കരളിനെ ഒരാഴ്ച ‘പുറത്തു നിര്‍ത്താം’

കരളിനെ ഒരാഴ്ച ‘പുറത്തു നിര്‍ത്താം’

അവയവമാറ്റ ശസ്ത്രക്രിയാരംഗത്ത് വലിയ നേട്ടമുണ്ടാക്കും

ശരീരത്തിന് പുറത്ത് ഒരാഴ്ചയോളം കരളിനെ ജീവനോടെ നിലനിര്‍ത്താന്‍ ഒരു യന്ത്രം സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടത്തിയ ഗവേഷണത്തില്‍ വികസിപ്പിക്കാനായി. കരളിനെ ഒരാഴ്ചയോളം മനുഷ്യ ശരീരത്തിന് പുറത്ത് സംരക്ഷിക്കാന്‍ സഹായിക്കുന്ന യന്ത്രത്തിന്റെ കണ്ടുപിടിത്തത്തിലൂടെ കരളിനെ ബാധിക്കുന്ന അര്‍ബുദമടക്കമുള്ള മാരകരോഗങ്ങള്‍ ബാധിച്ച നിരവധി ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. പെര്‍ഫ്യൂഷന്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ നടക്കുന്ന അവയവമാറ്റശസ്ത്രക്രിയകളിലൊന്നാണ് കരള്‍മാറ്റം.

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആന്തരിക അവയവമാണ് കരള്‍. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരളിനെ ശരീരത്തിലെ രാസ പരീക്ഷണശാല എന്നും വിളിക്കാറുണ്ട്. ശരീരത്തിലെ ജൈവരാസപ്രവര്‍ത്തനത്തിന്റെ മുഖ്യകേന്ദ്രമാണിത്. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിര്‍മ്മിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്‌കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തില്‍ അടിയുന്ന ഭക്ഷണങ്ങളില്‍ നിന്ന് കൊഴുപ്പ് ഉത്പാദിപ്പിക്കുന്നതും മൂത്രത്തിലെ പ്രധാന രാസഘടകമായ യൂറിയ നിര്‍മ്മിക്കുന്നതും കരളിന്റെ പ്രവര്‍ത്തനഫലമാണ്.

