ഉഡാന്‍ പദ്ധതി കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രം

ഉഡാന്‍ പദ്ധതി കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രം
  • ഉഡാന്‍ പദ്ധതി വഴി 35 ലക്ഷം യാത്രക്കാര്‍ വിമാന യാത്ര നടത്തി
  • 2019ല്‍ മാത്രം 10 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി

ന്യൂഡെല്‍ഹി: വിമാനയാത്ര ജനകീയവല്‍ക്കരിക്കുന്നതില്‍ സുപ്രധാന ചുവടുവെപ്പുകളാണ് പോയ വര്‍ഷം നടത്തിയതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. പ്രാദേശിക സമ്പര്‍ക്ക പദ്ധതിയായ ഉഡാന്‍ വഴി ഇതുവരെ 35 ലക്ഷം യാത്രക്കാര്‍ വ്യോമയാത്ര നടത്തി. ഉഡാന്‍ പദ്ധതിക്കു കീഴില്‍ 2019 ജനുവരി 1 മുതല്‍ ഡിസംബര്‍ 10 വരെ 134 പാതകള്‍ ആരംഭിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 2019-ല്‍ മാത്രം 10 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി.

യാത്രാസമയം കുത്തനെ കുറയ്ക്കാന്‍ ഈ പദ്ധതി വഴി സാധിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വിനോദയാത്ര, ചികിത്സ, തീര്‍ത്ഥയാത്ര തുടങ്ങിയകാര്യങ്ങള്‍ക്കായി പൊതുജനം വ്യോമയാത്രകളെ കൂടുതല്‍ ആശ്രയിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. നിലവിലുള്ള വിമാനത്താവളങ്ങള്‍ നവീകരിക്കുന്നതിന് 304.49 കോടിരൂപയാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ചെലവഴിച്ചത്.

ബെല്‍ഗാം, പ്രയാഗ്്‌രാജ്, കിഷന്‍ഗഢ്, ഹൂബ്ലി, ജാര്‍സുഗുഡ എന്നിവയാണ് ഉഡാന്‍ പദ്ധതിക്കു കീഴില്‍ ഏറ്റവും തിരക്കുള്ള വിമാന താവളങ്ങള്‍.

ന്യൂഡല്‍ഹിയിലെ വസന്ത്കുഞ്ജില്‍ പുതിയവ്യോമഗതാഗത നിയന്ത്രണ കേന്ദ്രം 2019 ജൂണ്‍ 22 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയതും വ്യോമയാനമന്ത്രാലയത്തിന്റെ നേട്ടമായി. എട്ട് പ്രതിരോധ വ്യോമതാവളങ്ങള്‍ ഉള്‍പ്പെടെ 36 വിമാനത്താവളങ്ങള്‍ക്ക് ഈ കേന്ദ്രത്തിന്റെ സഹായം ലഭിക്കുന്നു. ഏതെങ്കിലും വ്യോമ പാതയിലോ വ്യാമതാവളത്തിലോ ഗതാഗതത്തിരക്കിന്റെ മുന്‍സൂചന ലഭിച്ചാല്‍ ഈ കേന്ദ്രം ഉടന്‍ പ്രവര്‍ത്തനനിരതമായി പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന വിമാനങ്ങള്‍ വൈകിപ്പിക്കാന്‍ നടപടി സ്വീകരിക്കും.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആറുവിമാനത്താവളങ്ങള്‍-അഹമ്മദാബാദ്, ജയ്പ്പൂര്‍, ഗുവാഹത്തി, തിരുവനന്തപുരം, ലക്നോ, മംഗളൂരുഎന്നിവ സ്വകാര്യ-പൊതു പങ്കാളിത്ത വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നതിന് തത്വത്തില്‍ അംഗീകാരമായത് മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷ. അടുത്ത 50 വര്‍ഷത്തേയ്ക്ക് അഹമ്മദാബാദ്, ലക്നോ, മംഗളൂരു വിമാനത്താവളങ്ങള്‍ക്കാണ് ഏറ്റവുംകൂടുതല്‍ ലേല തുകലഭിച്ചത്. തിരുവനന്തപുരം, ഗുവാഹത്തി, ജയ്പ്പൂര്‍ വിമാന താവളങ്ങള്‍ക്ക് ഇനിയും അനുമതി നല്കിയിട്ടില്ല. ഭുബനേശ്വര്‍, വരാണസി, ഇന്‍ഡോര്‍, റായ്പൂര്‍, ട്രിച്ചി വ്യോമതാവളങ്ങള്‍ക്കുള്ള അനുമതിക്ക് എയര്‍പോര്‍ട്ട് അതോറിററി ശിപാര്‍ശ ചെയ്തിട്ടുണ്ട്.

Comments

comments

Categories: FK News