ഫണ്ടിംഗ് യുഎഇ നല്‍കും; എക്‌സ്‌പോ 2020യില്‍ പങ്കെടുക്കുമെന്ന് അമേരിക്ക

ഫണ്ടിംഗ് യുഎഇ നല്‍കും; എക്‌സ്‌പോ 2020യില്‍ പങ്കെടുക്കുമെന്ന് അമേരിക്ക

അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍ക്കായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കരുതെന്ന നിയമമാണ് അമേരിക്കയ്ക്ക് വെല്ലുവിളിയായത്

ദുബായ്: ഫണ്ടിംഗ് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ എക്‌സ്‌പോ 2020 ദുബായില്‍ അമേരിക്ക പങ്കെടുത്തേക്കുമെന്ന പ്രഖ്യാപനവുമായി സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ്. അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിക്കരുതെന്ന നിയമമാണ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതില്‍ നിന്നും അമേരിക്കയെ വിലക്കിയിരുന്നത്. ഒടുവില്‍ ലോകശ്രദ്ധ നേടിയ എക്‌സ്‌പോയില്‍ അമേരിക്കയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി യുഎഇ തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു. എക്‌സ്‌പോയിലെ അമേരിക്കന്‍ പവലിയണ് വേണ്ടി യുഎഇ ഫണ്ടിംഗ് നല്‍കും.

യുഎഇയും അമേരിക്കയും തമ്മിലുള്ള ശക്തമായ ബന്ധത്തിന് തെളിവാണിതെന്നും എക്‌സ്‌പോ 2020 ദുബായിലെ യുഎസ് പവലിയണ്‍ ആസ്വദിക്കാന്‍ അന്താരാഷ്ട്ര കാണികള്‍ക്ക് ലഭിച്ചിരിക്കുന്ന ചരിത്രപരമായ അവസരമാണിതെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എക്‌സ്‌പോയില്‍ അമേരിക്കയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ നേതൃത്വത്തില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് പ്രഖ്യാപനം.

ലോകപ്രദര്‍ശനങ്ങള്‍ക്കായി സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിക്കുന്നതിനെതിരായി 1990ല്‍ അമേരിക്കയില്‍ നിയമം പാസാക്കിയിരുന്നു. എക്‌സ്‌പോയില്‍ അമേരിക്കയുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി ഈ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ നീക്കം നടന്നെങ്കിലും സെനറ്റ് തടസം നിന്നതോടെ അത് പരാജയപ്പെട്ടു. തുടര്‍ന്ന് പവലിയണ്‍ നിര്‍മാണത്തിന് സ്വകാര്യമേഖലയില്‍ നിന്നും ഫണ്ട് കണ്ടെത്താന്‍ പോംപിയോയുടെ നേതൃത്വത്തില്‍ ശ്രമം നടന്നു. എന്നാല്‍ രണ്ടുവര്‍ഷത്തെ അക്ഷീണ പരിശ്രമത്തിനൊടുവിലും പവലിയണ്‍ പ്രോജക്ട് നടപ്പിലാക്കുന്നതിനാവശ്യമായ 60 മില്യണ്‍ ഡോളര്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് കഴിഞ്ഞ മാസം അറിയിച്ചു. ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച പരിപാടിയില്‍ അമേരിക്കയ്ക്ക് പവലിയണ്‍ ഇല്ലാതെ പോകുന്നതിനെതിരെ യുഎസ്-യുഎഇ ബിസിനസ് കൗണ്‍സില്‍ അടക്കം രംഗത്തുവന്നിരുന്നു.

അവസാനം എക്‌സ്‌പോയ്ക്ക് മാസങ്ങള്‍ മാത്രം അവശേഷിക്കെ യുഎഇയുടെ സഹായത്തോടെ എക്‌സ്‌പോയുടെ ഭാഗമാകാന്‍ അമേരിക്കയ്ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. യുഎഇയുമായി ചേര്‍ന്ന് പവലിയണ്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഒക്ടോബറില്‍ നടക്കുന്ന എക്‌സ്‌പോയില്‍ അമേരിക്കയിലെ സ്വകാര്യ മേഖലയ്ക്ക് അവരുടെ കണ്ടുപിടിത്തങ്ങളും സര്‍ഗാത്മകതയും ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാനും പുതിയ വിപണികളും പങ്കാളിത്തങ്ങളും കണ്ടെത്താനുമുള്ള സുവര്‍ണാവസരം ലഭിച്ചിരിക്കുകയാണെന്ന് അറിയിച്ചു.

Comments

comments

Categories: Arabia