നമ്മുടെ രാജ്യത്ത് മാറ്റിവെക്കാന്‍ അവയവലഭ്യത കുറഞ്ഞതു കാരണം, പ്രതിസന്ധിയനുഭവിക്കുന്ന കരള്‍മാറ്റ ശസ്ത്രക്രിയാ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുന്ന കണ്ടുപിടിത്തമാണിതെന്ന് ന്യൂഡെല്‍ഹി മണിപ്പാല്‍ ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജി കണ്‍സള്‍ട്ടന്റ് ലോവ്‌കേഷ് ആനന്ദ് പറഞ്ഞു. ഇതുവരെ, ശരീരത്തിന് പുറത്ത് 12 മണിക്കൂര്‍ വരെ മാത്രമേ കരള്‍ സൂക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഈ പരിമിത സമയത്തിനുള്ളില്‍ ശസ്ത്രക്രിയ പൂര്‍ത്തീകരിക്കേണ്ടി വരുന്നു. ഒരാഴ്ച വരെ അവയവം ശരീരത്തിനു പുറത്ത് സംരക്ഷിക്കാനാകുന്നതോടെ, അവയവക്ഷാമത്തിന്റെ പ്രശ്‌നത്തിന് ഒരു പരിധിവരെ അറുതി വരുത്താന്‍ സാധിക്കുമെന്നും ഇതുവഴി കരള്‍ രോഗങ്ങളോ കരളിലെ കാന്‍സറോ ബാധിച്ച നിരവധി രോഗികളുടെ ജീവന്‍ രക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കൂട്ടം ശസ്ത്രക്രിയാ വിദഗ്ധരും ബയോളജിസ്റ്റുകളും എഞ്ചിനീയര്‍മാരും വികസിപ്പിച്ചെടുത്ത ഈ സവിശേഷ പെര്‍ഫ്യൂഷന്‍ സമ്പ്രദായത്തിന്റെ വിജയം ട്രാന്‍സ്പ്ലാന്റ്, കാന്‍സര്‍ മെഡിസിന്‍ എന്നിവയില്‍ പുതിയ ആപ്ലിക്കേഷനുകള്‍ക്ക് വഴിയൊരുക്കും. കരള്‍ മറ്റേണ്ടി വരുന്ന രോഗികള്‍ക്ക് വലിയ ആശ്വാസം പകരുന്ന റിപ്പോര്‍ട്ടാണിതെന്ന് ഗവേഷണം നടത്തിയ സൂറിച്ച് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സംഘാംഗമായ പിയറി-അലൈന്‍ ക്ലാവി പറഞ്ഞു. പഠനഫലം നേച്ചര്‍ ബയോടെക്‌നോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അവയവമാറ്റ ശസ്ത്രക്രിയാ പരിചരണ രംഗത്ത് ഇത് സുപ്രധാന വഴിത്തിരിവാണ്. തുടക്കത്തില്‍ ട്രാന്‍സ്പ്ലാന്റേഷന് അനുയോജ്യമല്ലാത്ത അവസ്ഥയിലുള്ള കരളുകള്‍ പോലും പുതിയ മെഷീനില്‍ ദിവസങ്ങളോളം പെര്‍ഫ്യൂസ് ചെയ്യുമ്പോള്‍ പൂര്‍ണ്ണ പ്രവര്‍ത്തനം വീണ്ടെടുക്കാവുന്ന നില കൈവരിക്കും. ഗവേഷകര്‍ പറയുന്നതനുസരിച്ച്, ഈ സാങ്കേതികവിദ്യയുടെ അടിസ്ഥാനം സങ്കീര്‍ണ്ണമായ പെര്‍ഫ്യൂഷന്‍ സംവിധാനമാണ്, ഇത് ശരീരശാസ്ത്രത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന മിക്ക പ്രവര്‍ത്തനങ്ങളെയും സ്വാംശീകരിക്കുന്നു.

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സൂറിച്ചിലെ വിദഗ്ധരുടെ ഉയര്‍ന്ന സാങ്കേതികവും ബയോമെഡിക്കല്‍ പരിജ്ഞാനവും സംയോജിപ്പിച്ച വൈസ് സൂറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കുടക്കീഴിലാണ് ലിവര്‍ 4 ലൈഫ് എന്ന ഈ നൂതനപദ്ധതി വികസിപ്പിച്ചെടുത്തത്. കരള്‍ രോഗം കലശലായി ബാധിച്ച പത്ത് പേരില്‍ മാറ്റിവെക്കാന്‍ കഴിയില്ലെന്ന് വിധിയെഴുതിയ ആറു രോഗികളുടെ കരള്‍ മെഷീനില്‍ പെര്‍ഫ്യൂഷന്‍ ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ണ്ണ പ്രവര്‍ത്തനം വീണ്ടെടുത്തതോടെയാണ് വിപ്ലവകരമായ ഒരു മാറ്റത്തിന് സജ്ജമായെന്ന് വ്യക്തമായത്. അടുത്ത ഘട്ടത്തില്‍ ഈ അവയവങ്ങള്‍ മറ്റിവെക്കല്‍ ശസ്ത്രക്രിയ്ക്ക് ഉപയോഗിക്കും. മൂര്‍ധന്യത്തിലെത്തിയ കരള്‍ രോഗമോ അന്തിമഘട്ട കാന്‍സറോ ഉള്ള നിരവധി രോഗികള്‍ക്ക് ഒരു പുതിയ ജീവിതം വാഗ്ദാനം ചെയ്യുന്ന ചികിത്സയ്ക്ക് സാങ്കേതികവിദ്യ ഒരു വഴി തുറക്കുന്നു.

Comments

comments

Categories: Health
Tags: Human liver