46 കമ്പനി നിയമ ലംഘനങ്ങള്‍ക്ക് കൂടി ശിക്ഷ ഒഴിവായേക്കും

46 കമ്പനി നിയമ ലംഘനങ്ങള്‍ക്ക് കൂടി ശിക്ഷ ഒഴിവായേക്കും

ജനുവരി 31 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ഇതിനായുള്ള ബില്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി: ബിസിനസ് സൗഹൃദ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്താനായി കമ്പനി നിയമപ്രകാരം കുറ്റങ്ങളായി കണക്കാക്കപ്പെടുന്ന 46 വിഷയങ്ങള്‍ കൂടി കുറ്റകരമല്ലാതാക്കുവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം 16 ഓളം നടപടിക്രമങ്ങള്‍ കുറ്റകരമല്ലാതാക്കിയിരുന്നു.

കമ്പനികാര്യ വകുപ്പ് സെക്രട്ടറി ഇന്‍ജേതി ശ്രീനിവാസ് അധ്യക്ഷനായ സമിതിയാണ് 46 ഇനം വീഴ്ചകളിന്മേലുള്ള ശിക്ഷാനടപടികള്‍ നിയമത്തില്‍ നിന്ന് പിന്‍വലിക്കണമെന്ന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പൊതുജന താല്‍പ്പര്യങ്ങളെയോ തട്ടിപ്പുകളെയോ ബാധിക്കാത്ത വിഷയങ്ങളാണ് സമിതി പരിഷ്‌ക്കരണത്തിനായി മുന്നോട്ടുവെക്കുന്നത്. സറ്റാര്‍ട്ടപ്പുകള്‍, ചെറുകിട ബിസിനസുകള്‍, ഒരാള്‍ നയിക്കുന്ന ബിസിനസുകള്‍, വ്യവസായങ്ങള്‍ എന്നിവയ്ക്ക് മേലുള്ള ശിക്ഷാ നടപടികളില്‍ അയവ് വരുത്തണമെന്നും ശുപാര്‍ശയുണ്ട്. ജനുവരി 31 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്ന രീതിയില്‍ ബില്‍ തയാറാക്കാനാണ് മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

ലോകബാങ്ക് പ്രസിദ്ധീകരിക്കുന്ന ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയില്‍ ആദ്യ 50 സ്ഥാനങ്ങള്‍ക്കുള്ളില്‍ എത്തുക എന്നത് മോദി സര്‍ക്കാരിന്റെ ലക്ഷ്യമാണ്. 190 രാജ്യങ്ങള്‍ ഉള്‍പ്പെട്ട 2020 ലെ പട്ടികയില്‍ മുന്‍പത്തേക്കാള്‍ 14 സ്ഥാനം ഉയര്‍ന്ന് 63 ാം സ്ഥാനത്താണ് ഇന്ത്യ. കമ്പനി നിയമത്തിലെ കഠിനമായ മാനദണ്ഡങ്ങള്‍ എടുത്തുകളയുന്നത് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Comments

comments

Categories: Top Stories
Tags: Company law