ഇന്ത്യയിലെ ടെക്‌നോളജി നിക്ഷേപങ്ങളില്‍ 95% വളര്‍ച്ച

ഇന്ത്യയിലെ ടെക്‌നോളജി നിക്ഷേപങ്ങളില്‍ 95% വളര്‍ച്ച

ഏഷ്യയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതില്‍ യുകെ മുന്നില്‍

ന്യൂഡെല്‍ഹി: ആഗോള ഡാറ്റാബേസ് കമ്പനിയായ ഡീല്‍റൂം.കോ തയാറാക്കിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം സാങ്കേതിക വിദ്യയിലെ നിക്ഷേപങ്ങളില്‍ ഇന്ത്യ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സ്വന്തമാക്കിയത് 95 ശതമാനം വര്‍ധന. 9.36 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ടെക് നിക്ഷേപമാണ് 2019ല്‍ ഇന്ത്യ നേടിയത്. യുകെ ആണ് കഴിഞ്ഞ വര്‍ഷം ടെക്‌നോളജി നിക്ഷേപങ്ങളില്‍ സമാനമായ വളര്‍ച്ച നേടിയത്. 13.2 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് കഴിഞ്ഞ വര്‍ഷം ടെക്‌നോളജി മേഖലയില്‍ യുകെ സ്വന്തമാക്കിയത്. യുഎസ് (116 ബില്യണ്‍ ഡോളര്‍) ചൈന് (33.5 ബില്യണ്‍ ഡോളര്‍) എന്നിവയാണ് 2019ലെ ടെക് നിക്ഷേപങ്ങളില്‍ ഏറ്റവും മുന്നിലുള്ളത്.

‘ആഗോള നിക്ഷേപകരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളായി ഇന്ത്യയും യുകെയും മാറുന്നതായി ടെക് നിക്ഷേപ കണക്കുകള്‍ വ്യക്തമാക്കുന്നു,’ ലണ്ടന്‍ മേയറുടെ ഔദ്യോഗിക പ്രൊമോഷണല്‍ ഏജന്‍സിയായ ലണ്ടന്‍ & പാര്‍ട്‌ണേര്‍സിന്റെ മുഖ്യ ഇന്ത്യന്‍ പ്രതിനിധി പറയുന്നു. ലണ്ടന്‍, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങള്‍ ആഗോളതലത്തില്‍ മത്സരിക്കുന്ന നിരവധി കമ്പനികളെ കൂടുതലായി സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയുമായി സഹകരിക്കാന്‍ യുകെയ്ക്ക് ധാരാളം അവസരങ്ങള്‍ കാണുന്നു, പ്രത്യേകിച്ചും സ്മാര്‍ട്ട് സിറ്റികള്‍, ഫിന്‍ടെക് തുടങ്ങിയ മേഖലകളില്‍. 2019 ല്‍ യുകെയിലേക്ക് ഏഷ്യയില്‍ നിന്നുള്ള നിക്ഷേപം ഗണ്യമായി വര്‍ധിച്ചു.യുകെയുടെ സാങ്കേതിക വളര്‍ച്ചയ്ക്കും കൂടുതല്‍ തെളിവ് നല്‍കുന്നു, ‘അദ്ദേഹം പറഞ്ഞു.
9.7 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ലണ്ടനിലെ മാത്രം ടെക് കമ്പനികള്‍ സ്വന്തമാക്കിയത്. മറ്റേതൊരു യൂറോപ്യന്‍ നഗരത്തേക്കാളും അധികമാണിത്.

ബ്രെക്‌സിറ്റ് വോട്ടെടുപ്പും യുകെയുടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നിര്‍ദിഷ്ട വിട്ടുപോകലും സൃഷ്ടിച്ച അനിശ്ചിതത്വങ്ങള്‍ക്ക് ഇടയിലും ഏഷ്യയില്‍ നിന്ന് യുകെയിലേക്കുള്ള നിക്ഷേപം മറ്റേതൊരു യൂറോപ്യന്‍ രാജ്യത്തേക്കാളും ഉയര്‍ന്നതാണ്. ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ യുകെയ്ക്ക് പുറകിലായാണ് ഇക്കാര്യത്തില്‍ നിലയുറപ്പിച്ചിട്ടുള്ളത്. ഉയര്‍ന്ന വളര്‍ച്ചയുള്ള ടെക് ബിസിനസുകള്‍ സൃഷ്ടിക്കുന്നതില്‍ ലണ്ടന്‍ നഗരം യൂറോപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. യുകെ തലസ്ഥാനം 2019ല്‍ 46 യൂണികോണ്‍ കമ്പനികളെ സൃഷ്ടിച്ചുവെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: FK News
Tags: technology