തുടര്‍ച്ചയായ മുന്നാംവര്‍ഷവും ഖത്തര്‍ എയര്‍വേസില്‍ നഷ്ടത്തിന് സാധ്യത

തുടര്‍ച്ചയായ മുന്നാംവര്‍ഷവും ഖത്തര്‍ എയര്‍വേസില്‍ നഷ്ടത്തിന് സാധ്യത

നടപ്പുസാമ്പത്തിക വര്‍ഷവും നഷ്ടം റിപ്പോര്‍ട്ട് ചെയ്‌തേക്കുമെന്ന സൂചനയുമായി സിഇഒ

ദോഹ: തുടര്‍ച്ചയായ മൂന്നാംവര്‍ഷവും ഖത്തര്‍ എയര്‍വേസ് നഷ്ടത്തിലാണെന്ന സൂചന നല്‍കി സിഇഒ. മാര്‍ച്ച് 31ന് അവസാനിക്കുന്ന നടപ്പുസാമ്പത്തിക വര്‍ഷത്തിലും കമ്പനി നഷ്ടം റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് കരുതുന്നതെന്ന് സിഇഒ അക്ബര്‍ അല്‍ ബകര്‍ പറഞ്ഞു. ഉയര്‍ന്ന എണ്ണവില, പ്രതികൂലമായ പ്രവര്‍ത്തനസാഹചര്യങ്ങള്‍, ആഗോള സാമ്പത്തിക മാന്ദ്യം, കറന്‍സിയുടെ മൂല്യത്തിലുണ്ടാകുന്ന ഉയര്‍ച്ചതാഴ്ചകള്‍, പശ്ചിമേഷ്യയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അടക്കം നിരവധി ഘടകങ്ങള്‍ ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനിയെ തുടര്‍ച്ചയായ മൂന്നാംവര്‍ഷവും നഷ്ടത്തിലെത്തിച്ചിരിക്കുകയാണെന്ന് ബകര്‍ പറഞ്ഞു.

പ്രവര്‍ത്തനച്ചിലവാണ് ഖത്തര്‍ എയര്‍വേസില്‍ നഷ്ടമുണ്ടാകാനുള്ള പ്രധാനകാരണമെന്നും ബകര്‍ അഭിപ്രായപ്പെട്ടു. 2017ന് ശേഷം അയല്‍രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഖത്തര്‍ നേരിടുന്ന ഉപരോധവും വിമാനക്കമ്പനിയുടെ നഷ്ടത്തിന് കാരണമായി. ഉപരോധം മൂലം ഈ രാജ്യങ്ങളുടെ വ്യോമമേഖലയില്‍ ഖത്തര്‍ എയര്‍വേസിന് വിലക്കുണ്ടാകുകയും കൂടുതല്‍ ഇന്ധനം ചിലവഴിച്ച് വിമാനങ്ങള്‍ വളഞ്ഞ പാതയിലൂടെ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടതായും വന്നു. വ്യോമമേഖലയിലെ വിലക്കിനെ തുടര്‍ന്ന് 20ഓളം റൂട്ടുകള്‍ റദ്ദ് ചെയ്യാനും കമ്പനി നിര്‍ബന്ധിതരായി.

2017 സാമ്പത്തികവര്‍ഷത്തില്‍ 252.5 മില്യണ്‍ ഖത്തര്‍ റിയാല്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്ത ഖത്തര്‍ എയര്‍വേസില്‍ അടുത്ത വര്‍ഷം നഷ്ടം 2.3 ബില്യണ്‍ ഖത്തര്‍ റിയാല്‍ ആയി വര്‍ധിച്ചു. പത്തിരട്ടിയോളം വര്‍ധിച്ച നഷ്ടം വാര്‍ഷിക വരുമാനത്തിലുണ്ടായ 14 ശതമാനം വളര്‍ച്ചയുടെ നേട്ടം ഇല്ലാതാക്കി. 48 ബില്യണ്‍ റിയാലായിരുന്നു 2018ല്‍ കമ്പനിയുടെ വരുമാനം. വ്യോമമേഖലകളിലെ വിലക്ക് മൂലം വ്യോമയാന രംഗത്ത് സമാനതകളില്ലാത്ത വെല്ലുവിളികളാണ് കമ്പനി നേരിടുന്നതെന്ന് അന്ന് ബകര്‍ പറഞ്ഞിരുന്നു.

പ്രതിസന്ധിക്കിടെയും മറ്റ് വിമാനക്കമ്പനികളില്‍ നിക്ഷേപം നടത്തുന്നത് ഖത്തര്‍ എയര്‍വേസ് തുടര്‍ന്നു. വളര്‍ച്ചയുടെ പാതയിലുള്ള ചൈനയിലെ ആഭ്യന്തര വ്യോമയാന വിപണിയില്‍ കടന്നുകൂടുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചൈന സതേണ്‍ എയര്‍ലൈന്‍സിലെ ന്യൂനപക്ഷ ഓഹരികള്‍ ഖത്തര്‍ എയര്‍വേസ് വാങ്ങിയിരുന്നു. ഇന്ത്യന്‍ കമ്പനിയായ ഇന്‍ഡിഗോ എയര്‍വേസില്‍ ഓഹരിനിക്ഷേപം നടത്തുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബകര്‍ അറിയിച്ചു. എയര്‍ ഇറ്റലി, ഹോങ്കോംഗിലെ കാത്തെ പസഫിക്, ബ്രിട്ടീഷ് എയര്‍വേസിന്റെ മാതൃകമ്പനിയായ ഐഎജി, തെക്കേ അമേരിക്കയിലെ ലാത്ആം എന്നീ വിമാനക്കമ്പനികളിലും ഖത്തര്‍ എയര്‍വേസിന് ന്യൂനപക്ഷ ഓഹരികള്‍ ഉണ്ട്.

Comments

comments

Categories: Arabia

Related Articles