ഡിസംബറില്‍ സൗദി എണ്ണയുല്‍പ്പാദനം വന്‍തോതില്‍ കുറച്ചു: ഒപെക്

ഡിസംബറില്‍ സൗദി എണ്ണയുല്‍പ്പാദനം വന്‍തോതില്‍ കുറച്ചു: ഒപെക്

റിയാദ്: നവംബറിനെ അപേക്ഷിച്ച് ഡിസംബറില്‍ സൗദി അറേബ്യ എണ്ണയുല്‍പ്പാദനത്തില്‍ പ്രതിദിനം 296,000 ബാരലിന്റെ കുറവ് വരുത്തിയതായി ഒപെക് റിപ്പോര്‍ട്ട്. 2020ല്‍ ആഗോളതലത്തില്‍ എണ്ണയ്ക്കുള്ള ആവശ്യകത വര്‍ധിക്കുമെങ്കിലും ഒപെകില്‍ നിന്നുള്ള എണ്ണയുടെ ആവശ്യകതയില്‍ കുറവുണ്ടാകുമെന്നും എതിരാളികളായ നോര്‍വേ, ഓസ്‌ട്രേലിയ, ബ്രസീല്‍ തുടങ്ങിയ ഉല്‍പ്പാദകര്‍ ഒപെകിന്റെ വിപണി പങ്കാളിത്തം സ്വന്തമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയുടെ എണ്ണയുല്‍പ്പാദനം സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

ഇന്ത്യ, ചൈന അടക്കമുള്ള പ്രധാന വികസ്വര രാജ്യങ്ങളില്‍ എണ്ണയ്ക്കുള്ള ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൊത്തത്തിലുള്ള ആവശ്യകതയില്‍ 2020ല്‍ 1.22 മില്യണ്‍ ബിപിഡിയുടെ വര്‍ധന ഉണ്ടാകും. അതേസമയം ഒപെകില്‍ നിന്നുള്ള എണ്ണയ്ക്കുള്ള ആവശ്യകത 29.5 മില്യണ്‍ ബിപിഡി ആയി കുറയും. മുന്‍വര്‍ഷത്തേക്കാള്‍ 1.2 മില്യണ്‍ ബിപിഡി കുറവാണിത്. 2020ല്‍ ഒപെകില്‍ നിന്നല്ലാത്ത എണ്ണ വിതരണത്തിലുള്ള വളര്‍ച്ച 2.35 മില്യണ്‍ ബിപിഡി ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2018നെ അപേക്ഷിച്ച് ഒപെകിന്റെ എണ്ണയുല്‍പ്പാദനത്തില്‍ 2019ല്‍ പ്രതിദിനം 2 മില്യണ്‍ ബാരലിന്റെ ഇടിവുണ്ടായി. അതേസമയം ഒപെക് അംഗങ്ങളല്ലാത്ത ഉല്‍പ്പാദകരില്‍ നിന്നുള്ള വിതരണത്തില്‍ 1.86 മില്യണ്‍ ബിപിഡി വളര്‍ച്ചയുണ്ടായി. ഒപെകും ഒപെകില്‍ അംഗമല്ലാത്ത 10 ഉല്‍പ്പാദകരും തമ്മില്‍ ധാരണയില്ലായിരുന്നെങ്കില്‍ 2019ല്‍ വിപണിയില്‍ അമിതവിതരണമുണ്ടാകുമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ഊര്‍ജ വിപണികളെ സന്തുലിതമാക്കുന്നതിനായി ഒപെകും റഷ്യയുടെ നേതൃത്വത്തിലുളള സഖ്യകക്ഷികളും ഉള്‍പ്പെട്ട ഒപെക് പ്ലസ് 2017ന് ശേഷം എണ്ണയുല്‍പ്പാദനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.

Comments

comments

Categories: Arabia