പകല്‍ സ്വപ്‌നത്തിന്‍ പവനുരുകുമോ…

പകല്‍ സ്വപ്‌നത്തിന്‍ പവനുരുകുമോ…
  • പവന്‍കല്യാണും ബിജെപിയും കൈകോര്‍ത്തു
  • ലക്ഷ്യം 2024ല്‍ സംസ്ഥാനത്തെ മികച്ച ശക്തിയാകുക

നിരന്തരം രാഷ്ട്രീയ വെല്ലുവിളികള്‍ ഉയരുന്ന ആന്ധ്രാപ്രദേശില്‍ പവന്‍കല്യാണിന്റെ ജനസേനാപാര്‍ട്ടിയും ബിജെപിയുമായി സഖ്യം രൂപീകരിച്ചു. ആന്ധ്രയില്‍ ഒരു മൂന്നാം കക്ഷിയായി ഉയരുക എന്നതാണ് സഖ്യത്തിന്റെ ലക്ഷ്യം. കൂടാതെ 2024ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരു അനിഷേധ്യ ശക്തിയായി മാറാനും അവര്‍ ലക്ഷ്യമിടുന്നു. വര്‍ഷങ്ങളായി രണ്ടുകക്ഷികള്‍ എന്നതിനേക്കാളുപരി രണ്ട് കുടുംബങ്ങളാണ് സംസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഒന്ന് എന്‍ ടി രാമറാവുവിന്റെ കുടുംബവും രണ്ടാമത് വൈ എസ് രാജശേഖരറെഡ്ഡിയുടെ കുടുംബവും. ഈ സ്ഥിതിക്ക് ഒരു മാറ്റം വരുത്താനും ജനസേനാ-ബിജെപി സഖ്യം ആഗ്രഹിക്കുന്നു. ജനദ്രോഹ നടപടികളിലൂടെ അധികാരത്തിനു പുറത്തായ നേതാവാണ് തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു. പകരം വാഗ്ദാനപ്പെരുമഴയുമായി വന്‍ഭൂരിപക്ഷത്തില്‍ എത്തിയ വൈഎസ്ആര്‍സിപി നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി മാസങ്ങള്‍ക്കകം നായിഡുവിന്റെ മറ്റൊരു പതിപ്പായി മാറി. രാഷ്ട്രീയ വൈരം തീര്‍ക്കുന്നതിനുള്ള അവസരമായിമാത്രം അദ്ദേഹം അധികാരത്തെ കണ്ടു. അതിന് ജനങ്ങള്‍ ഒരു തടസമായില്ല. കര്‍ഷകര്‍ ഇന്ന് മുഖ്യമന്ത്രിക്കെതിരെ നിരന്തര പ്രതിഷേധത്തിലാണ്. എന്നാല്‍ അതൊന്നും ജഗന് തടസമാകുന്നില്ല. ഇവിടെയാണ് സംസ്ഥാനത്ത് ഒരു മൂന്നാം ശക്തിയുടെ പ്രസക്തി ഉയരുന്നത്. ഈ ഇടം തങ്ങളുടേതാക്കി മുന്നേറാനാണ് പുതുസഖ്യത്തിന്റെ ശ്രമമെന്ന് ചുരുക്കം.

