1 ട്രില്യണ്‍ ഡോളര്‍ മൂല്യം നേടുന്ന നാലാം യുഎസ് കമ്പനിയായി ആല്‍ഫബെറ്റ്

1 ട്രില്യണ്‍ ഡോളര്‍ മൂല്യം നേടുന്ന നാലാം യുഎസ് കമ്പനിയായി ആല്‍ഫബെറ്റ്

ഫെബ്രുവരി 3 ന് ആല്‍ഫബെറ്റ് നാലാം പാദത്തിലെ വരുമാന റിപ്പോര്‍ട്ട് പുറത്തുവിടും

വാഷിംഗ്ടണ്‍: ഒരു ട്രില്യണ്‍ ഡോളറില്‍ കൂടുതല്‍ വിപണി മൂല്യമുള്ള നാലാമത്തെ യുഎസ് കമ്പനിയായി ഗൂഗിളിന്റെ മാതൃകമ്പനി ആല്‍ഫബെറ്റ് ഇന്‍ക് മാറി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്റര്‍നെറ്റ് സെര്‍ച്ച് ഭീമന്റെ ഓഹരികള്‍ ഏകദേശം 17 ശതമാനമാണ് ഉയര്‍ന്നത്. എസ് ആന്റ് പി 500 സൂചിക ഇതേ കാലയളവില്‍ 6 ശതമാനം പോയ്ന്റ് മാത്രം മുന്നേറ്റം പ്രകടമാക്കിയപ്പോഴാണ് ഇത്.
ആപ്പിള്‍, ആമസോണ്‍ ഡോട്ട് കോം, മൈക്രോസോഫ്റ്റ് എന്നിവയാണ് ഇതിനു മുമ്പ് യുഎസ് വിപണിയില്‍ 1 ട്രില്യണ്‍ ഡോളറിനു മുകളില്‍ മൂല്യം സ്വന്തമാക്കിയിട്ടുള്ളത്. 2019ല്‍ മൊത്തമായി ആല്‍ഫബെറ്റ് നേടിയ 28 ശതമാനം ഉയര്‍ച്ചയും മറ്റ് ടെക്‌നോളജി ഓഹരികളുടെ പ്രകടനവും നിക്ഷേപകരെ കമ്പനിയുടെ ഓഹരികളില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

ഫെബ്രുവരി 3 ന് ആല്‍ഫബെറ്റ് നാലാം പാദത്തിലെ വരുമാന റിപ്പോര്‍ട്ട് പുറത്തുവിടും. മൂന്നാം പാദത്തില്‍ അനലിസ്റ്റുകളുടെ വരുമാന നിഗമനങ്ങളെ മറികടന്നെങ്കിലും ലാഭത്തില്‍ നിഗമനങ്ങള്‍ക്കൊപ്പം എത്താന്‍ കമ്പനിക്ക് ആയിരുന്നില്ല. 1.7 ബില്യണ്‍ ഡോളറായിരുന്നു മൂന്നാം പാദത്തില്‍ കമ്പനി ലാഭമായി രേഖപ്പെടുത്തിയത്. മൂന്നാം പാദ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഹ്രസ്വകാലയളവില്‍ ആല്‍ഫബെറ്റ് ഓഹരികള്‍ തിരിച്ചടി നേരിട്ടിരുന്നു.

ജൂലൈ മാസത്തില്‍ റെക്കോര്‍ഡ് നേട്ടം അവസാനിച്ചതിനുശേഷം കഴിഞ്ഞ ആറ് മാസത്തിനിടെ ആമസോണിന്റെ ഓഹരികള്‍ ഏകദേശം 7 ശതമാനം ഇടിവാണ് പ്രകടമാക്കിയത്. നിലവില്‍ 1 ട്രില്യണ്‍ ഡോളരിന് താഴെയാണ് കമ്പനിയുടെ മൂല്യം. വ്യാപാര അനിശ്ചിതത്വങ്ങളും ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങളും വലിയ വെല്ലുവിളികള്‍ സൃഷ്ടിച്ചില്ലെങ്കില്‍ ആല്‍ഫബെറ്റിന്റെ മുന്നേറ്റം വരുന്ന ദിവസങ്ങളിലും തുടരുമെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

Comments

comments

Categories: FK News