ജിഎം പ്ലാന്റ് ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഏറ്റെടുക്കും

ജിഎം പ്ലാന്റ് ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഏറ്റെടുക്കും
  • മഹാരാഷ്ട്രയിലെ ടെലിഗാവോണ്‍ പ്ലാന്റാണ് ഏറ്റെടുക്കുന്നത്
  • ഇടപാട് തുക 250-300 ദശലക്ഷം ഡോളര്‍

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് (ജിഎം)ഇന്ത്യാ പ്ലാന്റ് ചൈനീസ് ഭീമന്‍ ഏറ്റെടുക്കാന്‍ തീരുമാനമായി. ചൈനയിലെ പ്രശസ്ത ഓട്ടോനിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സാണ് മഹാരാഷ്ട്രയിലെ ജിഎം പ്ലാന്റ് ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച് മാസങ്ങള്‍ നീണ്ട ചര്‍ച്ചയ്ക്കാണ് ഇതോടെ പരിസമാപ്തിയായിരിക്കുന്നത്. ചൈനീസ് ഭീമന്റെ രാജ്യത്തേക്കുള്ള രംഗപ്രവേശം കൂടിയാകും ഈ ഏറ്റെടുക്കല്‍.

ചൈനയിലെ ഏറ്റവും വലിയി എസ്‌യുവി വാഹന വില്‍പ്പന കമ്പനിയായ ഗ്രേറ്റ വാള്‍ 250-300 ദശലക്ഷം ഡോളറിനാണ് പ്ലാന്റ് വാങ്ങുന്നത്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം ഇടപാട് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ഇരു കമ്പനികളും പുറത്തുവിടുമെന്നാണ് സൂചന. ജനറല്‍ മോട്ടോഴ്‌സിന്റെ പൂനെയിലെ ടെലിഗാവോണിലുളള പ്ലാന്റാണ് ചൈനീസ് കമ്പനി ഏറ്റെടുക്കന്നത്. മുമ്പ് രണ്ട് ചൈനീസ് കമ്പനികള്‍ പ്ലാന്റിനായി മുന്നോട്ട് വന്നിരുന്നുവെങ്കിലും ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിനാണ് നറുക്ക് വീണത്. ഇന്ത്യയിലെ തന്നെ ജെഎസ്ഡബ്ല്യൂ ഗ്രൂപ്പും പ്ലാന്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജിഎമ്മുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇലക്ട്രിക് വാഹന നിര്‍മാണ വിപണിയിലേക്ക് പ്രവേശിക്കുന്നതിനോടനുബന്ധിച്ചായിരുന്നു ചര്‍ച്ചകള്‍ നടന്നത്.

കരാര്‍ പ്രകാരം 2021 ഓടെ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ പ്രവേശിക്കാനാണ് സാധ്യത. ഇന്ത്യയിലെ പ്രാദേശിക വിപണിയില്‍ നിന്നും പിന്‍വാങ്ങുന്ന യുഎസ് കാര്‍ നിര്‍മാതാക്കളായ ജിഎം, രാജ്യത്ത് കയറ്റുമതിയില്‍ മാത്രമാകും ഇനി ശ്രദ്ധ പതിപ്പിക്കുക. രണ്ട് വര്‍ഷം മുമ്പ് കമ്പനി 50,000-70,000 കാറുകള്‍ പ്രതിവര്‍ഷം കയറ്റുമതി ചെയ്തിരുന്നു. ടെലിഗാവോണ്‍ പ്ലാന്റ് ഇനി കയറ്റുമതിക്കായി മാത്രം ഉപയോഗിക്കുമെന്നു ജിഎം വക്താവ് മുമ്പ് വ്യക്തമാക്കിയിരുന്നു. ചൈനയില്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ വില്‍പ്പനയില്‍ കുറവ് വന്നതോടെയാണ് കമ്പനി പുതുവിപണി തേടി ഇന്ത്യയിലെത്തിയിരിക്കുന്നത്. 2026ഓടുകൂടി വാഹന വിപണിയില്‍ ഇന്ത്യ ചൈനയ്ക്കും യുഎസിനും പിന്നില്‍ ഏറ്റവും വലിയ മൂന്നാമത്തെ രാഷ്ട്രമാകുമെന്നാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: FK News