ഇനി സംസ്ഥാനത്ത് നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഒന്നിച്ച് പോരാടാന്‍ സഖ്യം തീരുമാനിച്ചിട്ടുണ്ട്. സാവധാനം 2024ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തുകയാണ് ലക്ഷ്യമെന്ന് പവന്‍ കല്യാണ്‍ വ്യക്തമാക്കി. ചരിത്രപരപരമായ ദിവസം എന്നാണ് സഖ്യം യാഥാര്‍ത്ഥ്യമായപ്പോള്‍ ആന്ധ്രയുടെ ചുമതലയുള്ള ബിജെപി നേതാവ് സുനില്‍ ദിയോധര്‍ പ്രതികരിച്ചത്. ത്രിപുരയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കി ബിജെപി അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് ദിയോധര്‍. സംസ്ഥാനത്തെ ജാതിയിലധിഷ്ഠിതമായതും കുടുബങ്ങളില്‍ കുടികൊള്ളുന്നതുമായ രാഷ്ട്രീയത്തെ അവസാനിപ്പിക്കാന്‍ സഖ്യം ഒന്നിച്ച് ശ്രമിക്കുമെന്ന് ദിയോധര്‍ പറഞ്ഞു. പരാജയപ്പെട്ട നേതാവാണ് ചന്ദ്രബാബു നായിഡു. ജഗന്‍ മോഹന്‍ റെഡ്ഡിയാകട്ട ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ ഒരു വന്‍ പരാജയമായി.അതുകൊണ്ടുതന്നെ തെലുങ്കുദേശവും വൈഎസ്ആര്‍സിപിയുമായി സംസ്ഥാനത്ത് സഖ്യമുണ്ടാക്കേണ്ട കാര്യമില്ലെന്നും ദിയോധര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നിലനിന്ന എല്ലാ രാഷ്ട്രീയ ഊഹാപോഹങ്ങള്‍ക്കും സഖ്യപ്രഖ്യാപനത്തോടെ അവസാനമായി എന്നാണ് കരുതുന്നത്. സഖ്യനേതാക്കള്‍ തുടര്‍ന്ന് ലക്ഷ്യം വിശദീകരിച്ച് പത്രസമ്മേളനവും നടത്തി.

2014ല്‍ തന്നെ പവന്‍കല്യാണ്‍ ബിജെപിക്കൊപ്പം നിന്നിരുന്നു. എന്നാല്‍ അന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. 2019ല്‍ അദ്ദേഹം ഇടത് പാര്‍ട്ടികളും ബിഎസ്പിക്കും ഒപ്പമായി. ദേശീയതലത്തിലേക്ക് അദ്ദേഹത്തിന് പ്രിനിധികളെ നേടാനായില്ല.സംസ്ഥാനനിയമസഭയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഒരു സീറ്റ് നേടാനായി. ഇത് ബിജെപിയോടൊപ്പം നിന്നാല്‍ വര്‍ധിപ്പിക്കാനാകും എന്ന് പവന്‍ കണക്കുകൂട്ടുന്നു. കൂടാതെ അടുത്ത നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് നാലുവര്‍ഷം ബാക്കിയുണ്ട്. അതിനാല്‍ മികച്ച ശക്തിയായി സംസ്ഥാനത്ത് ഉയര്‍ന്നുവരാനാകും എന്നാണ് അദ്ദേഹവും ബിജെപിയും കണക്കുകൂട്ടുന്നത്. 2014നുശേഷം ബിജെപിയുമായി ആശയവിനിമയത്തില്‍ വിടവുണ്ടായതായി പവന്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ നടന്ന വിവിധ യോഗങ്ങളിലൂടെ അത് പരിഹരിക്കാനായി. ഡെല്‍ഹിയിലും സംസ്ഥാനതലത്തിലും നടത്തിയ കൂടിക്കാഴ്ചകള്‍ ഫലപ്രദമായി. ആന്ധ്രയുടെ മികച്ച ഭാവിക്കായി ജനസേനയും ബിജെപിയും യോജിച്ചു പ്രവര്‍ത്തിക്കുമെന്നും പവന്‍ പറയുന്നു.

