ബിഎംഡബ്ല്യു ഐ8 നിര്‍ത്തുന്നു

ബിഎംഡബ്ല്യു ഐ8 നിര്‍ത്തുന്നു

കഴിഞ്ഞ മാസം 20,000 യൂണിറ്റ് ഉല്‍പ്പാദനം പൂര്‍ത്തിയാക്കിയിരുന്നു

മ്യൂണിക്ക്: ബിഎംഡബ്ല്യു ഐ8 എന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറിന്റെ ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ ജര്‍മന്‍ കമ്പനി തീരുമാനിച്ചു. ഏപ്രില്‍ മാസത്തോടെ ഉല്‍പ്പാദനം പൂര്‍ണമായും നിര്‍ത്തും. കഴിഞ്ഞ മാസം സ്‌പോര്‍ട്‌സ് കൂപ്പെയുടെ 20,000 യൂണിറ്റ് ഉല്‍പ്പാദനം പൂര്‍ത്തിയാക്കിയിരുന്നു.

2009 ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ച് 2014 ലാണ് ബിഎംഡബ്ല്യു ഐ8 ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. ‘ബിഎംഡബ്ല്യു ഐ’ എന്ന ഉപ ബ്രാന്‍ഡില്‍ വിപണിയിലെത്തിയ രണ്ടാമത്തെ മോഡലാണ് ഐ8. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളുടെ പ്ലഗ്-ഇന്‍ ഇലക്ട്രിക് വാഹന വിഭാഗമാണ് ‘ബിഎംഡബ്ല്യു ഐ’.

ഐ8 വിപണി വിടുന്നതോടെ, ബിഎംഡബ്ല്യു ഐ ഉപ ബ്രാന്‍ഡില്‍നിന്ന് ഐഎക്‌സ്3 കോംപാക്റ്റ് എസ്‌യുവി, ഐ4 സെഡാന്‍, ഐനെക്സ്റ്റ് എസ്‌യുവി എന്നീ ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കാനാണ് തീരുമാനം. കൂടാതെ, വിഷന്‍ എം നെക്സ്റ്റ് കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയുള്ള പുതിയ സ്‌പോര്‍ട്‌സ് കാര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തിക്കും.

1.5 ലിറ്റര്‍, 3 സിലിണ്ടര്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും നല്‍കിയാണ് ബിഎംഡബ്ല്യു ഐ8 വിപണിയിലെത്തിച്ചത്. ഈ പവര്‍ട്രെയ്ന്‍ 367 പിഎസ് കരുത്തും 570 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിച്ചത്. 2018 ല്‍, കൂടുതല്‍ കരുത്ത് പുറപ്പെടുവിക്കുന്ന പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി. പോര്‍ഷെ 911 പോലുളള മോഡലുകളായിരുന്നു സ്‌പോര്‍ട്‌സ് കൂപ്പെയുടെ എതിരാളികള്‍.

Comments

comments

Categories: Auto
Tags: BMW I 8