനം വ്യക്തമാക്കുന്നത്.

യുഎനിന്റെ വേള്‍ഡ് ഇക്കൊണോമിക് സിറ്റുവേഷന്‍ ആന്റ് പ്രോസ്‌പെക്റ്റ്‌സ് (ഡബ്ല്യുഇഎസ്പി) 2020 റിപ്പോര്‍ട്ട് അനുസരിച്ച്, ആഗോള തലത്തില്‍ ഈ വര്‍ഷം 2.5 ശതമാനം വളര്‍ച്ചാ നിരക്ക് സാധ്യമാണ്. എന്നാല്‍ വ്യാപാര പിരിമുറുക്കങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവ വര്‍ധിക്കുന്നത് വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന സാഹചര്യമുണ്ടായാല്‍ വളര്‍ച്ച 1.8 ശതമാനം വരെ കുറയാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചാ നിഗമനം 5.7 ശതമാനമായി കുറച്ചിട്ടുണ്ട്. ഡബ്ല്യുഇഎസ്പി 2019 റിപ്പോര്‍ട്ടില്‍ 7.6 ശതമാനം വളര്‍ച്ച 2019-20ല്‍ ഉണ്ടാകുമെന്ന് വിലയിരുത്തിയിരുന്ന സ്ഥാനത്താണിത്. അടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച സംബന്ധിച്ച നിഗമനം 6.6 ശതമാനമായി കുറച്ചിട്ടുണ്ട്. മുന്‍ നിഗമനം 7.4 ശതമാനമായിരുന്നുന്ന്). 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 6.3 ശതമാനം വളര്‍ച്ചാ നിരക്ക് ഇന്ത്യ പ്രകടമാക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ട് കണക്കുകൂട്ടുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായാണ് റിപ്പോര്‍ട്ട് നിജപ്പെടുത്തിയിട്ടുള്ളത്. യുഎന്‍ പഠനമനുസരിച്ച്, അഞ്ച് രാജ്യങ്ങളില്‍ ഒന്ന് എന്ന കണക്കില്‍ ഈ വര്‍ഷം പ്രതിശീര്‍ഷ വരുമാനത്തില്‍ നിശ്ചലാവസ്ഥയോ ഇടിവോ ഈ വര്‍ഷം പ്രകടമാക്കും. എന്നാല്‍ പ്രതിശീര്‍ഷ ജിഡിപി വളര്‍ച്ചാ നിരക്ക് 4 ശതമാനത്തിന് മുകളില്‍ രേഖപ്പെടുത്താന്‍ സാധ്യതയുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന ദുര്‍ബലാവസ്ഥ ദാരിദ്ര്യ നിര്‍മാര്‍ജനവും മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും അടക്കമുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് തിരിച്ചടി നല്‍കിയേക്കാമെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. വ്യാപകമായ അസമത്വങ്ങളും കാലാവസ്ഥാ പ്രതിസന്ധിയും ലോകത്തിന്റെ പല ഭാഗങ്ങളിലും അസംതൃപ്തി വര്‍ധിക്കുന്നതിന് ഇടയാക്കുന്നുവെന്നും യുഎന്‍ വിലയിരുത്തുന്നു.

Comments

comments

Categories: FK News

Related Articles