വി ഐഡിയ, എയര്‍ടെല്‍ എന്നിവയ്ക്കായി 5ജി പരീക്ഷണങ്ങള്‍ക്ക് തയാറെടുത്ത് വാവെയ്

വി ഐഡിയ, എയര്‍ടെല്‍ എന്നിവയ്ക്കായി 5ജി പരീക്ഷണങ്ങള്‍ക്ക് തയാറെടുത്ത് വാവെയ്

സാംസംഗുമായി ചേര്‍ന്നായിരിക്കും റിലയന്‍സ് ജിയോയുടെ 5ജി പരീക്ഷണം

ന്യൂഡെല്‍ഹി: ഭാരതി എയര്‍ടെലിനും വോഡഫോണ്‍ ഐഡിയയ്ക്കും വേണ്ടി 5 ജി പരീക്ഷണങ്ങള്‍ നടത്താന്‍ ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണ നിര്‍മാതാക്കളായ വാവെയ് തയാറെടുക്കുന്നു. 5 ജി ട്രയല്‍സ് നടത്തുന്നതിന് എയര്‍ടെലും വോഡഫോണും വാവെയ്ക്ക് പുറമെ ഇസഡ്ടിഇ, നോക്കിയ, എറിക്‌സണ്‍ എന്നിവയുമായും ചേരുന്നുണ്ട്. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗുമായി ചേര്‍ന്നായിരിക്കും റിലയന്‍സ് ജിയോയുടെ 5ജി പരീക്ഷണം.
സ്‌പെക്ട്രം ലേലത്തിലേക്ക് നീങ്ങുന്നതിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ 5ജി പരീക്ഷണങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്ലും ഇസഡ്ടിഇയെ പരീക്ഷണങ്ങള്‍ക്കായി നിശ്ചയിക്കാനാണ് സാധ്യത. 5 ജി ട്രയലുകള്‍ക്കായി കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചതായി വ്യവസായ വൃത്തങ്ങള്‍ അറിയിക്കുന്നു.

ചൈനയുടെ ചാരവൃത്തിക്കായി വാവെയുടെ ഇലക്ട്രോണിക്, ടെലികോം ഉപകരണങ്ങള്‍ ഉപയോഗിക്കപ്പെടുമെന്ന് ആരോപിച്ച് കമ്പനിക്ക് യുഎസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. വാണിജ്യ യുദ്ധത്തിന്റെ മൂര്‍ധന്യത്തിലായിരുന്നു ഇത്. തുടര്‍ന്ന് ചൈനീസ് കമ്പനിയെ വിലക്കാന്‍ ഇന്ത്യ ഉള്‍പ്പടെയുള്ള മറ്റ് രാഷ്ട്രങ്ങള്‍ക്കു മേലും യുഎസ് സമ്മര്‍ദം ചെലുത്തി. ഓസ്‌ട്രേലിയയിലും ജപ്പാനിലും കമ്പനിയെ വിലക്കിയിട്ടുണ്ടെങ്കിലും റഷ്യ, തുര്‍ക്കി, സൗദി അറേബ്യ എന്നിവിടങ്ങളില്‍ സ്വാഗതം ചെയ്തു. ഏറെക്കാലത്തെ കൂടിയാലോചനകള്‍ക്കും വ്യാവസായികവും സുരക്ഷാപരവുമായ പരിശോധനകള്‍ക്കും ശേഷമാണ് വാവെയ് ഇന്ത്യയുടെ 5ജി പരീക്ഷണങ്ങളില്‍ ചേരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ഇന്ത്യയുടെ 5ജി പരീക്ഷണങ്ങളില്‍ പങ്കുചേരുന്നതിന് ലോകത്തിലെ എല്ലാ ടെക്‌നോളജി കമ്പനികളെയും സ്വാഗതം ചെയ്യുന്നുവെന്നും വിലക്കുന്നില്ലെന്നുമാണ് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്. എന്നാല്‍ ടെലികോം മേഖലയിലെ സാമ്പത്തിക അന്തരീക്ഷം മോശമായതിനാല്‍ റിലയന്‍സ് ജിയോ ഒഴികെയുള്ള കമ്പനികള്‍ 5ജി വാണിജ്യാടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്നതിന് സജ്ജമല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രായ് ലേലത്തിനായി നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വിലകള്‍ ഏറെ ഉയര്‍ന്നതാണെന്നും തിരുത്തണമെന്നും കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുമേഖലയിലുള്ള ബിഎസ്എന്‍എലിന് ഇനിയും 4ജി വിപുലമായി അവതരിപ്പിക്കാന്‍ സാധിച്ചിട്ടില്ല. കമ്പനിയുടെ പുനരുജ്ജീവനത്തിന് പ്രഖ്യാപിച്ചിട്ടുള്ള പാക്കേജിന്റെ ഭാഗമായി 4ജി സ്‌പെക്ട്രം അനുവദിക്കുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.

Comments

comments

Categories: FK News
Tags: huawei, Huawei 5G