90.54 കോടി രൂപയുടെ അറ്റാദായവുമായി എസ്‌ഐബി

90.54 കോടി രൂപയുടെ അറ്റാദായവുമായി എസ്‌ഐബി
  • അറ്റ പലിശ വരുമാനത്തില്‍ ഉണ്ടായ നേട്ടം ബാങ്കിന് ഗുണകരമായി
  •  പ്രവര്‍ത്തന ലാഭം 332.01 കോടി രൂപയില്‍ നിന്ന് 383.14 കോടി രൂപയായി. 15.40 ശതമാനം വര്‍ധന
  • അറ്റ പലിശ വരുമാനത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 15.81 ശതമാനം വര്‍ധനയുണ്ടായി. ഇതര വരുമാനത്തില്‍ 18.02 ശതമാനം ആണ് വര്‍ധന

കൊച്ചി: 2019-20 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ എട്ട് ശതമാനം വര്‍ധനവോടെ സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്‌ഐബി) 90.54 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലിത് 83.85 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭം 332.01 കോടി രൂപയില്‍ നിന്ന് 383.14 കോടി രൂപയായി ഉയര്‍ന്നു. 15.40 ശതമാനമാണ് വര്‍ദ്ധന. അറ്റ പലിശ വരുമാനത്തിലുണ്ടായ നേട്ടമാണ് ഈ വര്‍ദ്ധന കൈവരിക്കാന്‍ സഹായിച്ചത്. ബാങ്കിന്റെ ആകെ ബിസിനസ് മൂന്നാം പാദത്തില്‍ 1,50,000 കോടി രൂപ കടന്നു. ഇത് 12,479 കോടി രൂപ വര്‍ദ്ധിച്ച് 1,50,208 കോടി രൂപയായി. ഒമ്പത് ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. നിക്ഷേപങ്ങള്‍ (സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് കൂടാതെ) 7,942 കോടി രൂപ വര്‍ദ്ധിച്ച് 80,451 കോടി രൂപയായി. 11 ശതമാനമാണ് വളര്‍ച്ചാ നിരക്ക്. കറന്റ്, സേവിംഗ്സ് എക്കൗണ്ടുകള്‍ 2,517 കോടി രൂപ വര്‍ദ്ധിച്ച് 21,422 കോടി രൂപയും, വായ്പകള്‍ 5,270 കോടി രൂപ വര്‍ദ്ധിച്ച് 65,334 കോടി രൂപയുമായി.

അറ്റ പലിശ വരുമാനത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 15.81 ശതമാനം വര്‍ധനയുണ്ടായി. ഇതര വരുമാനത്തില്‍ 18.02 ശതമാനം ആണ് വര്‍ധന. മൊത്തം നിഷ്‌ക്രിയ ആസ്തി 4.96 ശതമാനമായി. റീട്ടെയില്‍, കാര്‍ഷിക, എംഎസ്എംഇ മേഖലകളില്‍ ഉള്ള വായ്പാ വര്‍ദ്ധന ബാങ്കിനെ ഒരു റീട്ടെയില്‍ പവര്‍ ഹൗസ് ആക്കുക എന്ന ലക്ഷ്യത്തെ വളരെ വേഗം കൈവരിക്കാന്‍ സഹായിക്കുന്നു എന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി ജി മാത്യു പറഞ്ഞു. കൂടാതെ, കോര്‍പറേറ്റ് മേഖലകളിലേക്കുള്ള വായ്പകളുടെ അനുപാതം വാര്‍ഷികാടിസ്ഥാനത്തില്‍ 35 ശതമാനത്തില്‍ നിന്നും 30 ശതമാനമാക്കി കുറച്ച് കൊണ്ട്, റീട്ടെയില്‍ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത് ബാങ്കിന്റെ ബാലന്‍സ് ഷീറ്റിന് ശക്തി പകര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ഷികാടിസ്ഥാനത്തില്‍ റീട്ടെയില്‍ മേഖല 17.66 ശതമാനം വര്‍ദ്ധിച്ചു. മൊത്തം മോര്‍ട്ട്ഗേജ് മേഖലയിലെ വളര്‍ച്ച 28 ശതമാനമാണ്. കാര്‍ഷിക/എംഎസ്എംഇ മേഖലകളില്‍ യഥാക്രമം 20.80 ശതമാനവും 14.36 ശതമാനവും വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. നീക്കിയിരുപ്പ് അനുപാതം കഴിഞ്ഞ വര്‍ഷത്തെ 41.17 ശതമാനത്തില്‍ നിന്നും 50.37 ശതമാനമായി ഉയര്‍ന്നു. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 12.02 ശതമാനമാണ്.

Comments

comments

Categories: Banking
Tags: profit, SIB