വൈഎസ്ആര്‍സിപി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഒന്നിലധികം തലസ്ഥാന നഗരപദ്ധതി ഇന്ന് സംസ്ഥാനത്ത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. അമരാവതി തലസ്ഥാനപദ്ധതി ലോകോത്തരമായി വിഭാവനം ചെയ്ത് നടപ്പാക്കാനൊരുങ്ങിയത് ചന്ദ്രബാബു നായിഡുവാണ്. എന്നാല്‍ ഇതില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കൃഷ്ണ നദീതീരത്തെ ഫലഭൂയിഷ്ഠമായ പ്രദേശം തലസ്ഥാനപദ്ധതിക്കായി സര്‍ക്കാരിന് ലഭിക്കേണ്ടതുണ്ടായിരുന്നു. ഇത് വളരെ ആകര്‍ഷകമായ പദ്ധതി നടപ്പാക്കി ലാന്‍ഡ് ബാങ്കിംഗ് സിസ്റ്റത്തിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതുമൂലം വരുമാനം നിലച്ച കര്‍ഷകര്‍ക്ക് ജീവനോപാധി കൂടി ഉറപ്പാക്കുന്നതായിരുന്നു പദ്ധതി. അതാണ് ജഗന്‍ ഉപേക്ഷിച്ചത്. ഇവിടെ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാണ് ലഭിച്ചത്. പദ്ധതിക്കായി കോടികള്‍ ഇതിനകം ചെലവഴിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിക്കുന്നത് വന്‍ സാമ്പത്തിക നഷ്ടം വരുത്തിവെക്കുമെന്ന വാദത്തോട് ജഗന്‍ യോജിച്ചില്ല.നായിഡുവിന് തന്റെ ഭരണകാലത്ത് എടുത്തുപറയാന്‍ ഈ ഒരു പദ്ധതി മാത്രമെ ഉണ്ടായിരുന്നുള്ളു. ജനങ്ങളുടെ അദ്ദേഹവും മറന്നാണ് ഭരിച്ചത്. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. അമരാവതിയുടെ കാര്യത്തില്‍ മോഹന്‍ റെഡ്ഡിക്ക് ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ലെന്ന് ജനസേനയും ബിജെപി നേതാക്കളും പറയുന്നു. എന്നാല്‍ ഭരണം മാറിയാല്‍ പദ്ധതി അപകടത്തിലാകുമെന്ന് പവന്‍ മുന്‍പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.”ഞാന്‍ ഭയപ്പെട്ടതുപോലെ സംഭവിച്ചു, ”പവന്‍ കല്യാണ്‍ പറഞ്ഞു.

അമരാവതിയെ തലസ്ഥാനമാക്കുന്ന പദ്ധതിക്ക് സമവായത്തിലൂടെയാണ് ടിഡിപി സര്‍ക്കാര്‍ അംഗീകാരം ഉറപ്പിച്ചത്. അതുകൊണ്ടുതന്നെ നിയമസഭയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ സര്‍ക്കാര്‍ ഒന്നിലധികം തലസ്ഥാന പദ്ധതിയുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്നും ബിജെപി അധ്യക്ഷന്‍ കണ്ണ ലക്ഷ്മിനാരായണ പറയുന്നു. നിലവില്‍ സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനങ്ങള്‍ എന്ന ആശയത്തിനെതിരെ കര്‍ഷകരുടെ വന്‍ പ്രക്ഷോഭമാണ് ആന്ധ്രയില്‍ നടക്കുന്നത്. പ്രതിഷേധത്തിന് ടിഡിപി പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ സാഹചര്യം സഖ്യത്തിന് ഉപയോഗപ്പെടുത്താനും സാധിക്കും. ഇനി ബിജെപിയും ജനസേനയും ഏകോപന സമിതി രൂപീകരിച്ച് ഏതാനും ആഴ്ചകള്‍ കൂടുമ്പോള്‍ യോഗം ചേരുകയും ഏറ്റെടുക്കേണ്ട വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യും. ഈ നടപടികളിലൂടെ ഒരു മൂന്നാം രാഷ്ട്രീയ കൂട്ടുകെട്ടാണ് ആന്ധ്രയില്‍ ഉയര്‍ന്നുവരുന്നത്.

പവന്‍ കല്യാണ്‍ ബിജെപിയുമായി നിരുപാധികമായി സഹകരിച്ച് പവര്‍ത്തിക്കാനാണ് മുന്നോട്ടു വന്നിരിക്കുന്നതെന്ന് ബിജെപി പ്രസിഡന്റ് കണ്ണ ലക്ഷ്മിനാരായണ പറയുന്നു. ഇന്ന് വൈഎസ്ആര്‍സിപി സര്‍ക്കാര്‍ എടുക്കുന്ന ജനവിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം നടത്തുകയും ചെയ്തു. പവന്‍ കല്യാണ്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തന്റെ ജനസേനയെ ബിജെപിയുമായി ലയിപ്പിക്കണമെന്ന് അമിത് ഷാ, ജിവിഎല്‍ നരസിംഹറാവു എന്നിവര്‍ ആവശ്യപ്പെട്ടിരുന്നതായും വാര്‍ത്തയുണ്ട്. എന്നാല്‍ ഇപ്പോള്‍ രൂപീകരിക്കപ്പെട്ട സഖ്യം നിരുപാധികമുള്ളതാണെന്ന് ഇരു പാര്‍ട്ടികളും വ്യക്തമാക്കിയിട്ടുമുണ്ട്.

