കിയ കാര്‍ണിവല്‍ അടിസ്ഥാനമാക്കി ഹ്യുണ്ടായ് എംപിവി നിര്‍മിക്കും

കിയ കാര്‍ണിവല്‍ അടിസ്ഥാനമാക്കി ഹ്യുണ്ടായ് എംപിവി നിര്‍മിക്കും

അടുത്ത തലമുറ കാര്‍ണിവല്‍ എംപിവി അടിസ്ഥാനമാക്കിയാണ് മൂന്ന് നിര സീറ്റുകളോടെ ഹ്യുണ്ടായ് എംപിവി നിര്‍മിക്കുന്നത്

ബെയ്ജിംഗ്: കിയ കാര്‍ണിവല്‍ അടിസ്ഥാനമാക്കി ഹ്യുണ്ടായ് പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനം (എംപിവി) നിര്‍മിക്കുന്നു. അടുത്ത തലമുറ കിയ കാര്‍ണിവല്‍ ആയിരിക്കും പുതിയ മോഡലിനായി ഹ്യുണ്ടായ് അടിസ്ഥാനമാക്കുന്നത്. മൂന്ന് നിര സീറ്റുകളോടെ നിര്‍മിക്കുന്ന എംപിവിയുടെ ചില ചിത്രങ്ങള്‍ ചൈനയില്‍നിന്ന് ലഭിച്ചു. മിക്കവാറും ഈ വര്‍ഷം ആഗോള അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയുടെ ഉപസ്ഥാപനമാണ് കിയ മോട്ടോഴ്‌സ് കോര്‍പ്പറേഷന്‍.

വിഷമചതുര്‍ഭുജ ആകൃതിയിലുള്ള വലിയ കാസ്‌കേഡിംഗ് ഗ്രില്‍, 5 സ്‌പോക്ക് റിം സഹിതം അലോയ് വീലുകള്‍, ഒരു വശത്തേക്ക് നിരക്കാവുന്ന ഡോറുകള്‍ എന്നിവ ലഭിച്ച ചിത്രങ്ങളില്‍ കാണാം. സവിശേഷ ഡാഷ്‌ബോര്‍ഡ് ഡിസൈന്‍ പ്രതീക്ഷിക്കാം. ഫഌറ്റ് ടോപ്പ്, ബോട്ടം രൂപകല്‍പ്പനയോടെ മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ നല്‍കും. സീറ്റുകള്‍, ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍ തുടങ്ങിയവ കിയ കാര്‍ണിവല്‍ എംപിവിയില്‍നിന്ന് കടമെടുത്തേക്കും. രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റ് ഉണ്ടായിരിക്കും. തവിട്ടുനിറത്തിലുള്ള തുകല്‍ അപ്‌ഹോള്‍സ്റ്ററി നല്‍കും. പിന്‍ സീറ്റുകളിലെ യാത്രക്കാര്‍ക്കായി സെന്റര്‍ കണ്‍സോളില്‍ പ്രത്യേക എസി വെന്റുകള്‍ സവിശേഷതയായിരിക്കും.

ഹ്യുണ്ടായ് വെന്യൂ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഒന്നിലധികം പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ പ്രതീക്ഷിക്കാം. മിക്കതും കിയ കാര്‍ണിവല്‍ ഉപയോഗിക്കുന്നതായിരിക്കും. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും പ്രതീക്ഷിക്കുന്നു. 6 സീറ്റ്, 7 സീറ്റ് ഓപ്ഷനുകളില്‍ വിപണിയില്‍ എത്തിയേക്കും.

ഹ്യുണ്ടായുടെ ചൈനയിലെ കാങ്‌ജോ പ്ലാന്റില്‍ പുതിയ എംപിവി ഉടന്‍ നിര്‍മിച്ചുതുടങ്ങും. ഈ വര്‍ഷം തന്നെ ചൈനീസ് വിപണിയില്‍ അവതരിപ്പിക്കും. ഇന്ത്യയിലെത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. ഇന്ത്യയില്‍ വരികയാണെങ്കില്‍ മാരുതി സുസുകി എര്‍ട്ടിഗ, മഹീന്ദ്ര മറാറ്റ്‌സോ എന്നിവയായിരിക്കും എതിരാളികള്‍. ഇന്ത്യയില്‍ നിലവിലെ തലമുറ കിയ കാര്‍ണിവല്‍ എംപിവി വൈകാതെ പുറത്തിറക്കും. ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഓട്ടോ എക്‌സ്‌പോയിലാണ് വിപണി അവതരണം.

പ്രതീകാത്മക ചിത്രം

Comments

comments

Categories: Auto