ബജാജ്-ട്രയംഫ് സഖ്യം ഈ മാസം പ്രഖ്യാപിക്കും  

ബജാജ്-ട്രയംഫ് സഖ്യം ഈ മാസം പ്രഖ്യാപിക്കും  

ഈ മാസം 24 നാണ് സഖ്യ പ്രഖ്യാപനം  

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയും ബ്രിട്ടീഷ് ബൈക്ക് നിര്‍മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സും സഖ്യം പ്രഖ്യാപിക്കുന്നു. ഈ മാസം 24 നാണ് സഖ്യ പ്രഖ്യാപനം സംബന്ധിച്ച വാര്‍ത്താസമ്മേളനം. ആഗോളതലത്തില്‍ പങ്കാളിത്തം സ്ഥാപിക്കുമെന്ന് 2017 ഓഗസ്റ്റില്‍ ഇരു കമ്പനികളും വ്യക്തമാക്കിയിരുന്നു.

ബജാജ്-ട്രയംഫ് സഖ്യത്തില്‍നിന്ന് മിഡ് കപ്പാസിറ്റി മോട്ടോര്‍സൈക്കിളുകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 250 സിസി മുതല്‍ 800 സിസി വരെ എന്‍ജിന്‍ ഡിസ്‌പ്ലേസ്‌മെന്റുള്ള മോട്ടോര്‍സൈക്കിളുകളാണ് മിഡ് കപ്പാസിറ്റി വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇരു കൂട്ടരുടെയും ശക്തിയും കഴിവുകളും ഒരുമിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ഗുണം ചെയ്യുമെന്നാണ് ബജാജ്, ട്രയംഫ് കമ്പനികളുടെ പ്രതീക്ഷ.

വളര്‍ന്നുവരുന്ന വിപണികളില്‍ കൂടുതല്‍ സാന്നിധ്യമറിയിക്കാന്‍ കഴിയുമെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. അതായത്, കൂടുതല്‍ വില്‍പ്പന നടക്കുന്ന സെഗ്‌മെന്റുകളില്‍ ബ്രിട്ടീഷ് ബ്രാന്‍ഡിന് പ്രവേശിക്കാന്‍ കഴിയും. അതേസമയം, പ്രശസ്ത ബ്രാന്‍ഡുമായി കൂട്ടുചേരുന്നതിന്റെ പ്രയോജനം ബജാജിന് ലഭിക്കും. നിലവില്‍ നിര്‍മിക്കുന്ന മോഡലുകള്‍ കൂടാതെ, പുതിയ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിക്കാന്‍ പുതിയ സഖ്യത്തിലൂടെ ബജാജിന് കഴിയും.

കുറഞ്ഞ ചെലവില്‍ ഉല്‍പ്പാദനം നടത്താന്‍ കഴിയുമെന്നതാണ് സഖ്യം വഴി ട്രയംഫിന് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം. തൊഴിലാളികളുടെ കൂലിയും കുറവായിരിക്കും. മിഡ് കപ്പാസിറ്റി മോഡേണ്‍ ക്ലാസിക് ബൈക്കുകള്‍ വികസിപ്പിക്കുന്നതിലെ ട്രയംഫിന്റെ വൈദഗ്ധ്യം ബജാജിന് മുതല്‍ക്കൂട്ടാകും. ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡിനെയാണ് ഉന്നമിടുന്നത്.

Comments

comments

Categories: Auto