സഖ്യത്തിനോടുള്ള മറ്റ് പാര്‍ട്ടികളുടെ പ്രതികരണവും വന്നുതുടങ്ങിക്കഴിഞ്ഞു. പവന്‍ കല്യാണ്‍ സ്ഥിരതയില്ലാത്ത നേതാവാണെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. ഇത് നിരുപാധികമായ ലയനമാണെന്ന് പറഞ്ഞ പവന്‍ കല്യാണിനെ പാര്‍ട്ടിനേതാവ് അംബാട്ടി രാംബാബു പരിഹസിച്ചു. ആന്ധ്രാപ്രദേശിന് മോദി കേടായ ലഡ്ഡു നല്‍കി എന്ന് പറഞ്ഞതും അദ്ദേഹമാണ്. ഇപ്പോള്‍ എന്താണ് മാറ്റത്തിന് കാരണമെന്നും അദ്ദേഹം ചോദിച്ചു. ആന്ധ്രാപ്രദേശില്‍ സാന്നിധ്യമില്ലാത്ത രണ്ട് പാര്‍ട്ടികളെക്കുറിച്ച് നാം എന്തിന് വിഷമിക്കണം. 2019 ലെ തെരഞ്ഞെടുപ്പില്‍ ജനസേനയ്ക്ക് ഏഴ് ശതമാനത്തില്‍ താഴെ വോട്ടും ബിജെപിക്ക് ഒരു ശതമാനത്തില്‍ താഴെ വോട്ടുമാണ് ലഭിച്ചത്- രാംബാബു പറഞ്ഞു.

എന്നാല്‍ തുടക്കത്തില്‍ തന്നെ മറ്റ് പാര്‍ട്ടികള്‍ സഖ്യത്തെ എതിര്‍ക്കുന്നത് ഭാവിയില്‍ അത് നിര്‍ണായകശക്തിയായി വളരാന്‍ സാധ്യതയുണ്ടെന്ന പവന്‍ കല്യാണിന്റെ വിലയിരുത്തലിനെ ശരിവെയ്ക്കുന്നു. കൂടാതെ ജനദ്രോഹ നടപടികള്‍ സ്വീകരിച്ചവരുന്ന സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിന് തെലുങ്കു ജനത താല്‍പ്പര്യപ്പെടുകയുമില്ല. അതിനാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇനി ഒരു തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ ഭയക്കേണ്ടതുണ്ട്. ടിഡിപിയുടെ കാലവും ഓര്‍ക്കാന്‍ താല്‍പ്പര്യമുള്ളതല്ല. എന്നാല്‍ നാലുവര്‍ഷം കഴിയുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന മറവി പാര്‍ട്ടികളെ സഹായിച്ചേക്കാം. അവിടേക്ക് ഒരു പുതുമുഖം കയറിവരുന്നത് വൈഎസ്ആര്‍സിപിയും ടിഡിപിയും താല്‍പ്പര്യപ്പെടുന്നില്ല. ഇവിടെയാണ് ജനസേന-ജിജെപി സഖ്യത്തിന്റെ സാധ്യത നിലനില്‍ക്കുന്നത്. അത് തിരിച്ചറിഞ്ഞ് ജനങ്ങളിലേക്കിറങ്ങിയുള്ള പരവര്‍ത്തനത്തനത്തിലൂടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ സഖ്യത്തിന് കഴിയേണ്ടതാണ്. പ്രവര്‍ത്തനത്തിനായി തെരഞ്ഞെടുപ്പുവരെ കാത്തിരുന്നാല്‍ സാധ്യത എന്നത് ഒരുവിദൂര സാധ്യത മാത്രമാകും.

Comments

comments

Categories: Top Stories

Related Articles