കുവൈറ്റിലേക്ക് തൊഴിലാളികളെ അയക്കുന്നതിന് ഫിലിപ്പീന്‍സ് പൂര്‍ണ വിലക്കേര്‍പ്പെടുത്തി

കുവൈറ്റിലേക്ക് തൊഴിലാളികളെ അയക്കുന്നതിന് ഫിലിപ്പീന്‍സ് പൂര്‍ണ വിലക്കേര്‍പ്പെടുത്തി

സ്‌പോണ്‍സറുടെ ഭാര്യയുടെ മര്‍ദനത്തില്‍ മരിച്ച ഫിലിപ്പിനോ ക്രൂര പീഡനങ്ങള്‍ക്ക് വിധേയയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കുവൈറ്റ്: ജോലിക്കായി കുവൈറ്റിലേക്ക് പൗരന്മാരെ അയക്കുന്നതിന് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തി. കുവൈറ്റില്‍ സ്‌പോണ്‍സറുടെ ഭാര്യയുടെ മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ഫിലിപ്പിനോയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് നേരത്തെ വീട്ടുജോലിക്കാര്‍ക്ക് മാത്രം ബാധകമായിരുന്ന വിലക്ക് മുഴുവന്‍ പൗരന്മാര്‍ക്കുമായി വ്യാപിപ്പിച്ചത്. തൊഴിലുടമയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ജീനെലിന്‍ വില്ലവെന്‍ഡെയെന്ന ഫിലിപ്പിനോ വീട്ടുജോലിക്കാരി ക്രൂര മര്‍ദ്ദനത്തിനും ലൈംഗിക പീഡനത്തിനും ഇരയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

വില്ലവെന്‍ഡെയുടെ കൊലപാതകത്തെ തുടര്‍ന്ന് അറസ്റ്റിലായ തൊഴിലുടമയെയും ഭാര്യയെയും ജയിലിലടച്ചെങ്കിലും ഫിലിപ്പീന്‍സില്‍ പ്രതിഷേധം തുടരുകയാണ്. സംഭവത്തില്‍ കുവൈറ്റ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തനാണെന്നും കുവൈറ്റിലേക്ക് ജോലിക്ക് പോകുന്നതിന് കൂടുതല്‍ തൊഴിലാളികള്‍ക്ക് വിലക്കേര്‍പ്പെടുത്തേണ്ടതായി വരില്ലെന്നും ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികള്‍, സെമി സ്‌കില്‍ഡ് തൊഴിലാളികള്‍, പ്രൊഫഷണലുകള്‍ അടക്കം ഫിലിപ്പീന്‍സ് പൗരന്മാരെ കുവൈറ്റിലേക്ക് ജോലിക്കായി അയക്കുന്നതിന് പൂര്‍ണ വിലക്കേര്‍പ്പെടുത്തിയതായി ഫിലിപ്പീന്‍സ് ഓവര്‍സീസ് എംപ്ലോയ്‌മെന്റ് അഡ്മിനിസ്‌ട്രേഷനും തൊഴില്‍ വകുപ്പും ഉത്തരവിറക്കി. വിലക്ക് ഇന്നലെ പ്രാബല്യത്തില്‍ വന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും ഫിലിപ്പിനോ വീട്ടുജോലിക്കാരിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സമാന സാഹര്യത്തില്‍ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ കുവൈറ്റിലേക്ക് ജോലിക്ക് പോകുന്നതിന് പൗരന്മാര്‍ക്ക് ഭാഗിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് മേയില്‍ ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് നിയന്ത്രിക്കുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.200,000 ഫിലിപ്പിനോകളാണ് കുവൈറ്റിലുള്ളത്.

Comments

comments

Categories: Arabia
Tags: philippines