10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയിട്ട് ആമസോണ്‍

10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയിട്ട് ആമസോണ്‍
  •  അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികവിദ്യ, ലോജിസ്റ്റിക്‌സ് മേഖലകളിലാണ് ഏറെയും അവസരങ്ങള്‍
  • വിവിധ മേഖലകളിലായി നേരിട്ടും അല്ലാതെയും തൊഴില്‍ സൃഷ്ടിക്കാനും നീക്കം

ന്യൂഡെല്‍ഹി: രാജ്യത്ത് വന്‍ നിക്ഷേപ വാഗ്ദാനം നല്‍കിയ ഇ-കോമേഴ്‌സ് ഉടമ ജെഫ് ബേസോസ് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയിടുന്നു. 2025 ഓടുകൂടി പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കാനാണ് ആമസോണിന്റെ നീക്കം. ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം രാജ്യത്ത് നടത്തുമെന്ന് ബേസോസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഇ-കൊമേഴ്‌സ് ഭീമന്റെ വന്‍ നിക്ഷേപം രാജ്യത്തിന് വലിയ തോതില്‍ ഗുണം ചെയ്യില്ലെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അഭിപ്രായ പ്രകടനം നടത്തിയത് വിവാദമായിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികവിദ്യ, ലോജിസ്റ്റിക്‌സ് എന്നീ മേഖലകളിലാണ് ഇന്ത്യയില്‍ പുതിയ തൊഴിലസവരങ്ങള്‍ സൃഷ്ടിക്കാന്‍ ആമസോണ്‍ പദ്ധതിയിട്ടിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് പത്തുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായാണ് തന്റെ നിക്ഷേപമെന്ന് ബേസോസ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. 2014 ന് ശേഷം കമ്പനി നിക്ഷേപിച്ച 5.5 ബില്യണ്‍ ഡോളറിനു പുറമെ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം ചെറുകിട ഓണ്‍ലൈന്‍ ബിസിനസ് മേഖലയില്‍ ബേസോസ് പ്രഖ്യാപിച്ചിരുന്നു. പ്രധാനമായും ഡിജിറ്റല്‍വല്‍ക്കരണത്തിനായാണ് നിക്ഷേപം. രാജ്യത്ത് ഐടി, നൈപുണ്യ വികസനം, ഉള്ളടക്ക വികസനം, റീട്ടെയ്ല്‍, ലോജിസ്റ്റിക്‌സ്, മാന്യുഫാക്ചറിംഗ് തുടങ്ങി വിവിധ മേഖലകളിലായി നേരിട്ടും അല്ലാതെയും തൊഴിലസവരങ്ങള്‍ സൃഷ്ടിക്കാനാണ് ഇ-കൊമേഴസ് ഭീമന്റെ നീക്കം. കഴിഞ്ഞ ആറു വര്‍ഷമായി ഏഴ് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിച്ച ആമസോണ്‍ അടുത്ത അടുഞ്ഞ അഞ്ച് വര്‍ഷത്തേക്ക് പത്തു ലക്ഷം ജോലി കൂടി സൃഷ്ടിക്കുമെന്ന വാഗ്ദാനം എത്ര കണ്ട് യാഥാര്‍ത്ഥ്യമാകുമെന്ന കാത്തിരിപ്പിലാണ് ലോകം, പ്രത്യേകിച്ചും ഇ-കൊമേഴ്‌സ് നയങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന സാഹചര്യത്തില്‍. എന്നാല്‍ ആമസോണിനെ സംബന്ധിച്ചിടത്തോളം അതിവേഗം വളരുന്ന വിപണിയായാണ് ഇന്ത്യയെ നോക്കിക്കാണുന്നത്.

ഇ-കൊമേഴ്‌സ് കമ്പനികള്‍ ഇന്ത്യന്‍ നിയമങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയ്ല്‍ രംഗത്ത് പ്രവേശിക്കാന്‍ പഴുതുകള്‍ കണ്ടെത്തരുതെന്നും മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ബേസോസ് രാജ്യത്തിന് ഗുണകരമാകുന്ന തൊഴിലവസര വാഗ്ദാനം നല്‍കിയിരിക്കുന്നത്. മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയ്‌ലിംഗില്‍ 49 ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപം അനുവദിക്കില്ലെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മന്ത്രിയുടെ അഭിപ്രായത്തിനെതിരെ മുന്‍ ധനമന്ത്രി കൂടിയായ ചിദംബരം രംഗത്തെത്തിയിട്ടുണ്ട്. അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ നേടാന്‍ സഹായിക്കുന്ന നിക്ഷേപത്തെയാണ് അപമാനിച്ചിരിക്കുന്നതെന്നാണ് ചിദംബരം പിയൂഷ് ഗോയലിന് നല്‍കിയ മറുപടി.

രാജ്യത്തെ ബ്രിക്ക് ആന്‍ഡ് മോട്ടോര്‍ റീട്ടെയ്‌ലര്‍മാരില്‍ നിന്നും വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണും വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫഌപ്പ്കാര്‍ട്ടും അഭിമുഖീകരിച്ച് വരുന്നത്. ബേസോസിന്റെ ഇന്ത്യ സന്ദര്‍ശനുമായി ബന്ധപ്പെട്ട് ചെറുകിട റീട്ടെയ്ല്‍ വ്യാപാരികള്‍ മൂന്നൂറോളം നഗരങ്ങളില്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേളഴ്‌സ്(സിഎഐടി) ഇ-കോഴ്‌സ് ഭീമന്‍മാര്‍ക്കെതിരെ നിശിതമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആമസോണും ഫഌപ്പ്കാര്‍ട്ടും ശരിയായ ബിസിനസ് രീതി പിന്തുടരുന്നില്ലെന്നും ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ നിയമങ്ങള്‍ തെറ്റിക്കുന്നുവെന്നും അരോപണമുന്നയിച്ചിരുന്നു. വലിയ തോതില്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ആമസോണിന്റെ വില്‍പ്പന വലിയ തോതില്‍ ബിസിനസിനെ ബാധിക്കുന്നതായി ചെറുകിട കച്ചവടക്കാര്‍ പരാതികളും ഉന്നയിച്ചിരുന്നു.

Comments

comments

Categories: FK News