ബിസിനസില്‍ വളര്‍ച്ചയുണ്ടാകാന്‍ തടസങ്ങള്‍ നീക്കണം: എന്‍ ചന്ദ്രശേഖരന്‍

ബിസിനസില്‍ വളര്‍ച്ചയുണ്ടാകാന്‍ തടസങ്ങള്‍ നീക്കണം: എന്‍ ചന്ദ്രശേഖരന്‍
  • ബിസിനസ് മേഖല സംശയ രഹിതമാകണം
  •  മൈക്രോമാനേജ്‌മെന്റിന് മതിയായ പിന്തുണ നല്‍കണം

മാറ്റം ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാട് സൃഷ്ടിക്കേണ്ടിയിരിക്കുന്നു, ഇത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. കഠിനാധ്വാനത്തോടെയും സത്യസന്ധതയോടെയും ബിസിനസില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു മുന്നില്‍ തടസങ്ങള്‍ ഏറെയുണ്ടാകും. എന്നാല്‍ സാധാരണമായതിനെ അസാധാരണമാക്കി മാറ്റാന്‍ ഇന്ത്യക്കാര്‍ക്കു കഴിയും

മുംബൈ: രാജ്യത്തെ ബിസിനസ് മേഖലയില്‍ ശരിയായ വളര്‍ച്ച സൃഷ്ടിക്കാന്‍ തടസങ്ങള്‍ നീക്കം ചെയ്യണമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. മേഖല സംശയ രഹിതമാകണം, മാത്രമല്ല മൈക്രോമാനേജ്‌മെന്റിന് മതിയായ പിന്തുണ നല്‍കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിവേഗത്തില്‍ മുന്നോട്ട് പോകണമെന്ന് പറഞ്ഞതുകൊണ്ടു മാത്രം വളര്‍ച്ചയുണ്ടാകില്ല, അതിനായി പരിഷ്‌കരണത്തിന് ഊന്നല്‍ നല്‍കി ശരിയായ കാഴ്ചപ്പാട് കൂടി ഉണ്ടാകണമെന്നും 110 ബില്യണ്‍ മൂല്യമുള്ള കമ്പനിയുടെ മേധാവി കൂടിയായ എന്‍. ചന്ദ്രശേഖരന്‍ മുംബൈയിലെ നാനി പല്‍ഖിവാല മെമ്മോറിയലില്‍ നടത്തിയ പ്രഭാഷണത്തിനിടെ വ്യക്തമാക്കി.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മുന്‍ഗണനയെ കുറിച്ചും സാമ്പത്തിക വളര്‍ച്ചയില്‍ ഒരു ദശാബ്ദത്തിനിടെ അഞ്ച് ശതമാനം വളര്‍ച്ചാ കുറവ് വന്നതിനെ കുറിച്ചുമുണ്ടായ ചര്‍ച്ചയ്ക്കിടെയാണ് ടാറ്റ ചെയര്‍മാന്‍ ഈ അഭിപ്രായ പ്രകടനം നടത്തിയത്. നമ്മുടെ സാമ്പത്തിക, ബിസിനസ് സംസ്‌കാരത്തെ കുറിച്ച് പുനര്‍ചിന്ത അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി. സംസ്‌കാരം കൂടുതലും വിമര്‍ശനാത്മകമാണ്. ശക്തമായി മുന്നോട്ട് തള്ളിയാല്‍ മാത്രം വളരുന്ന ഒന്നല്ല വളര്‍ച്ച. അതിവേഗം മുന്നോട്ട് എന്ന് നിരവധി തവണ പറഞ്ഞതുകൊണ്ടു മാത്രം കാര്യമില്ല, ബിസിനസില്‍ മുന്നോട്ട് പോകാനുള്ള പാതയിലെ തടസങ്ങള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യേണ്ടിയിരിക്കുന്നു, ചന്ദ്രശേഖരന്‍ പറഞ്ഞു. മാറ്റം ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാട് സൃഷ്ടിക്കേണ്ടിയിരിക്കുന്നു, ഇത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഠിനാധ്വാനത്തോടെയും സത്യസന്ധതയോടെയും ബിസിനസില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു മുന്നില്‍ തടസങ്ങള്‍ ഏറെയുണ്ടാകും. എന്നാല്‍ സാധാരണമായതിനെ അസാധാരണമാക്കി മാറ്റാന്‍ ഇന്ത്യക്കാര്‍ക്കു കഴിയും.

നമ്മുടെ സംവിധാനത്തിനകത്തു തന്നെ അപകടങ്ങള്‍ ഏറെയുണ്ട്, ഇത്തരം സാഹചര്യങ്ങളില്‍ തീരുമാനങ്ങള്‍ വൈകിപ്പിക്കുകയോ, ഒഴിവാക്കുകയോ ചെയ്യുന്നതാകും സുരക്ഷിതമായ നയം. ശരിയായ കാഴ്ചപ്പാടും പ്രവര്‍ത്തനങ്ങളിലെ മേല്‍നോട്ടവുമാണ് ഇവിടെ പ്രധാനം. ബിസിനസില്‍ വളര്‍ച്ച നേടുന്നവര്‍ റിസ്‌ക് ഏറ്റെടുത്തവരാണ്. അവരെ കൈയടിച്ചു പ്രോല്‍സാഹിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പ്രധാനപ്പെട്ട വിഷയം. നിര്‍മാണം, റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യങ്ങള്‍, ഊര്‍ജ്ജം, ബാങ്കിംഗ്, ടൂറിസം എന്നീ മേഖലകളില്‍ നയകര്‍ത്താക്കളുടെ കൂടുതല്‍ ശ്രദ്ധ പതിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ അഞ്ച് ട്രില്യണ്‍ ജിഡിപി ലക്ഷ്യത്തെ കുറിച്ച്, ഒരു നാഴികക്കല്ലും ശരിയായ പഠനവും, നൈപുണ്യവും തൊഴില്‍ശക്തിയുമില്ലാതെ നേടാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Comments

comments

Categories: FK News

Related Articles