എംജി ഇസഡ്എസ് ഇവി ജനുവരി 27 ന് എത്തും

എംജി ഇസഡ്എസ് ഇവി ജനുവരി 27 ന് എത്തും

എക്‌സൈറ്റ്, എക്‌സ്‌ക്ലുസീവ് എന്നീ രണ്ട് വേരിയന്റുകളില്‍ ഇലക്ട്രിക് എസ്‌യുവി ലഭിക്കും

ന്യൂഡെല്‍ഹി: എംജി ഇസഡ്എസ് ഇവി ഈ മാസം 27 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. എക്‌സൈറ്റ്, എക്‌സ്‌ക്ലുസീവ് എന്നീ രണ്ട് വേരിയന്റുകളില്‍ ഇലക്ട്രിക് എസ്‌യുവി ലഭിക്കും. ഡെല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് നഗരങ്ങളില്‍ മാത്രമായിരിക്കും തുടക്കത്തില്‍ വൈദ്യുത വാഹനം ലഭിക്കുന്നത്.

ഇസഡ്എസ് ഇവിയുടെ ബുക്കിംഗ് എംജി മോട്ടോര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലും ഏതാനും ഡീലര്‍ഷിപ്പുകളിലും തുടരുകയാണ്. 22 ലക്ഷം രൂപ മുതല്‍ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം. എംജി മോട്ടോറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ മോഡലും ആദ്യ ഇലക്ട്രിക് വാഹനവുമാണ് ഇസഡ്എസ് ഇവി. ഹെക്ടര്‍ എസ്‌യുവിക്കു പിറകേയാണ് ഇസഡ്എസ് ഇവി വരുന്നത്. ഹ്യുണ്ടായ് കോന ഇലക്ട്രിക് എസ്‌യുവിയാണ് എതിരാളി.

എംജി ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവിയിലെ മോട്ടോര്‍ 143 എച്ച്പി കരുത്തും 353 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് വഴി മുന്‍ ചക്രങ്ങളിലേക്ക് കരുത്ത് കൈമാറും. 44.5 കിലോവാട്ട് അവര്‍ ബാറ്ററി പാക്ക് ഉപയോഗിക്കുന്നു. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 340 കിലോമീറ്റര്‍ സഞ്ചരിക്കാം.

എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം ഓട്ടോമാറ്റിക് പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, കീലെസ് എന്‍ട്രി/ഗോ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 17 ഇഞ്ച് അലോയ് വീലുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ ഫീച്ചറുകളാണ്. കൂടാതെ പനോരമിക് സണ്‍റൂഫ്, ലെതററ്റ് സീറ്റുകള്‍, പവര്‍ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, പിഎം 2.5 ഫില്‍റ്റര്‍, മഴ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന വൈപ്പറുകള്‍ എന്നിവ ടോപ് സ്‌പെക് വേരിയന്റില്‍ നല്‍കും. ഇബിഡി സഹിതം എബിഎസ്, ഇഎസ്‌സി, ആറ് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, പിറകില്‍ പാര്‍ക്കിംഗ് കാമറ, സെന്‍സറുകള്‍ എന്നിവ രണ്ട് വേരിയന്റുകളിലെയും സുരക്ഷാ ഫീച്ചറുകളാണ്.

Comments

comments

Categories: Auto
Tags: MG ZS EV