ഐആര്‍സിടിസി ഓഹരി വില നാലക്കത്തിലേക്ക് എത്തി

ഐആര്‍സിടിസി ഓഹരി വില നാലക്കത്തിലേക്ക് എത്തി

അഹമ്മദാബാദ്-മുംബൈ സെന്‍ട്രല്‍ തേജസ് എക്‌സ്പ്രസ് ഇന്ന് ഉദ്ഘാടനം ചെയ്യും

മുംബൈ: ഐആര്‍സിടിസിയുടെ ഓഹരികള്‍ ഇന്നലെ 2 ശതമാനം ഉയര്‍ന്ന് ബിഎസ്ഇയില്‍ 1,005 ഡോളറിലെത്തി. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 1.81 ശതമാനം ഉയര്‍ച്ചയോടെ 1003 രൂപയായിരുന്നു വില. കഴിഞ്ഞ ഒക്‌റ്റോബറില്‍ വിപണിയിലെത്തിയതിനു ശേഷം ഐആര്‍സിടിസി ഓഹരികള്‍ സ്വന്തമാക്കിയ ശക്തമായ മുന്നേറ്റമാണ് ഇന്നലെ കണ്ടത്. ഐപിഒ അവതരണ വിലയുടെ മൂന്നിരട്ടിയിലാണ് ഇപ്പോള്‍ ഐആര്‍സിടിസി ഓഹരികളുടെ മൂല്യം.

ഐആര്‍സിടിസിക്ക് നടത്തിപ്പ് ചുമതലയുള്ള അഹമ്മദാബാദ്-മുംബൈ സെന്‍ട്രല്‍ തേജസ് എക്‌സ്പ്രസ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഓഹരിവില ഉയര്‍ന്നിരിക്കുന്നത്. ആഴ്ചയില്‍ 6 ദിവസം ഓടുന്ന ഈ ട്രെയ്‌നിന്റെ ചുമതല റെയില്‍വേ മന്ത്രാലയം ഐആര്‍സിടിസിക്ക് നല്‍കിയതായി ഈയാഴ്ച ആദ്യമാണ് കമ്പനി പറഞ്ഞത്. ജനുവരി 19 മുതല്‍ ഈ ട്രെയ്‌നിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഓട്ടം തുടങ്ങും. ദില്ലി-ലഖ്‌നൗ തേജസ് എക്‌സ്പ്രസും നിലവില്‍ ഐആര്‍സിടിസി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

റെയില്‍വേ കാറ്ററിംഗ്, ടൂറിസം സേവനങ്ങള്‍, ഓണ്‍ലൈന്‍ ടിക്കറ്റിംഗ്, പാക്കേജുചെയ്ത കുടിവെള്ളം എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് ഐആര്‍സിടിസിയുടെ പ്രധാന ബിസിനസ്സ് കേന്ദ്രീകരിച്ചിരിക്കുന്നത്.. ട്രെയ്‌നുകളില്‍ ഈ സേവനങ്ങള്‍ നല്‍കുന്നതിന് ഇന്ത്യന്‍ റെയ്ല്‍വേയുടെ ഏക അംഗീകൃത സ്ഥാപനമാണിത്. 2019 സെപ്റ്റംബര്‍ 30 ന് അവസാനിച്ച അര്‍ധവാര്‍ഷിക കാലയളവില്‍ ഐആര്‍സിടിസി അറ്റാദായം 14 ശതമാനം വര്‍ധന രേഖപ്പെടുത്തി 172 കോടി രൂപയിലെത്തി.

Comments

comments

Categories: FK News
Tags: IRCTC