മാരുതി സുസുകി എക്‌സ്എല്‍ 5 ഒരുങ്ങുന്നു

മാരുതി സുസുകി എക്‌സ്എല്‍ 5 ഒരുങ്ങുന്നു

വാഗണ്‍ആര്‍ ഹാച്ച്ബാക്കിന്റെ പ്രീമിയം സഹോദരനാണ് എക്‌സ്എല്‍ 5

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷമാണ് മാരുതി സുസുകി എക്‌സ്എല്‍ 6 വിപണിയിലെത്തിയത്. എക്‌സ്എല്‍ 5 എന്ന സമാന പേരുമായി അടുത്ത മോഡലിന്റെ പണിപ്പുരയിലാണ് കമ്പനി. എന്നാല്‍ എക്‌സ്എല്‍ 6 വാഹനവുമായി പുതിയ മോഡലിന് ബന്ധമൊന്നുമുണ്ടാകില്ല. വാഗണ്‍ആര്‍ ഹാച്ച്ബാക്കിന്റെ പ്രീമിയം സഹോദരനാണ് എക്‌സ്എല്‍ 5 എന്ന് പറയാം. ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസുകി എക്‌സ്എല്‍ 5 പ്രദര്‍ശിപ്പിക്കും. അടുത്ത വര്‍ഷം വിപണിയില്‍ അവതരിപ്പിക്കും.

പുതിയ മോഡലിന്റെ മൊത്തത്തിലുള്ള ഛായാരൂപം വാഗണ്‍ആര്‍ ഹാച്ച്ബാക്കിന് സമാനമാണ്. മെലിഞ്ഞ ഗ്രില്‍, സ്പ്ലിറ്റ് ഹെഡ്‌ലാംപ് ഡിസൈന്‍ എന്നിവയോടെയാണ് മാരുതി സുസുകി എക്‌സ്എല്‍ 5 വരുന്നത്. പ്രൊജക്റ്റര്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാംപുകളില്‍ എല്‍ഇഡി കാണാന്‍ കഴിയും. കാബിന്‍ രൂപകല്‍പ്പന വാഗണ്‍ആര്‍ ഹാച്ച്ബാക്കില്‍ കാണുന്നതു തന്നെയാണ്. സുസുകിയുടെ 7.0 ഇഞ്ച് ‘സ്മാര്‍ട്ട്‌പ്ലേ’ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ പ്രതീക്ഷിക്കുന്നു. പിറകില്‍ ചെറിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും. ഇഗ്നിസ് ഉപയോഗിക്കുന്ന 15 ഇഞ്ച് അലോയ് വീലുകളിലാണ് എക്‌സ്എല്‍ 5 വരുന്നത്.

വാഗണ്‍ആര്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ കെ12ബി എന്‍ജിനായിരിക്കും മാരുതി സുസുകി എക്‌സ്എല്‍ 5 മോഡലിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 81 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഇലക്ട്രിക് പവര്‍ട്രെയ്ന്‍ നല്‍കുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ ഇലക്ട്രിക്, ആന്തരിക ദഹന എന്‍ജിന്‍ പതിപ്പുകളില്‍ മാരുതി സുസുകി എക്‌സ്എല്‍ 5 ലഭിക്കും. നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Auto