ചൈന രേഖപ്പെടുത്തിയത് 29 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച

ചൈന രേഖപ്പെടുത്തിയത് 29 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച

2020 മുതലുള്ള ദശകത്തില്‍ ജിഡിപിയും വരുമാനവും ഇരട്ടിയാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്

ബെയ്ജിംഗ്: അമേരിക്കയുമായുള്ള വ്യാപാര യുദ്ധവും നിക്ഷേപങ്ങളിലെ ദുര്‍ബലാവസ്ഥയും 2019 ല്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ചയെ 29 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന അവസ്ഥയിലേക്ക് എത്തിച്ചു. 2019 നാലാം പാദത്തിലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ രേഖപ്പെടുത്തിയ വളര്‍ച്ച 6.0 ശതമാനമാണെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്നാം പാദത്തിലെ വളര്‍ച്ചാ വേഗത്തില്‍ ഏറക്കുറേ സ്ഥിരത പുലര്‍ത്തുന്നതും പ്രതീക്ഷിക്കപ്പെട്ടിരുന്നതുമാണ് ഈ കണക്ക്. ഇതോടെ കഴിഞ്ഞ വര്‍ഷത്തെ മൊത്തം വളര്‍ച്ചാ നിരക്ക് 6.1 ശതമാനത്തിലേക്ക് എത്തി.

1990 മുതലുള്ള കാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷത്തേത്. കൂടുതല്‍ കടുത്ത വളര്‍ച്ചാ മാന്ദ്യം ഒഴിവാക്കാന്‍ ഈ വര്‍ഷം കൂടുതല്‍ ഉത്തേജക നടപടികള്‍ ചൈനീസ് ഭരണകൂടം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2018ല്‍ 6.6 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്.

ഉല്‍പ്പാദന മേഖല മെച്ചപ്പെടലിന്റെ ചില സൂചനകള്‍ നല്‍കുന്നു എന്നാണ് നാലാം പാദത്തിലെ ഡാറ്റ ചൂണ്ടിക്കാണിക്കുന്നത്. പുതുതായി ഒപ്പിട്ട ചൈന-യുഎസ് വ്യാപാര കരാര്‍ ബിസിനസ് ആത്മവിശ്വാസം പുനരുജ്ജീവിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കിലും, നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുമോ എന്ന് വിശകലന വിദഗ്ധര്‍ക്ക് ഉറപ്പില്ല.

2020 മുതലുള്ള ദശകത്തില്‍ ജിഡിപിയും വരുമാനവും ഇരട്ടിയാക്കാനും ചൈനയെ ‘ഒരുവിധം സമൃദ്ധം’ ആയ രാഷ്ട്രമാക്കി മാറ്റാനുമുള്ള ലക്ഷ്യം നിറവേറ്റുന്നതില്‍ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഈ വര്‍ഷം നിര്‍ണായകമാണെന്നാണ് കണക്കാക്കുന്നത്. ഈ വര്‍ഷം ഏകദേശം 6 ശതമാനമായാണ് ചൈന വളര്‍ച്ചാ ലക്ഷ്യം നിശ്ചയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യ മേഖലയിലെ ചെലവിടല്‍ ഉയര്‍ത്തുന്നതിനും നടപടികളെടുക്കും.

മുന്‍പാദവുമായുള്ള താരതമ്യത്തില്‍ 1.5 ശതമാനം വളര്‍ച്ചയാണ് ഒക്‌റ്റോബര്‍-ഡിസംബര്‍ കാലയളവില്‍ ചൈന രേഖപ്പെടുത്തിയത്. വ്യാവസായിക ഉല്‍പ്പാദനം 2019 ഡിസംബറില്‍ മുന്‍ വര്‍ഷം ഡിസംബറിനെ അപേക്ഷിച്ച് 6.9 ശതമാനം വളര്‍ച്ച നേടി. ഒമ്പത് മാസത്തിനിടയിലെ ഏറ്റവും ശക്തമായ വളര്‍ച്ചയായിരുന്നു ഇത്.

Comments

comments

Categories: Business & Economy
Tags: China growth